പ്രിയപ്പെട്ട,
അങ്ങെനെയിനി വിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം, എങ്കിലും,ഒരു കത്ത് തുടങ്ങുമ്പോള്‍ പാലിക്കേണ്ടതുള്ള മര്യാദകളെ പ്രതി മാത്രം,
പ്രിയപ്പെട്ട എന്റെ പൂര്‍വ്വകാമുകിക്ക്,
ഒട്ടേറെയൊന്നും തണുപ്പില്ലാതിരുന്നൊരു ജനുവരിയിലെ ആദ്യ വ്യാഴത്തില്‍ നിന്ന്.
   
              ഒന്‍പതു മാസവും ഇരുപത്തിനാലു ദിവസവും കഴിഞ്ഞിരിക്കുന്നു. മുഴുമിക്കാതെയും, വീണ്ടും തുടങ്ങാതെയും, എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ഒരു അര്‍ദ്ധ വിരാമത്തില്‍ ഞാനും നീയും നമ്മളെ ഉപേക്ഷിച്ചു പോന്നിട്ട്. നീ അവിടെ നിന്നും നടന്നു നീങ്ങിയെന്നറിയാം, പക്ഷേ, ഞാന്‍ അവിടെത്തന്നെ കാത്തു നില്ക്കുകയായിരുന്നു. ഒരു വ്യര്‍ത്ഥ രൂപകത്താല്‍ പോലും ആരും അടയാളപ്പെടുത്താതിരുന്ന വര്‍ണ്ണങ്ങളായിരുന്നു നമ്മള്‍ എന്ന് ആവര്‍ത്തിച്ചു പറഞ്ഞുറപ്പിച്ചിട്ടു കൂടി, നീ നടന്നു നീങ്ങിയിടത്തു തന്നെ ഞാന്‍ പറ്റിപ്പിടിച്ചു കിടന്നു; മഠയന്മാര്‍ക്ക് എന്താണു ചെയ്തുകൂടാത്തത് !!

               ഒരു വെള്ളിയാഴ്ച വൈകുന്നേരം, പദ്മയില്‍ സിനിമ കാണാന്‍  ടിക്കറ്റിന് കാത്തു നില്‍ക്കുമ്പോഴാണ്എട്ടു ദിവസങ്ങള്‍ക്കപ്പുറം നമ്മള്‍ പിരിഞ്ഞ വിവരം നിന്റെ കൂട്ടുകാരി പറഞ്ഞ്ഞാനറിയുന്നത്. തിയ്യറ്ററിന്റെ ഒന്നാം നിലയില്‍ നിന്ന്, വെള്ളിയാഴ്ചത്തിരക്കിലൂടെ പകലില്‍ നിന്നും രാത്രിയിലേക്കോടുന്ന വണ്ടികളെയും നോക്കിക്കൊണ്ട് കാപ്പി മൊത്തിക്കുടിച്ച് ഫോണ്‍ ചെവിയില്‍ വച്ച് പ്രണയനഷ്ടത്തിന്റെ തികച്ചും വ്യത്യസ്ഥമായൊരു കാഴ്ച ഞാന്‍ കണ്ടു നിന്നു. സ്വയം നായകനാകുന്ന കഥകള്‍, വളരെ വിരസമാണെന്നിരിക്കിലും, ചില കഥകള്‍ നാം പറഞ്ഞു തീര്‍ക്കുക തന്നെ വേണം.

                  സിനിമ തുടങ്ങിയ ശേഷം നിന്റെ കൂട്ടുകാരി വീണ്ടും വിളിച്ചിരുന്നു, ഞാന്‍ അബദ്ധമൊന്നും കാണിച്ചിട്ടില്ലല്ലോ എന്നറിയാന്‍. ഇല്ലെന്നു പറഞ്ഞു ചിരിച്ചുകൊണ്ട് കോള്‍ ഡിസ്കണക്റ്റ് ചെയ്തു. വാഷ് റൂമില്‍ പോയി, ഒരു സിഗരറ്റു കത്തിച്ചു. കരയാന്‍ ശ്രമിച്ചു, - പരാജയപ്പെട്ടു, - തിരിച്ചു സീറ്റില്‍ വന്നിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരി സിനിമയില്‍ മുഴുകിയിരിപ്പായിരുന്നു, അവളുടെ കൈ പിടിച്ച് കുറച്ചുനേരം സ്ക്രീനിലേക്കു നോക്കിയിരുന്നു. പിന്നെ കണ്ണടച്ച്, ചാരിക്കിടന്നു കരഞ്ഞു. അന്ന്, അപ്പോള്‍, അവിടെവച്ചു തന്നെ, മരിച്ചുപോകണമെന്ന് വെറുതെ വെറുതെ മോഹിച്ചുകൊണ്ടിരുന്നു...

              പാതിരാത്രിയോടടുത്ത്, ആ  കൂട്ടുകാരിയെ ബസ്സു കേറ്റി വിട്ട ശേഷം, റൂമിലേക്കു തിരിച്ചു. പലപ്പൊഴും കണ്ണീരില്‍ തട്ടി വന്ന വെളിച്ചം കാഴ്ച മറച്ചു, അതു കൂട്ടാക്കാതെ തന്നെ തുടര്‍ന്നും വണ്ടിയോടിച്ചു. മുഴുവന്‍ ലോകത്തോടും വാശി തീര്‍ത്ത് ബോധം കെട്ടുറങ്ങിയ ആ രാത്രിയില്‍, എപ്പൊഴോ കണ്ടൊരു സ്വപ്നമാണ് നിന്നെക്കുറിച്ചുള്ള എന്റെ അവസാനത്തെ ഓര്‍മ്മ. (അതൊരിക്കലും മങ്ങാതിരിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.)

                പിന്നെയിതുവരെ നമ്മള്‍ കണ്ടിട്ടില്ല. ഒന്നും മിണ്ടിയിട്ടുമില്ല. നീ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന്, നീ തികച്ചും പ്രാധാന്യമര്‍ഹിക്കാത്ത മറ്റൊരു പെണ്‍കുട്ടി മാത്രമാണെന്ന്, നീ ഏതൊരാണിനും പറ്റിയേക്കാവുന്ന വെറുമൊരബദ്ധം മാത്രമാണെന്ന്, തുടങ്ങി, വിശ്വസിക്കാന്‍ പ്രയാസമുള്ള പല നുണകളും സ്വയം ആവര്‍ത്തിച്ച് കുറേ രാത്രികളിലെങ്കിലും ഞാന്‍ ഉറങ്ങാതെ സ്വപ്നം കണ്ടിരുന്നു. ഇപ്പോള്‍ തോന്നുന്നു, ഒന്നും മിണ്ടാതെ, ഒന്നും ഒന്നും അറിഞ്ഞതായിപ്പോലും ഭാവിക്കാതെ മിണ്ടാതിരുന്നത് നന്നായെന്ന്, ആരെയും ആരെയും ബാധ്യതകള്‍ ഏല്‍പ്പിക്കാതെ, എന്നെങ്കിലുമൊരിക്കല്‍ സംഭവിച്ചേക്കാവുന്ന വിലക്ഷണമായൊരു സംഭാഷണം പോലും ഒഴിവാക്കിയതിന് ഞാന്‍ തീര്‍ച്ചയായും നിന്നെ അഭിനന്ദിക്കുന്നു. നീ തികച്ചും മിടുക്കിയാണ്. നിനക്കു നല്ലതു വരട്ടെ.


              പിന്നെയങ്ങോട്ട് ഒന്‍പതു മാസങ്ങളില്‍, ഒരാള്‍ ജീവിതം എങ്ങനെയൊക്കെ ജീവിക്കുവാന്‍ പാടില്ല എന്നു പഠിക്കുകയായിരുന്നു ഞാന്‍. (അതുമുഴുവന്‍ പറയാന്‍ സമയമില്ല, പെട്ടന്നെടുത്തൊരു തീരുമാനമാണ് ഇങ്ങനെയൊരു കത്തെഴുതി വയ്കാമെന്നത്. പിന്നെ, നിനക്കറിയാത്തതല്ലല്ലോ, എന്റെ മടി..)

                      കുറേക്കാലത്തിനു ശേഷം, ഇന്നു വീണ്ടും നിന്നെക്കുറിച്ച് ഓര്‍ത്തു.  ഒരിക്കല്‍ പോലും കേള്‍ക്കാതെ, ഓരോ കൂതറ സെന്റിമെന്റ്സിന്റെ പേരില്‍ മാത്രം ഫോണില്‍ കൊണ്ടു നടന്നിരുന്ന കുറേ പന്ന പാട്ടുകള്‍ ഇന്നു ഞാന്‍  മായ്ച്ചു കളഞ്ഞു. ഇനി അബദ്ധത്തില്‍ എങ്ങാനും അവ play ആയിപ്പോയാല്‍ പെട്ടന്നു പാന്റ് പോക്കറ്റില്‍ നിന്നും ഫോണ്‍ വലിച്ചെടുത്ത് next അടിക്കണ്ട, ചുറ്റുമുള്ളവരെല്ലാം എന്നെ നോക്കുന്നുവെന്നോര്‍ത്ത് തല കുനിച്ചിരിക്കേണ്ട, വെറുതെ വെറുതെ സങ്കടപ്പെടേണ്ട, അല്പസമയം കഴിഞ്ഞ്, ഒരു ദീര്‍ഖനിശ്വാസത്തിനെ പിന്‍തുടര്‍ന്ന് കണ്ണുകള്‍ തുടയ്ക്കേണ്ട, ദൂരെ ദൂരേക്ക് നോക്കി ഒറ്റയ്ക്കിരിക്കേണ്ട, ഒന്നും, ഒന്നും വേണ്ട...
ഇനിയൊരിക്കലും ഒരുമിച്ചു കേള്‍ക്കാനിടയില്ലാത്ത പാട്ടുകളും, ഒരുമിച്ചു കാണാനിടയില്ലാത്ത സ്വപ്നങ്ങളുമെല്ലാം, മാഞ്ഞു മാഞ്ഞു പോകുന്നതു തന്നെയാണു നല്ലതെന്നു തോന്നി.
ഓര്‍മ്മകളെയൊന്നും ഒരു shift+del അടിച്ചു കളയാന്‍ പറ്റില്ലെന്ന് അറിയാഞ്ഞിട്ടല്ല. പ്ലേറ്റുകളും കണ്ണാടിച്ചില്ലുകളുമല്ലേ നമ്മുടെ ഭ്രാന്തന്മാര്‍ എല്ലാ സിനിമകളിലും തല്ലിപ്പൊട്ടിച്ചിരുന്നത്...


              ഇന്നേക്ക് ഇരുനൂറ്റിത്തൊണ്ണൂറ്റിയെട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ഗുഡ് ബൈ എന്നൊരവസാന വാക്കു പോലും പറയാതെ നമ്മള്‍ മിണ്ടാതിരിക്കുവാന്‍ തുടങ്ങിയിട്ട്. ഒരു വാക്കു പോലും മിണ്ടാതെ, ഒന്നു മുഖത്തു പോലും നോക്കാതെ, പരസ്പരം നിലനില്‍പിന്റെ അവസാന കണികപോലും അര്‍ത്ഥശൂന്യമായിപ്പോയെന്നു വിശ്വസിച്ച്തീര്‍ത്തും വ്യത്യസ്തമായ നമ്മുടെ ജീവിതങ്ങള്‍ സ്വയം ജീവിച്ചു തീര്‍ക്കുവാന്‍ തുടങ്ങിയിട്ട്.
സ്വയം എഴുതിച്ചേര്‍ക്കപ്പെട്ട വസ്തുതകളെ അവിശ്വസിക്കുന്നതിന്റെ അര്‍ത്ഥശൂന്യതയെ പ്രതി മാത്രം, ജലരേഖകള്‍ രേഖപ്പെടുത്തിയ മറ്റൊരു പ്രണയകഥ മാത്രമായിരുന്നു നമ്മുടേതെന്ന് ഇന്നു ഞാന്‍ മനസ്സിലാക്കുന്നു. വൈകിയ വേളയെങ്കിലും, ഞാനും നടന്നു നീങ്ങുന്നു. (അല്ലാതെ നൂറു കൊല്ലം നിന്റെ പേരും പറഞ്ഞ് താടി വളര്‍ത്തി കഞ്ചാവും വലിച്ചു നടക്കണോ? ഓ, പറ്റത്തില്ല പെണ്ണേ..:-/ )


                 ഇവിടെ നിന്ന് എഴുന്നേറ്റാല്‍, ചെവിയില്‍ ഹെഡ്ഫോണ്‍ കുത്തിവെച്ച്, എനിക്കുമാത്രം ഇഷ്ടമുള്ള പാട്ടുകള്‍ കേട്ട്, ഞാനെന്റെ കട്ടിലില്‍ ചെന്നു മലര്‍ന്നു കിടക്കും.
മേല്‍ക്കൂരയിലെ ഓടുകളിലേക്കു നോക്കി, പതുക്കെപ്പതുക്കെ, കൂടെപ്പാടും.
വളരെ സ്വസ്ഥനായി, സന്തോഷവാനായി കിടന്നുറങ്ങും.
ഈ എഴുത്ത് ആരെങ്കിലുമൊക്കെ നിനക്ക് എത്തിച്ചേക്കും. പക്ഷേ, ഇതു വായിച്ചാലുമില്ലെങ്കിലും, നീ ഇനി എന്റെ വീട്ടിലേക്കു വരണ്ട.

ഇതെഴുതി തുടങ്ങും മുന്‍പേ മുറിച്ചു വച്ച ഇടതു കൈത്തണ്ടയാണേ‌ സത്യം, ഞാനും വരില്ല.

19 Comments:

 1. Minesh R Menon said...
  വാക്കുകള്‍ക്കു കരള്‍ കൊത്തിപ്പറിക്കാനാവുമോ? ആവുമെന്ന് ഇത് വായിച്ചപ്പോള്‍ തോന്നി.നല്ല എഴുത്ത് (ഓഫ്‌:: : പോയിരുന്നു പഠിക്കെടാ ചെറുക്ക )
  kunthampattani said...
  ഒരു നൊമ്പരം അവശേഷിക്കുന്നു, വായിച്ചു കഴിഞ്ഞപ്പോള്‍... (പരീക്ഷാക്കാലത്ത് ആണല്ലോ
  നല്ല കഥകള്‍ ജനിക്കുന്നത്, ല്ലേ...)
  junaith said...
  "ഒരിക്കല്‍ പോലും കേള്‍ക്കാതെ, ഓരോ കൂതറ സെന്റിമെന്റ്സിന്റെ പേരില്‍ മാത്രം ഫോണില്‍ കൊണ്ടു നടന്നിരുന്ന കുറേ പന്ന പാട്ടുകള്‍ ഇന്നു ഞാന്‍ മായ്ച്ചു കളഞ്ഞു. ഇനി അബദ്ധത്തില്‍ എങ്ങാനും അവ play ആയിപ്പോയാല്‍ പെട്ടന്നു പാന്റ് പോക്കറ്റില്‍ നിന്നും ഫോണ്‍ വലിച്ചെടുത്ത് next അടിക്കണ്ട, ചുറ്റുമുള്ളവരെല്ലാം എന്നെ നോക്കുന്നുവെന്നോര്‍ത്ത് തല കുനിച്ചിരിക്കേണ്ട"

  കുറച്ചുനാൾ മുൻപ് ഈ സ്റ്റാറ്റസ് കണ്ടപ്പോൾ ഞാൻ കരുതിയതാ ഇങ്ങനെയൊരു സാധനം എപ്പോഴെങ്കിലും വരുമെന്ന്... സംഗതി, എഴുത്ത് അർമാദമായി മത്താപ്പേ..
  Njan Gandharvan said...
  ഞാനൊന്നും പറേണില്ല, പറഞ്ഞാ കൂടിപ്പോവും ;-))
  ആശംസകൾ!!!!
  animesh xavier said...
  എഴുത്ത് കൊള്ളാം.
  ഒരു കൊല്ലത്തോളം... ഹും.
  Manoraj said...
  മത്താപ്പേ.. നിനക്ക് എഴുതാനേ അറിയൂ.. എഴുതാന്‍ മാത്രം.. അസൂയ തോന്നുന്ന എഴുത്ത്. ഒന്നുമില്ലാത്ത ഒരു വിഷയത്തെ മനോഹരമാക്കിയതുകൊണ്ട്. ഇതിലേറെ ഇവിടെയെന്തെങ്കിലും ഞാന്‍ എഴുതിയാല്‍ / പറഞ്ഞാല്‍ വെറും പുറംചൊറിയല്‍ എന്ന് പരിഹസിക്കപ്പെടും എന്നത് കൊണ്ട് എനിക്കും നിനക്കുമിടയില്‍ പുറം ചൊറിയലുകള്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടും ഇത്രയും പറഞ്ഞ് നടന്നു നീങ്ങട്ടെ.. മുറിക്കാതെ വച്ചിരിക്കുന്ന വലത്തെ കൈകൊണ്ട് നീ ഇനിയും എഴുതുക. കുത്തിപൊട്ടിക്കാത്ത കണ്ണുകള്‍ കൊണ്ട് ഞാന്‍ വായിക്കാന്‍ ശ്രമിക്കാം :)
  Neema Rajan said...
  മത്താപ്പേ! ബന്ധം അറുത്തിട്ട ആ കാമുകി പാഠപുസ്തകമല്ല എന്ന് കരുതട്ടെ.. ;-))))))))

  ഇനിയുംമിനിയും ഒരുപാട് ഭംഗിയായി എഴുതാന്‍ ആശംസിക്കുന്നു... :-))
  Anu Warrier said...
  അവസാനത്തെ വരിയിലാടാ എല്ലാം... അതില്ലാരുന്നേ ഇത് വേറെന്തോ ആയേനെ..
  abith francis said...
  പ്രിയപ്പെട്ട മത്താപ്പിനു...

  ഏകദേശം ഒന്നര വര്‍ഷത്തോളം ആയി ഒരു ബ്ലോഗിന്റെ പരിസരത്തുകൂടെ എങ്കിലും പോയിട്ട്... സ്വന്തം എന്ന് പറയപ്പെടുന്ന ആ സാധനം ഉള്‍പ്പെടെ.. നാട്ടിലെത്തി കറങ്ങി തിരിഞ്ഞ വഴിക്ക് ആദ്യം വന്നത് ദാണ്ടേ ഇങ്ങോട്ട...
  പക്ഷെ നീ എന്നെ ചതിച്ചു...പണ്ട് എപ്പോളോ പാതിവഴിയില്‍ ഞാന്‍ മറന്നു പോയ എന്നെ നീ വീണ്ടും ഓര്‍മിപ്പിച്ചു...ആ പഴയ പാട്ടുകളൊന്നും എന്റെ ഫോണില്‍ തിരിച് സ്ഥാനം പിടിക്കരുതെ എന്നൊരു പ്രാര്‍ത്ഥനയെ ഒള്ളു... പൊളിച്ചു അളിയാ..സംഭവം ക്ലാസ്സ്‌..
  ponman said...
  ഓര്‍മ്മകളെയൊന്നും ഒരു shift+del അടിച്ചു കളയാന്‍ പറ്റില്ലെന്ന് അറിയാഞ്ഞിട്ടല്ല

  ഇതൊന്നും പെട്ടെന്നൊരു ദിനം ബന്ധം അവസാനിപ്പിച്ചു പോകുന്നവര്‍ക്കറിയണ്ടല്ലോ ....പാതി വഴിയില്‍ ഒറ്റയ്ക്കാവുന്നവന്റെ നൊമ്പരം എത്ര വര്ഷം കഴിഞ്ഞാലും ഒരു നീറ്റലായി മനസ്സില്‍ അവശേഷിക്കും
  ponman said...
  ഇനിയൊരിക്കലും ഒരുമിച്ചു കേള്‍ക്കാനിടയില്ലാത്ത പാട്ടുകളും, ഒരുമിച്ചു കാണാനിടയില്ലാത്ത സ്വപ്നങ്ങളുമെല്ലാം, മാഞ്ഞു മാഞ്ഞു പോകുന്നതു തന്നെയാണു നല്ലതെന്നു തോന്നി.
  ഓര്‍മ്മകളെയൊന്നും ഒരു shift+del അടിച്ചു കളയാന്‍ പറ്റില്ലെന്ന് അറിയാഞ്ഞിട്ടല്ല


  ഇതൊന്നും പെട്ടെന്നൊരു ദിനം ബന്ധം അവസാനിപ്പിച്ചു പോകുന്നവര്‍ക്കറിയണ്ടല്ലോ ....പാതി വഴിയില്‍ ഒറ്റയ്ക്കാവുന്നവന്റെ നൊമ്പരം എത്ര വര്ഷം കഴിഞ്ഞാലും ഒരു നീറ്റലായി മനസ്സില്‍ അവശേഷിക്കും
  Stultus said...
  :)
  R. said...
  പെര്ത്ത് ഇഷ്ടപ്പെട്ടു, ദിലീപേ!
  Anonymous said...
  ഉള്ള് വല്ലാതെ പൊള്ളുന്നു.....:-(
  jayanEvoor said...
  മനോഹരമായ എഴുത്ത് മത്താപ്പ് കുട്ടപ്പാ!

  അഭിനന്ദനങ്ങൾ!
  ajesh p k said...
  നമ്മള്‍ നേരിട്ട് കണ്ടിട്ടുണ്ട്,,പക്ഷ അന്ന് ഇത്രേം നിരീച്ചില്ല ,,, താനൊരു ഭീകരനാണെന്നു :) .എഴുത്ത് വളെരെ നന്നായിട്ടുണ്ട് ..ഇതിലെ ചില സംഭവങ്ങള്‍ എന്റെ ജീവിതതിലുടെയും കടന്നു പോയിട്ടുണ്ട്.സുഹൃത്തെ എഴുത്ത് ഇനിയും തുടരുക ആശംസകള്‍...
  റോസാപൂക്കള്‍ said...
  കഥ അവസാനിപ്പിച്ച രീതിക്ക് നൂറു മാര്‍ക്ക്‌
  Aparichithan... said...
  Shurthe.. daivathinte kaiviralukal ninte nerukayil inyum thodatte.. Athmakkalku parayaan kazhyanja kadhakal ninniloode janikkatte..
  Anonymous said...
  good one..:)

Post a CommentNewer Post Older Post Home