ഇരുട്ടും മുന്‍പെത്തണം
ഇരുട്ടും മുന്‍പെത്തണമെന്നോര്‍ത്തു നടപ്പാണ്.
വീട്ടില്‍
ഉറങ്ങും മുന്‍പെത്തും
ഉറങ്ങും മുന്‍പെത്തും എന്നോര്‍ത്തിരിപ്പുണ്ട്,
എന്റെ മക്കള്‍

തുറക്കുന്തോറും അടഞ്ഞുകൊണ്ടിരിക്കുന്നൊരു പുസ്തകത്തില്‍
അവസാനമെഴുതുവാനും
എഴുതാതിരിക്കുവാനും സാധ്യതയുള്ളൊരു
കഥ പറഞ്ഞുറക്കാന്‍, 
അച്ഛന്‍ ഇപ്പൊഴെത്തും
ഇപ്പൊഴെത്തും എന്നോര്‍ത്തിരിപ്പുണ്ട്,
എന്റെ പൊന്നു മക്കള്‍
 
കാക്കേം കുറുക്കനും കുറുക്കന്റമ്മേം കൂടി
പെരുമ്പിലാവ് ചന്തക്ക് പോയ കഥ
അവനാന്റെ തന്തേടെ വായീന്ന് തന്നെ കേള്‍ക്കാന്‍
കണ്ണും തുറുപ്പിച്ച്,
ചെവിയും കൂര്‍പ്പിച്ചിരിപ്പുണ്ട്,
നായിന്റെ മക്കള്‍

ഉറങ്ങും മുന്‍പ് പറഞ്ഞു തീരില്ലെന്നോര്‍ത്ത്
മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിട്ട കഥകളെല്ലാം
പ്ലാവിന്റെ കൊമ്പില്‍ കൂട്ടി വെച്ച്
മുണ്ടഴിച്ച് അച്ഛന്‍ തൂങ്ങിച്ചത്തതറിയാതെ,
ഉറക്കം തൂങ്ങി, കഥയും നോക്കിയിരിപ്പാണ്
എന്റെ കുഞ്ഞു മക്കള്‍.
എന്റെ മണിമുത്തുകള്‍...

8 Comments:

  1. NiKHiL | നിഖില്‍ said...
    അങ്ങോരെ ആത്മഹത്യക്കേണ്ടിയിരുന്നില്ല.
    :(
    Vinodkumar Thallasseri said...
    അതെ ഒരു കാരണവുമില്ലാതെ....
    kunthampattani said...
    പാവം മനുഷ്യന്‍ !!!!
    "ഉറങ്ങും മുന്‍പ് പറഞ്ഞു തീരില്ലെന്നോര്‍ത്ത്
    മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിട്ട കഥകളെല്ലാം
    പ്ലാവിന്റെ കൊമ്പില്‍ കൂട്ടി വെച്ച്
    മുണ്ടഴിച്ച് അച്ഛന്‍ തൂങ്ങിച്ചത്തതറിയാതെ,
    ഉറക്കം തൂങ്ങി, കഥയും നോക്കിയിരിപ്പാണ്
    എന്റെ കുഞ്ഞു മക്കള്‍"

    ഈ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു
    Unknown said...
    പൊന്നുമക്കള്‍, മണിമുത്തുകള്‍, നായിന്റെ മക്കള്‍....... ആ അച്ഛന്‍ ചത്തപ്പോഴും കണ്ണടച്ചിട്ടുണ്ടാവില്ല...
    Avaneeth said...
    ഇഷ്ടപ്പെട്ടു...
    Unknown said...
    നന്നായിട്ടുണ്ട്.
    വെള്ളിക്കുളങ്ങരക്കാരന്‍ said...
    നന്നായിരിക്കുന്നു ...
    ഓലപ്പടക്കം said...
    :-)

Post a Comment



Newer Post Older Post Home