തമ്മിലുള്ള കെട്ടുകൾ പൊട്ടിപ്പോയ ഒരു പ്രണയം, ഒരു പുതുമഴ, ഒരു ഞായറാഴ്ച.
Posted by മത്താപ്പ് at 2:00 AMരാവിലെ സീനേച്ചിയുടെ മെസേജ് കണ്ടു, “മത്താപ്പേ, സൈക്കിൾ റാലിക്ക് കാണൂല്ലേ?“.
രാവിലെത്തന്നെ ഏറിയ മടുപ്പും വീട്ടിലിരിക്കാനുള്ള മടിയും തൃശ്ശൂരെന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു.
മിഥുവിനും പ്രിനുവേട്ടനും, “എന്താ പരിപാടി?” എന്നും ചോദിച്ച് മെസേജയച്ച്, നേരെ വണ്ടിയും എടുത്ത് തൃശ്ശൂർക്ക്.
അക്കാദമിയുടെ മുന്നിൽ ചെന്നു, വണ്ടിയൊതുക്കി, മൊബൈലെടുത്തു നോക്കി.
മിഥുവിന്റെ മറുപടി വന്നിരുന്നു, അവൾ ഇന്ന് വീട്ടീന്ന് പുറത്തിറങ്ങണില്യാ എന്ന്.
പ്രിനുവേട്ടൻ വർക്കിൽ ആണെന്നും.
“ടൌണിലുണ്ടോ“ എന്നും ചോദിച്ച് സീനേച്ചിക്ക് ഒരു മെസേജ് കൂടി അയച്ചു,
മറുപടിക്ക് കാത്തിരുന്നു.
--
അതേ സമയം, സുന്ദരിയായ ഒരു പെൺകുട്ടി എന്നെ കടന്ന് അക്കാദമി വളപ്പിലേക്കു നടന്നു.
വെള്ളയിൽ ഇളം നീല പൂക്കളുള്ള ചുരിദാറിൽ അവൾ പലതും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
ആ മുഖം ഒന്നു
എന്റെ കാലുകൾക്ക് യോജിക്കാത്തവണ്ണം വേഗത്തിൽ നടന്നകന്നവളുടെ മുഖം, ഒരിക്കൽ, ഒരിക്കൽ
ഒരിക്കൽ കൂടി അവളുടെ മുഖം കണ്ടിട്ടെന്താണ്?
ഒന്നുമില്ല.
എങ്കിലും വെറുതെയൊന്നു കാണണം എന്നു മോഹിച്ച്, ഞാൻ നടന്നുകൊണ്ടിരുന്നു.
--
നടക്കുന്നതിനിടയിൽ ലൂയിസേട്ടനെ കണ്ടു (ലൂയിസ് പീറ്റർ - കവി) ഒരുമ്മ എറിഞ്ഞു കൊടുത്തു തിരിച്ചൊന്നു മേടിച്ചു, കീശയിലിട്ടു. സുന്ദരിയെ വിട്ട് അങ്ങേരുടെ അടുത്തേക്കു നടക്കുമ്പോൾ സീനേച്ചി തിരിച്ചു വിളിച്ചു, കൂടെ സൂരജ് ഉണ്ടെന്നു പറഞ്ഞു. സൂരജിനു ഫോൺ കൊടുത്തു. സംസാരിച്ചു.
സൂരജ് കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ സീനേച്ചിയെ കാണാനുള്ള ആശയം ഉപേക്ഷിച്ച്, സിനിമക്ക് കേറാമെന്ന് ഉറപ്പിച്ചിരുന്നു ഞാൻ. പ്രിഥ്വിരാജിന്റേം ശശികുമാറിന്റേം പുതിയ പടം, മാസ്റ്റേഴ്സ്.
--
ഒരു കൂട്ടുകാരി ഒരിക്കൽ പറഞ്ഞതാണ്.
“ചിലർ അങ്ങിനെയാണ്,
നമ്മളെയൊഴിവാക്കി,
നാം ഇഷ്ടപ്പെടുന്നവരുടെ മാത്രം ഇഷ്ടക്കാരാകും.
നമുക്കൊരിക്കലും ഇഷ്ടപ്പെടാൻ കഴിയാത്തവണ്ണം
നമ്മെയോ അവനവനെ തന്നെയോ
മാറ്റിക്കളയും.“
--
ബാൽക്കണി ടിക്കറ്റ് - 50 രൂപ നഷ്ടം എന്നത് തീർച്ചയായപ്പോൾ, പെട്ടന്ന് ഇപ്പോൾ രണ്ട് കോടി രൂപേം ഇന്നോവ കാറും ലോട്ടറി അടിച്ചാൽ അതുവച്ച് ഞാൻ എന്തൊക്കെ ചെയ്യുമെന്ന് ആലോചിച്ചുകൊണ്ടിരുന്നു. ഏതു വഴിക്ക് നോക്കിയാലും ആ സിനിമയേക്കാൾ ഭേദം സ്വയം മലർപ്പൊടിക്കാരനാകുന്ന തമാശയായിരുന്നു.
ഇന്റെർവെൽ ആയപ്പോൾ സീനേച്ചിക്ക് മെസേജയച്ചു, “പടം മൂഞ്ചി. ഇപ്പഴും ത്രിശ്ശൂരിണ്ടാ? 3 മണിക്കാ പോണേ?”.
മറുപടിക്കു ഫോൺ വിളിച്ചു, “ മത്താപ്പേ, ട്രെയിൻ വന്നു, ഞാൻ 1 മണി ടെ ട്രെയിനിനു തന്നെ പോവാ ട്ടോ, 2 ദിവസം കഴിഞ്ഞിട്ട് പിന്നേം വരും, അപ്പൊ കാണാം“ ന്ന്
പിന്നെയും സിനിമയുടെ ബാക്കി സഹിക്കാനായി എന്നെ വിട്ടുകൊടുത്ത തിയ്യറ്ററിനുള്ളിൽ കയറി.
പ്രിനുവേട്ടന് മെസേജയച്ച് ചോദിച്ചു, “എവിടാ ഷൂട്ട്?, എപ്പഴാ തീരാ?“ .
“വിലങ്ങൻ കുന്നിലാണ്, നീ ഇങ്ങട് പോരേ പോരുമ്പൊ സിഗരറ്റും കൊണ്ടൊന്നോളോ ട്ടാ” എന്ന് മറുപടി.
എന്നാപ്പിന്നെ ബാക്കി സിനിമ ശ്രദ്ധിച്ച് കണ്ട് അത്രയും പാപം കൂടി തീർക്കാം എന്ന് വെച്ച്, സ്ക്രീനിലേക്ക് ശ്രദ്ധിച്ചപ്പോഴാണ്, ഒരു കൂട്ടുകാരി ചാറ്റ് ചെയ്യാൻ വന്നത്. സിനിമയുടെ അടുത്ത പകുതി അവൾ കൊണ്ടുപോയി.
സിനിമ കഴിഞ്ഞിറങ്ങി, അക്കാദമിയിൽ മിശ്രവിവാഹിതരുടെ സമ്മേളനം.
കയറി നോക്കാമെന്നോർത്തു, വേണ്ടെന്നു വെച്ചു, വിലങ്ങൻ കുന്നിലേക്ക് വണ്ടിയെടുത്തു.
--
പൊളിഞ്ഞു കിടക്കുന്ന, വളവും തിരിവുകളും യഥേഷ്ടമുള്ള, വീതി കുറഞ്ഞ ടാർറോഡ്. ഓരോ കൊടും വളവിലും, എന്തുകൊണ്ടോ, വണ്ടിയുടെ വേഗത കൂട്ടുവാനാണ് തോന്നിയത്. :-/
ഓരോ നിമിഷവും, താഴെ, വളരെ വളരെ താഴെ, ചെന്നടിച്ചു വീണു ചിതറുന്ന എന്നെത്തന്നെ മനുഷ്യന്റെ സ്വപ്രകൃതമായ ആർത്തിയോടെ ഞാൻ കണ്ടുകൊണ്ടിരുന്നു.
ഓരോ തവണയും “അടുത്ത, ഏറ്റവുമടുത്ത അവസരത്തിൽ തന്നെ ഞാൻ.. “ എന്ന് അപൂർണമായൊരു വാചകം തന്നെത്താൻ പറഞ്ഞുകൊണ്ടിരുന്നു.
സ്വയം, തനിക്ക് വായ്ക്കരിയിടാതെ മരിച്ചു പോയ, ദഹിപ്പിക്കാൻ പ്രായമാകാത്ത മകന്റെ തലയ്ക്കലിരുന്ന്, ഇരുപതു വർഷങ്ങളിൽ നടന്നതൊക്കെയും എണ്ണിയെണ്ണി കരയുന്ന അമ്മയെ ഓർത്തുകൊണ്ടിരുന്നു.
--
വിലങ്ങൻ കുന്നിനു മുകളിലെ ലൊക്കേഷനിൽ ഋഷിയുടെ ഷോർട്ട്ഫിലിം ഷൂട്ടിങ്ങ് തകൃതിയായി നടക്കുന്നു. ഇന്നത്തോടെ ഷൂട്ട് തീർക്കണം. ആകെയുള്ള നാല്പതു ഷോട്ടിൽ, ഇന്നലെയും ഇന്ന് ഉച്ച വരേയും ആയി എടുത്തത് ആകെ പന്ത്രണ്ട് ഷോട്ടുകൾ.
പകുതിക്ക് ചെന്നതുകൊണ്ട്, അതുവരേയും ആളില്ലാതിരുന്നൊരു പണി കയ്യിൽ വച്ച് തന്നു. വർക്കിങ്ങ് ആൻഡ് ലൊക്കേഷൻ സ്റ്റിത്സ് കാപ്ചർ ചെയ്യൽ. ആസ്വദിച്ച് ചെയ്യുന്നൊരു പണി.
വൈകീട്ട് എട്ടിന് പാക്കപ്പ് ആവുന്നത് വരേക്കും ഏകദേശം 200 സ്റ്റിത്സ്. പ്രിനുവേട്ടനും സുമേഷും ശ്രീരാഗും രോഹനും സ്വാതിയും ഋഷിയും ഒക്കെയായി അർമാദിച്ച ഒരു ഷൂട്ട്, ആസ്വദിച്ച കുറേ മണിക്കൂറുകൾ...
--
കഴിഞ്ഞിറങ്ങിയപ്പോൾ മഴ തൂളുന്നുണ്ടായിരുന്നു.
“വണ്ടി നീയെട്ക്കണ്ട, ഞാനെടുക്കാടാ” - പ്രിനുവേട്ടൻ വണ്ടി എടുത്തു.
മഴ കൂടി.
അമല ആശുപത്രിക്കടുത്ത് എത്തിയപ്പോഴേക്കും തുള്ളിക്കൊരു കുടം മഴ.
ഒരു വേനൽക്കാലത്ത് ജനൽ തുറന്നിട്ടാൽ കാണുന്ന പാടത്തെ മഴ കണ്ടു കണ്ട്,
ഉമ്മകളുടെ മഴകൊണ്ടെന്ന നനച്ചിരുന്ന ഒരുവളെ മറക്കാതെ,
വീണ്ടും വീണ്ടും ഗാഢമായോർമ്മിച്ച്,
വഴിയരികിൽ, ആ മഴ കണ്ടിരുന്നു.
ഒന്നര മണിക്കൂറിനു ശേഷം,യാത്ര തുടർന്നപ്പോൾ പ്രിനുവേട്ടനോട് പറഞ്ഞു, “പ്രിന്വേട്ടോ, ഇന്ന് ചെന്നിട്ട് ഞാൻ എന്തെങ്കിലും എഴുതും. എന്താന്നറിയില്ല, നല്ല മൂഡ്. ഒരു കൊല്ലം മുൻപെ, ഇതേപോലെ ഒരു യാത്രയുണ്ടായിരുന്നു. മഴയെ എന്നേക്കാളേറെ ഇഷ്ടപ്പെട്ടിരുന്ന ഒരുവളോടൊപ്പം. എനിക്ക് അതിനെ പറ്റി എഴുതണം.“
“അത്പ്പെന്താടാ നെനക്ക് ഇന്നത്തെ നമ്മടെ യാത്രേ പറ്റീട്ട് എഴുതിക്കോടേ? ഇദ്ദ് പോരേ എഴ്താൻ??”
മറുപടി പറഞ്ഞില്ല.
മനസ്സിൽ ഇതായിരുന്നു.
“ഇന്നെനിക്ക് എഴുതാൻ തോന്നുന്നത് പ്രണയത്തെ പറ്റിയാണ് അഥവാ, ഇന്നും എനിക്കെഴുതുവാൻ തോന്നുന്നത് പ്രണയത്തെ പറ്റി മാത്രമാണ്.”
നനഞ്ഞു കുതിർന്ന റോഡിൽ, മഞ്ഞവെളിച്ചത്തിൽ, വണ്ടി പിന്നെയുമോടി.
ഇരുവരും അവരവരുടേതു മാത്രമായ സ്വപ്നങ്ങളിൽ അഭിരമിച്ചു.
ശേഷം,
ഒറ്റയ്ക്ക്,
തോർന്ന മഴക്കാറ്റിലൂടെ, വീട്ടിലേക്ക്.
ഹെൽമെറ്റ് കയ്യിൽ തൂക്കി, മുടി പാറിപ്പറപ്പിച്ച്, ഉറക്കെ പാട്ടുപാടി...
രാത്രി.
22 Comments:
Subscribe to:
Post Comments (Atom)
ചില മഴകൾ അങ്ങനെയാണ്.
അത്ര മാത്രം.
നിഖിലേ,
കോഴിക്കോട് വന്നിരുന്നെങ്കിൽ, ഇതൊക്കേം ഞാൻ മിസ്സ് ചെയ്യുമായിരുന്നല്ലോ.. :(
ഇതിനിപ്പൊ പ്ലസ്സിനെ കുറ്റം പറയണതെന്തുട്ട്നാ?
അപ്പൊ ഇദ്ദാരുന്ന് തൃശ്ശൂരെ പരിപാടി അല്ലെ? ങാ,ഒടുക്കം വിലങ്ങന്‍കുന്നെങ്കിലും കേറീല്ലൊ,അത്രേമായി..
മനോഹരമായ എഴുത്ത്. ചില വാചകങ്ങൾ,യാത്ര വല്ലാതെ സ്പർശിക്കുന്നു, ചില വിങ്ങലുകൾ എന്നിലും രൂപപ്പെടുന്നു. വായന വേസ്റ്റായില്ല. നന്ദി
ആശംസകള്‍!!
അങ്ങനെ ബാക് ഗ്രൌണ്ടിൽ എന്തൊക്കെ നടക്കുന്നു..
തിരിഞ്ഞും ചൂഴ്ന്നും നോക്കാത്തവർക്കു മുന്നിൽ, മറഞ്ഞുമാത്രമിരിക്കുന്ന എന്തൊക്കെ കാര്യങ്ങൾ..
അതുല്യാമ്മക്കും കാവ്യേച്ചിക്കും ജയേഷേട്ടനും സിജീഷേട്ടനും കണ്ണനും ശബനേച്ചിക്കും ഗന്ധർവനും നന്ദി.. :)
:( പക്ഷെ ഓര്‍മ്മകള്‍ ഇങ്ങനെ വെട്ടയാട്നത് ഒരേ സമയം സന്തോഷോം വിഷമോം തര്വാ.......
/ഒരു കൂട്ടുകാരി ഒരിക്കൽ പറഞ്ഞതാണ്.
“ചിലർ അങ്ങിനെയാണ്,
നമ്മളെയൊഴിവാക്കി,
... നാം ഇഷ്ടപ്പെടുന്നവരുടെ മാത്രം ഇഷ്ടക്കാരാകും.
നമുക്കൊരിക്കലും ഇഷ്ടപ്പെടാൻ കഴിയാത്തവണ്ണം
നമ്മെയോ അവനവനെ തന്നെയോ
മാറ്റിക്കളയും.“/
അതിന്റെ ഒറിജിനൽ വെർഷൻ,
നമുക്ക് രണ്ടു പേർക്കുമറിയാവുന്നൊരാളെ പറ്റി ആ കൂട്ടുകാരി പറഞ്ഞ വാക്കുകൾ, ഇങ്ങനെയായിരുന്നു.
“എനിക്കയാളെ പേടിയാണ്. തുറന്നുപറയാൻ ഇഷ്ടപ്പെടാത്ത ചില കാരണങ്ങൾ കൊണ്ടുള്ള വെറുപ്പും.
പക്ഷെ എന്നെ അതിലേറെ അത്ഭുതപ്പെടുത്തുന്നത്, ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന, പലരുടേയും ഒപ്പം അയാളുണ്ടെന്നതാണ്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു“
(അയാളെ ഈ കുറിപ്പിൽ മെൻഷൻ ചെയ്തിട്ടില്ല, എന്തുകൊണ്ടെന്നാൽ, തുറന്നുപറയാനിഷ്ടപ്പെടാത്ത കാരണങ്ങളാൽ, ആ കൂട്ടുകാരിയുടെ അതേ അഭിപ്രായമാണ് എനിക്കും അയാളെപ്പറ്റിയുള്ളത്.)