ബൂട്ടിനും പോസ്റ്റിനുമിടയ്ക്ക് അനന്തകാലത്തേയ്ക്ക് നിലച്ചു പോയൊരു പന്തിനു സമാനമായിരുന്നു മുദാസിർ കമ്രാന്റെ മരണം. വിളറിയ മഞ്ഞ ചുവരുകളുള്ള ഒരൊറ്റ മുറി നഗരത്തിൽ,  നിരന്തരം കലഹിച്ചുകൊണ്ടിരുന്നൊരാളുടെ ചെവികൾ എന്നെന്നേക്കുമായി അടഞ്ഞു പോയതുപോലെ, സംസാരിച്ചുകൊണ്ടിരുന്നൊരു തെരുവിനും, അവനവനുമിടയ്ക്ക് ഒരറുപഴഞ്ചൻ പെൻഡുലം ക്ലോക്കു പോലെ, അയാൾ നിലച്ചു പോയി. അപ്രധാനമെങ്കിലും പറയട്ടെ, തന്റെ ഒറ്റ മുറി ഫ്ലാറ്റിൽ തൂങ്ങി മരിക്കുകയായിരുന്നു അയാൾ. സ്വാഭാവികമായും അപ്രധാനമായ ഒരു ആത്മഹത്യ.

മുദാസിർ കമ്രാൻ തെക്കേ ഇന്ത്യയിൽ താമസിച്ചു പഠിക്കുന്നൊരു കാശ്മീരി മുസൽമാനാണ്. ഇന്നലെ സ്വവർഗ്ഗാനുരാഗിയാണെന്ന ആരോപണത്തിന്റെ പേരിൽ അയാൾ കോളേജിൽ നിന്നു പുറത്താക്കപ്പെട്ടു. തെക്കേ ഇന്ത്യക്കാരിയായ അയാളുടെ കാമുകി, ഇനിയും ശല്യപ്പെടുത്തരുതെന്നു മാത്രം പറഞ്ഞുകൊണ്ട് ഒരു അപരിചിതയായി മാറി. അയാളുടെ പൂച്ചയ്ക്ക് രണ്ടു കുഞ്ഞുങ്ങളുണ്ടായി. അമ്മപ്പൂച്ച പ്രസവത്തിൽ മരിച്ചുപോയി. കോളേജിൽ പിറ്റേന്നു രാവിലെ നടക്കാനിരിക്കുന്ന ഫുട്ബാൾ മത്സരത്തിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നവരിലൊരാൾ തന്റെ മുറിയിലേക്ക് തിരിച്ചു നടക്കുന്ന കമ്രാനോട് നാളെ മത്സരം കാണാനെത്തണമെന്നു വിളിച്ചു പറഞ്ഞു. തനിക്കു പിന്നിലൊരു ശവഘോഷയാത്ര രൂപം കൊള്ളുന്നതായി അയാൾക്കു തോന്നി. അതിൽ നിന്നും ഒളിച്ചിരിക്കാനെന്നോണം അയാൾ തന്റെ മുറിയിലേക്കുള്ള പടവുകൾ കയറി.

ഒരു തലമുറയുടെ കളങ്കം, അതിന്റെ തന്നെ ചോരകൊണ്ട് അവസാനിക്കുന്നതാണു നീതി
. ജനാലയ്ക്കൽ നിന്നുകൊണ്ട് കമ്രാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു; നിന്റെ മരണത്തിനെന്നോണം ശബ്ദം പൂണ്ട ആർപ്പുവിളികൾ അന്നത്തെ പ്രഭാതത്തിനെ ചുവപ്പിച്ചപ്പോൾ, അനുജത്തീ ഓടിപ്പോരുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. കലാപഭൂമിയിൽ, ആരവങ്ങളിലേക്കു മരിച്ചുവീണ മനുഷ്യരുടെ നടുവിൽ, ഞാനെന്തു ചെയ്യാനാണ്? ഓർമ്മകൾ മറവിയുടെ കാലദേശാന്തരങ്ങളിലേക്ക് സ്വയമെടുത്തുവയ്ക്കപ്പെട്ടേക്കുമെങ്കിലും, ശ്വാസജലദാഹങ്ങളെപ്പോലെ,  അവ മടങ്ങി വന്നുകൊണ്ടേയിരിക്കും. തെല്ലകലെ,  ഫുട്ബാൾ മത്സരത്തിന്റെ മുന്നൊരുക്കങ്ങൾ തകൃതിയായി നടന്നു. ഉച്ചവെയിൽ കത്തിക്കൊണ്ടു.


നാലു നാൾ മുൻപ് മുദാസിറിന്റെ മുറിയിൽ താമസിച്ച തെക്കേ ഇന്ത്യക്കാരനായ ഒരു ജൂനിയർ ആൺകുട്ടി അതിന്റെ പിറ്റേന്ന് അയാൾക്കു മേൽ ലൈംഗികാതിക്രമം ആരോപിച്ച് കേസു കൊടുക്കുകയായിരുന്നു. ചട്ടങ്ങൾ മുറപോലെ നടന്നു. ഇത് കള്ളക്കേസാണ് എന്ന മുദാസിറിന്റെ നിലവിളി ആരും ചെവിക്കൊണ്ടില്ല. സർവകലാശാല അയാളെ അയോഗ്യനാക്കുകയും, സ്കോളർഷിപ്പ് നിർത്താൻ തീരുമാനമാകുകയും ചെയ്തു. ഒരു തരം മരവിപ്പായിരുന്നു അയാളുടെ  മനസ്സിൽ. ഐസിൽ നിന്നെടുത്ത പുഴമീന്റെ തോലു പോലെ അയാൾക്കു ചുറ്റും നിശബ്ദതയുടെ മരവിച്ചൊരു തോൽ വളർന്നു പൊങ്ങി. ന്യായാസനങ്ങളാൽ കാലുകൾ ബന്ധിക്കപ്പെട്ട മുദാസിർ മൌനം അവലംബിച്ചു. കൊടും കാറ്റിനു മുൻ‌പുള്ള നിശ്ശബ്ദതയെന്ന പോലെ, അതയാളുടെ ചുറ്റുപാടുകളെ വിഴുങ്ങി.

“നായിന്റെ മോൻ”; അതിലും നല്ലതൊന്നും അവനെ ഞങ്ങൾ വിളിച്ചിട്ടില്ല. കാശ്മീരിൽ നിന്നും ഇങ്ങോട്ട് കെട്ടിയെടുത്തത് എന്തിനാണെന്ന് ആയിരുന്നു സംശയം; “താടിയും നീട്ടി തൊപ്പിയും വെച്ച് നടക്കുന്നവനെ ഒക്കെ പിന്നെ സംശയിക്കാതെ എങ്ങനാ?” സംശയം മാറിയത് നമ്മുടെ കൂട്ടത്തിൽ നിന്ന് ഒരു പെണ്ണിനെ അടിച്ചെടുത്തതോടു കൂടെ ആയിരുന്നു. പിന്നങ്ങോട്ട് സംശയമല്ല, കലി തന്നായിരുന്നു അവനോട്. ഇരുമ്പിടാൻ തന്നെയായിരുന്നു പരിപാടി. പിന്നെത്തോന്നി ഇതാണ് നല്ലതെന്ന്. “നായിന്റെ മോൻ, നാറി നാണം കെടും. ഇപ്പഴിത് കുറ്റമായത് കൊണ്ട് ചെലപ്പൊ അകത്തും പോകും. മതി, ഇത് തന്നെ മതി. തൊലയട്ടെ കാശ്മീരി പന്നി ”. മുദാസിർ കമ്രാന്റെ ഭാവി ജീവിതം അവന്റെ ഭൂതകാലമറിയാത്ത ഒരു കൂട്ടമാളുകൾ ക്രമപ്പെടുത്തി. കമ്രാൻ പുസ്തകങ്ങൾ തേടി വന്ന ഒരു ജൂനിയർ സുഹൃത്തിനെ മുറിയിൽ തങ്ങാൻ അനുവദിച്ചു.

കലാപങ്ങളിൽ മാത്രമല്ല, ഓരോ ഇടനേരങ്ങളിലുമുണ്ട്, മരണങ്ങളിലേക്ക് താനേ ഇഴ ചേരുന്ന ആരവങ്ങൾ.  ഇടനേരങ്ങളിൽ, മുറിഞ്ഞു പോയ പ്രാർത്ഥനകളിൽ, മുദാസിർ കമ്രാൻ എന്ന കാശ്മീരി കടന്നു വന്നുകൊണ്ടേയിരുന്നു. ഞാനുമുണ്ടായിരുന്നു; ഞാനുമുണ്ടായിരുന്നു അയാളെ കൊന്നു തിന്നവരുടെ കൂട്ടത്തിൽ. ഞാനുമുണ്ടായിരുന്നു, ആരവങ്ങൾക്കു പിന്നിൽ, നിശ്ശബ്ദതകളിൽ അയാളുടെ രക്തം കുടിച്ചവരുടെ കൂട്ടത്തിൽ. മൂന്നു നാൾ കഴിയുമ്പോൾ, മുദാസിർ കമ്രാന്റെ മരണം എന്റെ നാക്കിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. നിശ്ശബ്ദത പോലെ, മടുപ്പിക്കുന്ന മറ്റെന്തോ പോലെ, അതെന്നെ അസ്വസ്ഥനാക്കുന്നു. പതിവു പോലെ തന്നെ അന്നു രാവിലെയും ക്യാമ്പസ്സ് മഞ്ഞു മൂടിയിരുന്നു. ഫുട്ബോൾ മത്സരം തുടങ്ങി. മൂന്നാമത്തെയോ നാലാമത്തെയോ ഗോളിന്റെ ആർപ്പുവിളികൾ അടങ്ങുന്നതിനു മുൻ‌പ് എത്തിയ കമ്രാന്റെ മരണവാർത്ത ആരവങ്ങളിൽ മുങ്ങിപ്പോയി. സ്വവർഗ്ഗപ്രേമിയായ ഒരു കാശ്മീരി മുസ്ലിമിന്റെ മരണവാർത്ത കേൾക്കാൻ ആർക്കുണ്ട് നേരം?!

ഇന്ന് സമയം അധികരിച്ചിരിക്കുന്നു. ആരവങ്ങൾക്കിടയിൽ മറഞ്ഞു പോയ ശബ്ദങ്ങൾ വേരു തേടുന്നു. ഇലകളിൽ കാറ്റൂതിയടുക്കുന്നു. ഒരു മരണത്തിന്റെ നിശ്ശബ്ദതയ്ക്ക് ഞാൻ എന്റെ ശബ്ദം രാജിയാക്കുന്നു. ഒരുവന്റെ കളങ്കം, അവന്റെ തന്നെ ചോരകൊണ്ട് അവസാനിക്കുന്നതാണു നീതി. ആരവങ്ങളിലേക്ക് മരിച്ചുവീണ മനുഷ്യരുടെ ഒരിക്കലും നടക്കാതെ പോയ ശവഘോഷയാത്രകൾക്ക്, നിശ്ശബ്ദതകളിൽ നാക്കു കുരുങ്ങി ചത്തു പോയ കലാപകാരികൾക്ക്, ഓർമ്മദിവസങ്ങൾക്ക്, ഒരിക്കലും ആ കബറിനു മുകളിൽ വീഴാതെ പോയ പൂക്കൾക്ക്, സ്വസ്തി.

0 Comments:

Post a CommentNewer Post Older Post Home