ജലരേഖകൾ


എന്തുകൊണ്ടാണ്
ഗ്രീഷ്മത്തിന്റെ കുളിരും
നിലാവുതിർന്നു നനയുന്ന മരച്ചില്ലകളും
ആകാശവും മേഘങ്ങളും
തണുപ്പാറ്റാൻ
ഊതിയൂതിയെരിക്കുന്ന തീയും,
സുഗന്ധങ്ങളും,
വെളിച്ചവും,
നിന്നിൽ നിന്നും എന്നിലേക്കുള്ള രേഖകളാൽ മാത്രം
വിരചിതമാകുന്നത്?

അവയെല്ലാം,
നമുക്കിടയിൽ
രണ്ടു ദ്വീപുകൾക്കിടയിലെന്നോണം,
പ്രണയത്തിന്റെ പായ് കെട്ടി,
കപ്പലുകളോട്ടുന്നത്?

 
കടൽ വറ്റിത്തീരുന്ന നമ്മുടെ പ്രണയത്തിൽ,
തീരങ്ങൾ
അവരവരിലേക്കു മാത്രം
കപ്പൽച്ചാലുകൾ വരയ്ക്കുമ്പോൾ,
കാറ്റുകൾ അവരവരിലേക്കു തന്നെ മാറി വീശുമ്പോൾ,
മറവിയിൽ
ദിശ മറന്നു പോയൊരു കാറ്റിൽ നിന്നെന്നോണം,
എന്നെത്തിരിഞ്ഞു നോക്കാതിരിക്കുക.
മറവിയുടെ കാറ്റുകൾ
എന്നിൽ
ബാക്കി വയ്ക്കുന്നത്
പ്രണയത്തിന്റെ
കപ്പൽഛേദങ്ങൾ മാത്രമാണ്.

ദീർഘവും ഭ്രാന്തവുമായ
അലകളിൽ,
ആഴങ്ങളിൽ,
ജീവന്റെ കാറ്റ് തേരേറ്റുന്ന കൊടിക്കൂറകളിൽ,
നിന്റെ കല്പനകളിൽ,
വിസ്മൃതമായ ജലരേഖകളിൽ,
തകർന്ന്
തീരത്തടിഞ്ഞാലും,
വേരുപിടിക്കാതെ,
പായ്കളിൽ പുതിയ കാറ്റുകളേന്തി
പുതിയ പ്രണയങ്ങളുടെ ഭൂമികകളിലേക്ക്
യാത്ര.

പക്ഷേ,
ഓരോ ദിവസവും
പ്രജ്ഞ
നിന്നിലേക്കുള്ള വഴികൾ മാത്രം
നടന്നു തീർക്കുന്നു,
ഓരോ നിമിഷവും,
നിന്റെ ചുണ്ടുകളിൽ
എന്നെത്തേടി മടങ്ങുന്നു.
വിരഹം നനച്ച തീരങ്ങളിൽ,
ഓർമ്മകളിൽ,
പ്രണയം നിന്റെ പേരിൽ ജ്വലിക്കുന്നു.
പരസ്പരം മറന്നു പോകിലും
കോർത്ത കൈകൾ അഴിയാതെ
നാം
പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.പാബ്ലോ നെരൂദയുടെ "If you forget me" എന്ന കവിതയുടെ സ്വതന്ത്ര വിവർത്തനം.
പരീക്ഷ, രാത്രി, പ്രണയം.

4 Comments:

 1. . said...
  :)
  Njan Gandharvan said...
  :-)
  Vinodkumar Thallasseri said...
  പരസ്പരം മറന്നു പോകിലും
  കോർത്ത കൈകൾ അഴിയാതെ
  നാം
  പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.

  നെരൂദ, അനശ്വരപ്രണയത്തിണ്റ്റെ പാട്ടുകാരന്‍
  Anoop S kothanalloor said...
  Pranayathinu enthellam nirvachanangal

Post a CommentNewer Post Older Post Home