താര ~ ഒരു കഥ

പതിവു പോലെ, ദിവസം തുടങ്ങിയതു നുണകളില്‍ തന്നെയായിരുന്നു. മൊബൈല്‍ ഫോണില്‍ അവസാനത്തെ സന്ദേശം  ഇങ്ങനെ വായിച്ചു. "Let me put this bluntly,  We have no future. and you are ruining my present. Its over Manu, It's over.". മനു ജനാര്‍ദ്ദനന്‍ അലക്കാതെയിട്ട തുണികളുടെ നടുക്ക് കിടന്നുകൊണ്ട് ചുമരിലേക്കു നോക്കി.
തികച്ചും അപ്രധാനമായ ഒരു ഏഴര മണിയെ പരിണയിച്ച ക്ലോക്ക്, ഏതോ ഒരു ഡിസംബർ മാസത്തില്‍ നിന്നും, മുന്നോട്ടു നടക്കാന്‍ മറന്ന കലണ്ടർ. തന്റെ ഉള്ളില്‍ നിന്ന് തന്നെ കാണുമ്പോൾ,ഭൂതകാലത്തിലവിടെയോ കുടുങ്ങിപ്പോയൊരു നുണ പോലെ ഏറ്റവും വൃത്തി കെട്ടതെന്തോ ആയിരുന്നു മനു ജനാര്‍ദ്ദനന്‍. ദിവസം തോറും,പകലുകളില്‍ എടുത്തു കെട്ടുകയും, രാവില്‍ ഉരിഞ്ഞു കളയുകയും ചെയ്യാറുള്ള നുണകളിലും, അനുബന്ധ വൃത്തികേടുകളിലും സ്പര്‍ശിക്കാതെ, സ്വയം ഒതുങ്ങി, അയാള്‍ എഴുന്നേറ്റു. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഊടും പാവുമേകി ജീവിതം മനുവിന്റെ പുസ്തകത്തില്‍ പുതിയൊരു ദിവസത്തിന്റെ കഥയെഴുതിത്തുടങ്ങി.

പല്ലു തേക്കുകയും കുളിക്കുകയും ചെയ്യുന്ന സമയമത്രയും അയാൾ വിവിധങ്ങളായ നുണകളോടു തന്നെ ചേര്‍ന്നു. എല്ലാ മഞ്ഞപ്പല്ലുകളേയും മറയ്ക്കുന്ന എല്ലാ ഇടയഴുക്കുകളേയും ഒളിപ്പിക്കുന്ന വലുതും ചെറുതും മനോഹരങ്ങളുമായ നുണകളില്‍ മുങ്ങി ഇടുങ്ങിയ ചുമരുകളും, അഴുക്കു പിടിച്ചു വഴുക്കുന്ന നിലവുമുള്ള ആ കുളിമുറിയിൽ നിന്നും അയാള്‍ പുറത്തുവന്നു. അവിടിവിടെ പറ്റിപ്പിടിച്ചു നിൽക്കുന്ന വെള്ളത്തുള്ളികളെ പോലെയോ, ഉരച്ചിട്ടും മുറിച്ചിട്ടും ഉരിഞ്ഞു പോകാത്ത, നാറിക്കൊണ്ടിരിക്കുന്നൊരു ചെതുമ്പൽ പോലെയോ താന്‍ തന്നെ മെനഞ്ഞുമെനഞ്ഞെടുത്ത നുണകളുടെ പശ്ചാത്തലങ്ങളിലേക്ക്, പരിസരങ്ങളിലേക്ക്, സ്വയം പറ്റിച്ചേര്‍ന്നു.
അന്നേ ദിവസം, പൊട്ടിപ്പുറപ്പെട്ടൊരു പ്രതിഷേധ സമരത്തില്‍, ചുരുണ്ടുയര്‍ന്ന് മുദ്രാവാക്യം വിളിക്കുന്ന പരശ്ശതം കൈകളില്‍ ഒന്നിനറ്റത്ത് എന്ന മേല്‍ വിലാസം സ്വയമെഴുതിച്ചേര്‍ത്ത് നിന്നിടത്തു നിന്നും മനു ജനാര്‍ദ്ദനന്‍ ഒരു യാത്രയിലേക്ക് സ്വയമെടുത്തു വയ്കപ്പെട്ടു.


ചില നേരങ്ങളുണ്ട്.
പല കാലങ്ങളിലേക്ക് മുറിച്ചു മുറിച്ചു വച്ച്,
ജീവിച്ചു തീര്‍ക്കുന്നവ.
ഒരിക്കലുമൊരിക്കലും മുഴുമിക്കാതെ,
കുറച്ച്,
ഒരിത്തിരി,
ഒരു കുഞ്ഞു തുള്ളിയെങ്കിലും  ബാക്കിവച്ച്,
വെറുതേ കൈവീശിച്ചിരിച്ച്,
വീണ്ടും  വരാമെന്നോ വരില്ലെന്നോ പറയാതെ,
നിന്ന നില്‍പില്‍ കാണാതെ പോകുന്നവ.
പിന്നെയും  പിന്നെയും, ഇനിയുമൊരിക്കലും  ഓര്‍ക്കരുതെന്നു തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആലോചിച്ചുറപ്പിക്കാറുള്ളവ.മറന്നുപോയെന്ന് സ്വയം  എത്രവട്ടം  പറഞ്ഞുറപ്പിച്ചാലും  നിമിഷാര്‍ധം  കൊണ്ട് തലയിണക്കീഴില്‍ നിന്നെന്നോണം  ഓര്‍മ്മകളിലേക്ക് വിരിഞ്ഞു വിരിഞ്ഞെത്തുന്നവ.
ചില നേരങ്ങളുണ്ട്.
ചില നേരങ്ങളുണ്ട്,
ചില നേരങ്ങള്‍...
മുന്‍കൂട്ടി തീരുമാനിക്കപ്പെടാത്തൊരു ബസ്സു യാത്രയില്‍, തുറന്നിട്ടൊരു ജനലരികിനോട് സദൃശ്യപ്പെടുത്താവുന്ന തികച്ചും പുതിയൊരു നേരത്തിലേക്ക് അയാള്‍ കടന്നിരുന്നു. 
പൊടിക്കാറ്റേറ്റിരുന്ന്, പഴയ സന്ദേശങ്ങള്‍ അയവിറക്കി.ഭ്രാന്തിന്റെ കാലങ്ങളില്‍ നിന്നും നുണകളുടേതിലേക്കോ, തിരിച്ചോ ഉള്ള അവസ്ഥാന്തരങ്ങള്‍ക്കിടയിലെപ്പൊഴോ ലഭിച്ച ഒരു ഉപദേശം ഇങ്ങനെ വായിച്ചു.

"Love, but don't love too much.
stay on the right side of sanity"
അതിനു കൊടുത്ത മറുപടി* പൊടിക്കാറ്റായി വന്ന് അയാളെ ശ്വാസം മുട്ടിച്ചു.
ഹോസ്റ്റല്‍ മുറിയില്‍ രണ്ടു കൈത്തണ്ടകളിലും മുറിവുകളോടു കൂടി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തെ പ്രതി ചര്‍ച്ചകളും പ്രതിഷേധങ്ങളും നടന്നു.
പൊടിക്കാറ്റ് മനു ജനാര്‍ദ്ദനന്‍ എന്ന ആണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചുകൊണ്ടേയിരുന്നു.

ഭ്രാന്തായിരുന്നു തനിക്കെന്നെഴുതി വച്ച് സ്വയം മരിച്ചു പോയതാണവള്‍ എന്ന വാര്‍ത്ത എല്ലാത്തരം പ്രതികരണങ്ങളേയും ഒരു പൂര്‍ണവിരാമത്തിലേക്കു ചുരുക്കി. പറഞ്ഞതും കേട്ടതുമായ നുണകളാല്‍ ശ്വാസം കിട്ടാതെ ഒരു പ്രണയകഥ കൂടി ആയുസ്സൊടുങ്ങി.

മരിച്ചവരും അല്ലാത്തവരുമായ അവന്റെ പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍, ഓര്‍മ്മകള്‍ മാത്രമായിപ്പോയൊരാളോടു യാത്ര ചൊല്ലി, പറയപ്പെടാതിരുന്നതിനാല്‍ മാത്രം അര്‍ത്ഥപൂര്‍ണമായി തുടര്‍ന്നു പോന്ന ഒരു കഥ നടന്നു നീങ്ങി. നിലയ്ക്കാതെ, ആരെയും കാത്തു നില്‍ക്കാതെ, ദിനങ്ങള്‍ പെയ്തു പോയി. ചിലപ്പോള്‍ നനച്ചും, ചിലപ്പോള്‍ വേദനിപ്പിച്ചും, അപരിചിതമായ വഴികള്‍ പലതും പരിചയങ്ങളിലേക്കും തിരിച്ചും നടന്നുകൊണ്ടിരുന്നു. മഞ്ഞച്ചു പൊടിഞ്ഞു തുടങ്ങിയൊരു പഴയ പുസ്തകത്തിന്റെ താളുകളിലേക്ക്, ഒരു മരയലമാരിയുടെ മനം മടുപ്പിക്കുന്ന ഗന്ധത്തിലേക്ക്, പറഞ്ഞതും പറയാത്തതുമായ ഒരു പറ്റം നുണകള്‍ സ്വയം ഇറങ്ങിയിരുന്നു. ആകാശം കാണാതെ അവ നുണക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു.

താര ~ ഒരു കഥ അവസാനിച്ചുകൊണ്ടിരിക്കുമ്പോള്‍

*"I Love You,
Either side of sanity so I belong"
(നുണയെന്നു വിളിച്ചുകൂടെങ്കില്‍ കൂടി..)

4 Comments:

  1. Minesh Ramanunni said...
    പതിവുപോലെ ഇഷ്ടായി.. സുഭാഷ് ചന്ദ്രനെ അനുസ്മരിപ്പിക്കുന്ന ഭാഷ കൈയടക്കം.. കീപ്‌ ഇറ്റ്‌ അപ്പ്‌ ഡാ ...
    Navmi said...
    This comment has been removed by the author.
    Navmi said...
    Assalayitund. Especially the descriptions of the room in the beginning - ende achande veedu orma vannu :)
    Keep writing!
    Adrija said...
    nice keep writing..
    you can write more beautiful........

Post a Comment



Newer Post Older Post Home