നമ്മൾ ഇനി എന്തു ചെയ്യും? അവൻ ചോദിച്ചു.
നമ്മൾ ഇനി ഒന്നും ചെയ്യില്ല; നമ്മൾ ഇനി ഇല്ല, അവൾ പറഞ്ഞു. പ്രണയത്തിന്റെ ഗന്ധം അവളിൽ നിന്നും ഒരു രാവ് ഉരിച്ചിട്ട മുഷിഞ്ഞ ഉടുപുടവകൾ പോലെ ഒഴുകിയകന്നു. ഒരു നദീതീരത്തു വച്ചാണ് വൈശാഖൻ ഭൂമിയുമായി പ്രണയത്തിലാകുന്നത്. ആ നദി അവരെക്കടന്നു പോയെന്നവൾ പറഞ്ഞു. ഒരു ജലപ്രവാഹം പോലെ, പുണർന്നു കിടന്ന അവരിരുവരെയും താണ്ടി ഒരു പ്രണയം ഒഴുകിയകന്നുപോയി. പരിചയപ്പെട്ട നാൾ മുതൽ ഇതുവരെയും പിൻതുടർന്ന ആ തീഷ്ണ ഗന്ധത്തിൽ നിന്നും, അവൾ സ്വയം പുറത്തേക്കൊഴുകിയിരുന്നു
രണ്ട് -നദി
ഒരു നഗരമധ്യത്തിൽ മൃഗതൃഷ്ണ വരച്ചിട്ടൊരു ചിത്രമായിരുന്നു പുറമേക്ക് ശാന്തമെങ്കിലും, ഉള്ളിൽ ചുഴികൾ ഒളിപ്പിച്ചുവച്ച ആ പെണ്‍കുട്ടി. വൈശാഖന് ഒരിക്കലും തിരിച്ചറിയാൻ കഴിയാതിരുന്നൊരു ഗന്ധം; ഒരിക്കലും അറിയാൻ കഴിയാതിരുന്നൊരു പ്രണയം. മഴപ്പോരുകളിൽ ഒരിക്കലും ഉണങ്ങാനിടയില്ലാത്തവിധം അവൾ വൈശാഖന്റെ വസ്ത്രങ്ങളെ നനച്ചു കളഞ്ഞു. വരൾച്ചയുടെ നാളുകളിൽ ജലം അദൃശ്യമായി. പോകെപ്പോകെ, ഭൂമി ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെട്ടുകൊണ്ടിരുന്നു.
വെയിൽ കൊണ്ട് വിണ്ടു കീറിയൊരു വയൽപ്പാടിൽ ഇനിയൊരിക്കലും ജലമൊഴുകാത്ത വണ്ണം ഒരു രാത്രി വൈശാഖനെ മണ്ണെടുത്തു. അത് മഴയിൽ കുതിർന്ന മണ്ണിന്റെ; ഭൂമിയുടെ തന്നെ ഗന്ധമായിരുന്നു.
മൂന്ന് - മുകിൽ
മുകിൽ ഒരിക്കലും ആ ഗന്ധം പേറിയില്ല. അത് പ്രണയമല്ലായിരുന്നു.
കുടിച്ചു തീർത്ത മദ്യക്കുപ്പികളിൽ മിന്നാമിനുങ്ങുകളെ വരച്ചിട്ട്, പെയ്തു, പെയ്തുവെന്ന് കണ്ടിരിക്കേ മഴപ്പാറ്റകൾ മാത്രമെന്ന് ചൊല്ലി, ഒരു വിളക്കിന്നരികിൽ ചിറകു കരിഞ്ഞ് കിടന്ന കിടപ്പുകളിൽ മുകിൽ ഏറെ ദൂരെയായിരുന്നു. അത് മഴക്കാലമല്ലായിരുന്നു.
നാല്
മൂക്ക് പണയം വെച്ചിരിക്കുന്നു.
ബൂട്ടിനും പോസ്റ്റിനുമിടയ്ക്ക് അനന്തകാലത്തേയ്ക്ക് നിലച്ചു പോയൊരു പന്തിനു സമാനമായിരുന്നു മുദാസിർ കമ്രാന്റെ മരണം. വിളറിയ മഞ്ഞ ചുവരുകളുള്ള ഒരൊറ്റ മുറി നഗരത്തിൽ, നിരന്തരം കലഹിച്ചുകൊണ്ടിരുന്നൊരാളുടെ ചെവികൾ എന്നെന്നേക്കുമായി അടഞ്ഞു പോയതുപോലെ, സംസാരിച്ചുകൊണ്ടിരുന്നൊരു തെരുവിനും, അവനവനുമിടയ്ക്ക് ഒരറുപഴഞ്ചൻ പെൻഡുലം ക്ലോക്കു പോലെ, അയാൾ നിലച്ചു പോയി. അപ്രധാനമെങ്കിലും പറയട്ടെ, തന്റെ ഒറ്റ മുറി ഫ്ലാറ്റിൽ തൂങ്ങി മരിക്കുകയായിരുന്നു അയാൾ. സ്വാഭാവികമായും അപ്രധാനമായ ഒരു ആത്മഹത്യ.
മുദാസിർ കമ്രാൻ തെക്കേ ഇന്ത്യയിൽ താമസിച്ചു പഠിക്കുന്നൊരു കാശ്മീരി മുസൽമാനാണ്. ഇന്നലെ സ്വവർഗ്ഗാനുരാഗിയാണെന്ന ആരോപണത്തിന്റെ പേരിൽ അയാൾ കോളേജിൽ നിന്നു പുറത്താക്കപ്പെട്ടു. തെക്കേ ഇന്ത്യക്കാരിയായ അയാളുടെ കാമുകി, ഇനിയും ശല്യപ്പെടുത്തരുതെന്നു മാത്രം പറഞ്ഞുകൊണ്ട് ഒരു അപരിചിതയായി മാറി. അയാളുടെ പൂച്ചയ്ക്ക് രണ്ടു കുഞ്ഞുങ്ങളുണ്ടായി. അമ്മപ്പൂച്ച പ്രസവത്തിൽ മരിച്ചുപോയി. കോളേജിൽ പിറ്റേന്നു രാവിലെ നടക്കാനിരിക്കുന്ന ഫുട്ബാൾ മത്സരത്തിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നവരിലൊരാൾ തന്റെ മുറിയിലേക്ക് തിരിച്ചു നടക്കുന്ന കമ്രാനോട് നാളെ മത്സരം കാണാനെത്തണമെന്നു വിളിച്ചു പറഞ്ഞു. തനിക്കു പിന്നിലൊരു ശവഘോഷയാത്ര രൂപം കൊള്ളുന്നതായി അയാൾക്കു തോന്നി. അതിൽ നിന്നും ഒളിച്ചിരിക്കാനെന്നോണം അയാൾ തന്റെ മുറിയിലേക്കുള്ള പടവുകൾ കയറി.
ഒരു തലമുറയുടെ കളങ്കം, അതിന്റെ തന്നെ ചോരകൊണ്ട് അവസാനിക്കുന്നതാണു നീതി. ജനാലയ്ക്കൽ നിന്നുകൊണ്ട് കമ്രാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു; നിന്റെ മരണത്തിനെന്നോണം ശബ്ദം പൂണ്ട ആർപ്പുവിളികൾ അന്നത്തെ പ്രഭാതത്തിനെ ചുവപ്പിച്ചപ്പോൾ, അനുജത്തീ ഓടിപ്പോരുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. കലാപഭൂമിയിൽ, ആരവങ്ങളിലേക്കു മരിച്ചുവീണ മനുഷ്യരുടെ നടുവിൽ, ഞാനെന്തു ചെയ്യാനാണ്? ഓർമ്മകൾ മറവിയുടെ കാലദേശാന്തരങ്ങളിലേക്ക് സ്വയമെടുത്തുവയ്ക്കപ്പെട്ടേക്കുമെങ്കിലും, ശ്വാസജലദാഹങ്ങളെപ്പോലെ, അവ മടങ്ങി വന്നുകൊണ്ടേയിരിക്കും. തെല്ലകലെ, ഫുട്ബാൾ മത്സരത്തിന്റെ മുന്നൊരുക്കങ്ങൾ തകൃതിയായി നടന്നു. ഉച്ചവെയിൽ കത്തിക്കൊണ്ടു.
നാലു നാൾ മുൻപ് മുദാസിറിന്റെ മുറിയിൽ താമസിച്ച തെക്കേ ഇന്ത്യക്കാരനായ ഒരു ജൂനിയർ ആൺകുട്ടി അതിന്റെ പിറ്റേന്ന് അയാൾക്കു മേൽ ലൈംഗികാതിക്രമം ആരോപിച്ച് കേസു കൊടുക്കുകയായിരുന്നു. ചട്ടങ്ങൾ മുറപോലെ നടന്നു. ഇത് കള്ളക്കേസാണ് എന്ന മുദാസിറിന്റെ നിലവിളി ആരും ചെവിക്കൊണ്ടില്ല. സർവകലാശാല അയാളെ അയോഗ്യനാക്കുകയും, സ്കോളർഷിപ്പ് നിർത്താൻ തീരുമാനമാകുകയും ചെയ്തു. ഒരു തരം മരവിപ്പായിരുന്നു അയാളുടെ മനസ്സിൽ. ഐസിൽ നിന്നെടുത്ത പുഴമീന്റെ തോലു പോലെ അയാൾക്കു ചുറ്റും നിശബ്ദതയുടെ മരവിച്ചൊരു തോൽ വളർന്നു പൊങ്ങി. ന്യായാസനങ്ങളാൽ കാലുകൾ ബന്ധിക്കപ്പെട്ട മുദാസിർ മൌനം അവലംബിച്ചു. കൊടും കാറ്റിനു മുൻപുള്ള നിശ്ശബ്ദതയെന്ന പോലെ, അതയാളുടെ ചുറ്റുപാടുകളെ വിഴുങ്ങി.
“നായിന്റെ മോൻ”; അതിലും നല്ലതൊന്നും അവനെ ഞങ്ങൾ വിളിച്ചിട്ടില്ല. കാശ്മീരിൽ നിന്നും ഇങ്ങോട്ട് കെട്ടിയെടുത്തത് എന്തിനാണെന്ന് ആയിരുന്നു സംശയം; “താടിയും നീട്ടി തൊപ്പിയും വെച്ച് നടക്കുന്നവനെ ഒക്കെ പിന്നെ സംശയിക്കാതെ എങ്ങനാ?” സംശയം മാറിയത് നമ്മുടെ കൂട്ടത്തിൽ നിന്ന് ഒരു പെണ്ണിനെ അടിച്ചെടുത്തതോടു കൂടെ ആയിരുന്നു. പിന്നങ്ങോട്ട് സംശയമല്ല, കലി തന്നായിരുന്നു അവനോട്. ഇരുമ്പിടാൻ തന്നെയായിരുന്നു പരിപാടി. പിന്നെത്തോന്നി ഇതാണ് നല്ലതെന്ന്. “നായിന്റെ മോൻ, നാറി നാണം കെടും. ഇപ്പഴിത് കുറ്റമായത് കൊണ്ട് ചെലപ്പൊ അകത്തും പോകും. മതി, ഇത് തന്നെ മതി. തൊലയട്ടെ കാശ്മീരി പന്നി ”. മുദാസിർ കമ്രാന്റെ ഭാവി ജീവിതം അവന്റെ ഭൂതകാലമറിയാത്ത ഒരു കൂട്ടമാളുകൾ ക്രമപ്പെടുത്തി. കമ്രാൻ പുസ്തകങ്ങൾ തേടി വന്ന ഒരു ജൂനിയർ സുഹൃത്തിനെ മുറിയിൽ തങ്ങാൻ അനുവദിച്ചു.
കലാപങ്ങളിൽ മാത്രമല്ല, ഓരോ ഇടനേരങ്ങളിലുമുണ്ട്, മരണങ്ങളിലേക്ക് താനേ ഇഴ ചേരുന്ന ആരവങ്ങൾ. ഇടനേരങ്ങളിൽ, മുറിഞ്ഞു പോയ പ്രാർത്ഥനകളിൽ, മുദാസിർ കമ്രാൻ എന്ന കാശ്മീരി കടന്നു വന്നുകൊണ്ടേയിരുന്നു. ഞാനുമുണ്ടായിരുന്നു; ഞാനുമുണ്ടായിരുന്നു അയാളെ കൊന്നു തിന്നവരുടെ കൂട്ടത്തിൽ. ഞാനുമുണ്ടായിരുന്നു, ആരവങ്ങൾക്കു പിന്നിൽ, നിശ്ശബ്ദതകളിൽ അയാളുടെ രക്തം കുടിച്ചവരുടെ കൂട്ടത്തിൽ. മൂന്നു നാൾ കഴിയുമ്പോൾ, മുദാസിർ കമ്രാന്റെ മരണം എന്റെ നാക്കിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. നിശ്ശബ്ദത പോലെ, മടുപ്പിക്കുന്ന മറ്റെന്തോ പോലെ, അതെന്നെ അസ്വസ്ഥനാക്കുന്നു. പതിവു പോലെ തന്നെ അന്നു രാവിലെയും ക്യാമ്പസ്സ് മഞ്ഞു മൂടിയിരുന്നു. ഫുട്ബോൾ മത്സരം തുടങ്ങി. മൂന്നാമത്തെയോ നാലാമത്തെയോ ഗോളിന്റെ ആർപ്പുവിളികൾ അടങ്ങുന്നതിനു മുൻപ് എത്തിയ കമ്രാന്റെ മരണവാർത്ത ആരവങ്ങളിൽ മുങ്ങിപ്പോയി. സ്വവർഗ്ഗപ്രേമിയായ ഒരു കാശ്മീരി മുസ്ലിമിന്റെ മരണവാർത്ത കേൾക്കാൻ ആർക്കുണ്ട് നേരം?!
ഇന്ന് സമയം അധികരിച്ചിരിക്കുന്നു. ആരവങ്ങൾക്കിടയിൽ മറഞ്ഞു പോയ ശബ്ദങ്ങൾ വേരു തേടുന്നു. ഇലകളിൽ കാറ്റൂതിയടുക്കുന്നു. ഒരു മരണത്തിന്റെ നിശ്ശബ്ദതയ്ക്ക് ഞാൻ എന്റെ ശബ്ദം രാജിയാക്കുന്നു. ഒരുവന്റെ കളങ്കം, അവന്റെ തന്നെ ചോരകൊണ്ട് അവസാനിക്കുന്നതാണു നീതി. ആരവങ്ങളിലേക്ക് മരിച്ചുവീണ മനുഷ്യരുടെ ഒരിക്കലും നടക്കാതെ പോയ ശവഘോഷയാത്രകൾക്ക്, നിശ്ശബ്ദതകളിൽ നാക്കു കുരുങ്ങി ചത്തു പോയ കലാപകാരികൾക്ക്, ഓർമ്മദിവസങ്ങൾക്ക്, ഒരിക്കലും ആ കബറിനു മുകളിൽ വീഴാതെ പോയ പൂക്കൾക്ക്, സ്വസ്തി.
Labels: കഥ
നിലാവുതിർന്നു നനയുന്ന മരച്ചില്ലകളും
മറവിയുടെ കാറ്റുകൾ
എന്നിൽ
ബാക്കി വയ്ക്കുന്നത്
ദീർഘവും ഭ്രാന്തവുമായ
ആഴങ്ങളിൽ,
തീരത്തടിഞ്ഞാലും,
യാത്ര.
പക്ഷേ,
പ്രജ്ഞ
നിന്നിലേക്കുള്ള വഴികൾ മാത്രം
നടന്നു തീർക്കുന്നു,
വിരഹം നനച്ച തീരങ്ങളിൽ,
ഓർമ്മകളിൽ,
കോർത്ത കൈകൾ അഴിയാതെ
നാം
പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.
പാബ്ലോ നെരൂദയുടെ "If you forget me" എന്ന കവിതയുടെ സ്വതന്ത്ര വിവർത്തനം.
പരീക്ഷ, രാത്രി, പ്രണയം.
Labels: Translation, കവിത
തികച്ചും അപ്രധാനമായ ഒരു ഏഴര മണിയെ പരിണയിച്ച ക്ലോക്ക്, ഏതോ ഒരു ഡിസംബർ മാസത്തില്‍ നിന്നും, മുന്നോട്ടു നടക്കാന്‍ മറന്ന കലണ്ടർ. തന്റെ ഉള്ളില്‍ നിന്ന് തന്നെ കാണുമ്പോൾ,ഭൂതകാലത്തിലവിടെയോ കുടുങ്ങിപ്പോയൊരു നുണ പോലെ ഏറ്റവും വൃത്തി കെട്ടതെന്തോ ആയിരുന്നു മനു ജനാര്‍ദ്ദനന്‍. ദിവസം തോറും,പകലുകളില്‍ എടുത്തു കെട്ടുകയും, രാവില്‍ ഉരിഞ്ഞു കളയുകയും ചെയ്യാറുള്ള നുണകളിലും, അനുബന്ധ വൃത്തികേടുകളിലും സ്പര്‍ശിക്കാതെ, സ്വയം ഒതുങ്ങി, അയാള്‍ എഴുന്നേറ്റു. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഊടും പാവുമേകി ജീവിതം മനുവിന്റെ പുസ്തകത്തില്‍ പുതിയൊരു ദിവസത്തിന്റെ കഥയെഴുതിത്തുടങ്ങി.
പല്ലു തേക്കുകയും കുളിക്കുകയും ചെയ്യുന്ന സമയമത്രയും അയാൾ വിവിധങ്ങളായ നുണകളോടു തന്നെ ചേര്‍ന്നു. എല്ലാ മഞ്ഞപ്പല്ലുകളേയും മറയ്ക്കുന്ന എല്ലാ ഇടയഴുക്കുകളേയും ഒളിപ്പിക്കുന്ന വലുതും ചെറുതും മനോഹരങ്ങളുമായ നുണകളില്‍ മുങ്ങി ഇടുങ്ങിയ ചുമരുകളും, അഴുക്കു പിടിച്ചു വഴുക്കുന്ന നിലവുമുള്ള ആ കുളിമുറിയിൽ നിന്നും അയാള്‍ പുറത്തുവന്നു. അവിടിവിടെ പറ്റിപ്പിടിച്ചു നിൽക്കുന്ന വെള്ളത്തുള്ളികളെ പോലെയോ, ഉരച്ചിട്ടും മുറിച്ചിട്ടും ഉരിഞ്ഞു പോകാത്ത, നാറിക്കൊണ്ടിരിക്കുന്നൊരു ചെതുമ്പൽ പോലെയോ താന്‍ തന്നെ മെനഞ്ഞുമെനഞ്ഞെടുത്ത നുണകളുടെ പശ്ചാത്തലങ്ങളിലേക്ക്, പരിസരങ്ങളിലേക്ക്, സ്വയം പറ്റിച്ചേര്‍ന്നു.
അന്നേ ദിവസം, പൊട്ടിപ്പുറപ്പെട്ടൊരു പ്രതിഷേധ സമരത്തില്‍, ചുരുണ്ടുയര്‍ന്ന് മുദ്രാവാക്യം വിളിക്കുന്ന പരശ്ശതം കൈകളില്‍ ഒന്നിനറ്റത്ത് എന്ന മേല്‍ വിലാസം സ്വയമെഴുതിച്ചേര്‍ത്ത് നിന്നിടത്തു നിന്നും മനു ജനാര്‍ദ്ദനന്‍ ഒരു യാത്രയിലേക്ക് സ്വയമെടുത്തു വയ്കപ്പെട്ടു.
ചില നേരങ്ങളുണ്ട്.
പല കാലങ്ങളിലേക്ക് മുറിച്ചു മുറിച്ചു വച്ച്,
ജീവിച്ചു തീര്‍ക്കുന്നവ.
ഒരിക്കലുമൊരിക്കലും മുഴുമിക്കാതെ,
കുറച്ച്,
ഒരിത്തിരി,
ഒരു കുഞ്ഞു തുള്ളിയെങ്കിലും ബാക്കിവച്ച്,
വെറുതേ കൈവീശിച്ചിരിച്ച്,
വീണ്ടും വരാമെന്നോ വരില്ലെന്നോ പറയാതെ,
നിന്ന നില്‍പില്‍ കാണാതെ പോകുന്നവ.
പിന്നെയും പിന്നെയും, ഇനിയുമൊരിക്കലും ഓര്‍ക്കരുതെന്നു തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആലോചിച്ചുറപ്പിക്കാറുള്ളവ.മറന്നുപോയെന്ന് സ്വയം എത്രവട്ടം പറഞ്ഞുറപ്പിച്ചാലും നിമിഷാര്‍ധം കൊണ്ട് തലയിണക്കീഴില്‍ നിന്നെന്നോണം ഓര്‍മ്മകളിലേക്ക് വിരിഞ്ഞു വിരിഞ്ഞെത്തുന്നവ.
ചില നേരങ്ങളുണ്ട്.
ചില നേരങ്ങളുണ്ട്,
ചില നേരങ്ങള്‍...
മുന്‍കൂട്ടി തീരുമാനിക്കപ്പെടാത്തൊരു ബസ്സു യാത്രയില്‍, തുറന്നിട്ടൊരു ജനലരികിനോട് സദൃശ്യപ്പെടുത്താവുന്ന തികച്ചും പുതിയൊരു നേരത്തിലേക്ക് അയാള്‍ കടന്നിരുന്നു.
പൊടിക്കാറ്റേറ്റിരുന്ന്, പഴയ സന്ദേശങ്ങള്‍ അയവിറക്കി.ഭ്രാന്തിന്റെ കാലങ്ങളില്‍ നിന്നും നുണകളുടേതിലേക്കോ, തിരിച്ചോ ഉള്ള അവസ്ഥാന്തരങ്ങള്‍ക്കിടയിലെപ്പൊഴോ ലഭിച്ച ഒരു ഉപദേശം ഇങ്ങനെ വായിച്ചു.
"Love, but don't love too much.
stay on the right side of sanity"
അതിനു കൊടുത്ത മറുപടി* പൊടിക്കാറ്റായി വന്ന് അയാളെ ശ്വാസം മുട്ടിച്ചു.
ഹോസ്റ്റല്‍ മുറിയില്‍ രണ്ടു കൈത്തണ്ടകളിലും മുറിവുകളോടു കൂടി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തെ പ്രതി ചര്‍ച്ചകളും പ്രതിഷേധങ്ങളും നടന്നു.
പൊടിക്കാറ്റ് മനു ജനാര്‍ദ്ദനന്‍ എന്ന ആണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചുകൊണ്ടേയിരുന്നു.
ഭ്രാന്തായിരുന്നു തനിക്കെന്നെഴുതി വച്ച് സ്വയം മരിച്ചു പോയതാണവള്‍ എന്ന വാര്‍ത്ത എല്ലാത്തരം പ്രതികരണങ്ങളേയും ഒരു പൂര്‍ണവിരാമത്തിലേക്കു ചുരുക്കി. പറഞ്ഞതും കേട്ടതുമായ നുണകളാല്‍ ശ്വാസം കിട്ടാതെ ഒരു പ്രണയകഥ കൂടി ആയുസ്സൊടുങ്ങി.
മരിച്ചവരും അല്ലാത്തവരുമായ അവന്റെ പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍, ഓര്‍മ്മകള്‍ മാത്രമായിപ്പോയൊരാളോടു യാത്ര ചൊല്ലി, പറയപ്പെടാതിരുന്നതിനാല്‍ മാത്രം അര്‍ത്ഥപൂര്‍ണമായി തുടര്‍ന്നു പോന്ന ഒരു കഥ നടന്നു നീങ്ങി. നിലയ്ക്കാതെ, ആരെയും കാത്തു നില്‍ക്കാതെ, ദിനങ്ങള്‍ പെയ്തു പോയി. ചിലപ്പോള്‍ നനച്ചും, ചിലപ്പോള്‍ വേദനിപ്പിച്ചും, അപരിചിതമായ വഴികള്‍ പലതും പരിചയങ്ങളിലേക്കും തിരിച്ചും നടന്നുകൊണ്ടിരുന്നു. മഞ്ഞച്ചു പൊടിഞ്ഞു തുടങ്ങിയൊരു പഴയ പുസ്തകത്തിന്റെ താളുകളിലേക്ക്, ഒരു മരയലമാരിയുടെ മനം മടുപ്പിക്കുന്ന ഗന്ധത്തിലേക്ക്, പറഞ്ഞതും പറയാത്തതുമായ ഒരു പറ്റം നുണകള്‍ സ്വയം ഇറങ്ങിയിരുന്നു. ആകാശം കാണാതെ അവ നുണക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു.
താര ~ ഒരു കഥ അവസാനിച്ചുകൊണ്ടിരിക്കുമ്പോള്‍
*"I Love You,
Either side of sanity so I belong"
(നുണയെന്നു വിളിച്ചുകൂടെങ്കില്‍ കൂടി..)
Labels: കഥ
ഓരോ വഴിപ്പിരിവുകളിലും നാല്‍വലകളിലും സ്വയം തെറ്റിയും തെറിച്ചും സ്വയം വിരചിതമാകുന്ന മാര്‍ഗ്ഗരേഖകള്‍ ഇന്നത്തെ യാത്രയെയും സഫലമാക്കുമെന്ന വിശ്വാസത്തില്‍ എങ്ങോട്ടാണെന്ന് ചോദ്യത്തിനെ പാടെ അവഗണിച്ച് വൈശാഖന്‍ വണ്ടിയെടുത്തു.
നേരം വെളുക്കുന്നതേയുള്ളു. നല്ല മഞ്ഞുണ്ട്, തണുപ്പും, വെറുതെ, വെള്ളച്ചാട്ടം കാണാന്‍ ഒരു പൂതിയും. വണ്ടിയോടി. യാത്ര സമയവും മടുപ്പും കത്തിച്ച് വലിച്ച് പുകയൂതി വിട്ടുകൊണ്ടിരുന്നു. രണ്ടേകാല്‍ മണിക്കൂറിനിപ്പുറം ആ പൂതിയടങ്ങി. പത്തു പതിനഞ്ചു മിനിറ്റിന്റെ ഒറ്റയ്ക്കുള്ളൊരു കുഞ്ഞു കാഴ്ചയില്‍ വെള്ളച്ചാട്ടം തീര്‍ത്തും മടുപ്പിക്കുന്നതായിരുന്നു. തിരിച്ചു പോകാന്‍ നേരമായില്ല. തിരിച്ചുപോകാന്‍ തോന്നുന്നുമില്ല.വണ്ടി മുന്നോട്ടു തന്നെയെടുത്തു.
അന്‍പത്തിയൊന്‍പതു കിലോമീറ്റര്‍ ദൂരത്തില്‍ മലക്കപ്പാറ. നൂറ്റിനാല്‍പതു കിലോമീറ്റര്‍ ദൂരത്തില്‍ പൊള്ളാച്ചി. അവിടെനിന്ന് രണ്ടു രണ്ടര മണിക്കൂറില്‍ വീടെത്താം, കണക്കുകൂട്ടലുകള്‍ വേഗത്തില്‍ നടന്നു. അപകടസാധ്യതകളൊന്നും കണക്കിലെടുക്കാതെ, വെറുതെയൊരു മഴ വന്നാലോ, ഒരു കാറ്റു വീശിയാല്‍ പോലുമോ അന്ത്യം മറ്റൊന്നായേക്കാവുന്ന ഒരു യാത്ര അവിടെ തുടങ്ങുകയായിരുന്നു. മനുഷ്യ സാന്നിധ്യം തീരെ കുറഞ്ഞ നിത്യഹരിതവനമാണ് മലക്കപ്പാറ വരെ. പൊള്ളാച്ചിയിലേക്കുള്ള ചുരം അപകടം പതിയിരിക്കുന്ന നാല്‍പതു ഹെയര്‍പിന്‍ വളവുകളാല്‍ സമ്പന്നം. ആദ്യത്തെ അന്‍പത്തിയൊമ്പതു കിലോമീറ്ററില്‍ ഒരു കട പോലുമില്ല. വെള്ളം കഴിഞ്ഞുപോയാലോ, വണ്ടിയിലെ പെട്രോള്‍ തീര്‍ന്നാലോ എന്ത് സംഭവിക്കും എന്നൊരു ചോദ്യമേ അവശേഷിക്കുന്നില്ല. ആ കാട്ടില്‍ കിടന്നു ചത്തു പോകുമെന്നതൊഴിച്ച് മറ്റെന്തെങ്കിലും സംഭവിക്കുവാന്‍ സാധ്യതയുമേതുമില്ല. തികച്ചും അനാവശ്യമായ, അപകടകരമായൊരു യാത്രയാണിതെന്ന് ചെക് പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കെയും അവന്‍ ആലോചിച്ചു. യാത്രയുപേക്ഷിച്ച് തിരിച്ചു പോകണമെങ്കില്‍ അത് ഇപ്പോള്‍ വേണം. ഇവിടെനിന്നു നീങ്ങിയാല്‍, ഈ ചെക്പോസ്റ്റ് കടന്നാല്‍, പിന്നീടുള്ള തിരിച്ചുവരവ് പരാജിതനായി, തലകുനിച്ചുകൊണ്ടായിരിക്കും.
"ബാഗില്‍ പ്ലാസ്റ്റിക്കിന്റെ വല്ല കവറോ മറ്റോ ഉണ്ടോ?" ചെക് പോസ്റ്റിലെ പോലീസുകാരന്റെ ചോദ്യമാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.
"ഇല്ല, രണ്ട് കുപ്പി വെള്ളവും ഒരു ക്യാമറയും മാത്രം"
"പൊള്ളാച്ചി വരെയും പോകുന്നുണ്ടോ മോനേ? ഒറ്റയ്ക്കാണോ? എന്തിനാണു പോകുന്നത്?"
അയാളുടെ മുഖഭാവം, അത്യാവശ്യമില്ലെങ്കില്‍ ഒറ്റയ്ക്ക് ഈ യാത്ര നടത്തേണ്ട എന്ന് ആവര്‍ത്തിച്ചു പറയുന്നതായിത്തോന്നി.
ഇല്ല, എന്തായാലും ഇറങ്ങിത്തിരിച്ചു, ഇനി യാത്ര മുഴുമിക്കുക തന്നെ. ഒരാളെ കാണേണ്ട ഒരാവശ്യമുണ്ടെന്ന് വെറുതെയൊരു കള്ളം പറഞ്ഞു, പറഞ്ഞ കള്ളത്തിനെന്നോണം വണ്ടി നമ്പരെഴുതിയൊരു രസീതി മേടിച്ചു. മലക്കപ്പാറയില്‍ എത്തിയാല്‍ അവിടത്തെ ചെക്പോസ്റ്റില്‍ കൊടുക്കാനായി, അതിനെ ജാക്കറ്റിന്റെ ഉള്‍വശത്തെ കീശയിലേക്കു തിരുകി വച്ചു.
"ആറു മണിക്കൂറിലധികമെടുക്കും പൊള്ളാച്ചിക്ക്", പോലീസുകാരന്‍ വിളിച്ചു പറഞ്ഞു.
"ഒറ്റക്ക് ഇപ്പോള്‍ ഈ യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കുന്നതാകും നല്ലത്" അയാള്‍ തുടര്‍ന്നു. മറുപടി ഒരു ചിരിയിലൊതുക്കി, ഒന്ന് കൈ വീശിക്കാണിച്ചു, കീശയിലെ രശീതി ഒന്നുകൂടി തൊട്ട് ഉറപ്പു വരുത്തി, വണ്ടിയെടുത്തു.
കാട്ടിനുള്ളിലേക്ക് ഏകദേശം ഇരുപതു കിലോമീറ്റര്‍ പോയിക്കാണും, വഴിയിലെ അപകടങ്ങള്‍ ഒന്നൊന്നായി സ്വയം വെളിപ്പെട്ടുകൊണ്ടിരുന്നു. പ്രകൃതിസ്നേഹം മൂത്തിട്ടൊന്നുമല്ല, അസ്സല്‍ കുത്തിക്കഴപ്പ് കാരണം തന്നെയാണ്, വാഴച്ചാല്‍ മുതല്‍ മലക്കപ്പാറ വരെയുള്ള കാനന പാതയില്‍ നിന്നും പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കിയെടുത്ത് കാടിനു പുറത്തുകൊണ്ടു കളയാമെന്നു കരുതിയത്.വനം വകുപ്പുദ്യോഗസ്ഥരുടെ ശ്രമഫലമായിട്ടായിരിക്കണം, കാട്ടില്‍ നന്നേ കുറവാണു പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍. റോഡരികില്‍ നിന്നും ബാക്കിയുള്ളവ വണ്ടി നിര്‍ത്തി, പെറുക്കിയെടുത്തു ബാഗില്‍ വച്ചുകൊണ്ട് യാത്ര തുടര്‍ന്നുകൊണ്ടിരിക്കെയാണ് അതു സംഭവിച്ചത്.വണ്ടി നിര്‍ത്തി, ഒരു പ്ലാസ്റ്റിക് കവറെടുത്തു ബാഗിലിട്ട ശേഷം വണ്ടിയെടുത്തപ്പോള്‍, സൈഡ് സ്റ്റാന്‍ഡ് തട്ടാന്‍ മറന്നു പോയി.
അധിക ദൂരം പോയില്ല. ഇടത്തേക്കുള്ളൊരു വളവു വീശിയൊടിച്ചതേ ഓര്‍മ്മയുള്ളു, നിവര്‍ന്നിരുന്ന സൈഡ് സ്റ്റാന്‍ഡില്‍ തട്ടി തെന്നിയ വണ്ടി റോഡില്‍ നിന്നും തെറിച്ചുപോയി.
തൊട്ടു താഴെ ഈറ്റക്കാടുണ്ടായത് ഭാഗ്യമായി. റോഡില്‍ നിന്നും കഷ്ടി പത്തടി താഴെ വണ്ടി തങ്ങി നിന്നു. ഉള്‍ക്കാട്, പത്തിരുനൂറടി താഴ്ചയില്‍ കുത്തിയൊഴുകുന്ന ചാലക്കുടിപ്പുഴ, തകകീഴായി ഈറച്ചെടികളില്‍ കുരുങ്ങിക്കിടക്കുന്ന വണ്ടി. ഈറ്റത്തണ്ടുകളില്‍ പൊത്തിപ്പിടിച്ച് റോഡിലേക്കു കയറിപ്പറ്റി. ബാഗും ജാക്കറ്റുമഴിച്ചു നോക്കി. ക്യാമറക്കും ബാഗിനുമൊന്നും യാതൊന്നും പറ്റിയിട്ടില്ല. സിഗ്നലിന്റെ പൊടി പോലുമില്ലെങ്കിലും മൊബൈലും ഭദ്രം
അര കിലോ നേന്ത്രപ്പഴവും ഒന്നര കുപ്പി വെള്ളവും അരപ്പാക്കറ്റ് സിഗരറ്റും ബാഗിലുണ്ട്. ഇതുവഴി ആരും വന്നില്ലെങ്കില്‍ കൂടി ഒരു ദിവസം കഴിച്ചുകൂട്ടാന്‍ അത് മതിയായിരിക്കും. തന്നെപ്പോലെ തിന്നത് എല്ലിനിടയില്‍ കുത്തുന്ന വട്ടന്മാരല്ലാതെ ആരാണീ വഴി വരാന്‍ പോകുന്നത്? ഒന്നും പറയാതെയാണു വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കണ്ടില്ലെങ്കില്‍ അവര്‍ അന്വേഷിച്ചേക്കും. ആളും മനുഷ്യനുമില്ലാത്ത ഈ കാട്ടില്‍ എങ്ങനെ വന്നു പെട്ടെന്നു ചോദിച്ചാല്‍ എന്തു പറയും? മറിഞ്ഞു കിടക്കുന്ന വണ്ടിയില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നാല്‍ ഇവിടിരുന്നെങ്ങിനെ സിഗരറ്റു കത്തിക്കും?, കാട്ടുതീ ഉണ്ടായാല്‍ എന്തു ചെയ്യും? അഥവാ പെട്ടന്നു തലവേദന വന്നു പോയാലെന്തു ചെയ്യും? ഈ ഭാഗത്ത് പാമ്പുകള്‍ ഉണ്ടാകില്ലേ? മുഴുവന്‍ പെട്രോളും ടാങ്കില്‍ നിന്ന് ഒലിച്ചു പോയാല്‍ ഇവിടെനിന്ന് എങ്ങിനെ പുറത്തു കടക്കും? ആ പോട്ട്, പത്തടിയിലും താഴെ വീണു കിടക്കുന്ന വണ്ടി മുകളിലെത്തിയിട്ടല്ലേ, അപ്പൊഴാലോചിക്കാം. ഇന്നലെ രാത്രി മരുന്നു കഴിച്ചിട്ടില്ല. ഇന്നു രാവിലെയും കഴിച്ചിട്ടില്ല. ഇന്നു രാത്രി ഇവിടെ കഴിയാനാണു വിധിയെങ്കില്‍ ഇന്നും മരുന്നു കഴിക്കയുണ്ടാകില്ല...
ഒന്നിനു പിറകെ ഒന്നായി ചിന്തകള്‍ വന്നും പോയുമിരുന്നു. ഭയാനകങ്ങളും ഭ്രമാത്മകങ്ങളും വിചിത്രങ്ങളുമായ ചിന്തകള്‍ അവയുടെ ഊഴമെടുത്തു.
വെറുതെ വെറുതെയെങ്കിലും റോഡില്‍ നിന്നു തെന്നി, താഴെ, ഈറ്റക്കൂട്ടങ്ങളില്‍ തടഞ്ഞു കിടക്കുന്ന വണ്ടിയെയും, അതിനു കാവലിരിക്കുന്ന സ്വന്തം വിധിയെയും കഴിക്കാതെ പോയ മരുന്നുകളിലും, മറ്റു പലതുകളിലും ഒളിപ്പിച്ചു വയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് വൈശാഖന്‍ ഒരിക്കലും വന്നെത്തുവാന്‍ സാധ്യതയില്ലാത്തൊരു വണ്ടിയെയും, തന്റെ ശകടം പൊക്കിയെടുക്കുവാന്‍ പാകത്തിനു തടിമിടുക്കുള്ള കുറെയാളുകളെയും പ്രതീക്ഷിച്ച് ഒരു സിഗരറ്റിനു തീ കൊടുത്തു.
രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത വിധം അപകടങ്ങളില്‍ അകപ്പെട്ട മനുഷ്യര്‍ യുക്തിക്ക് ഇടങ്ങള്‍ നല്കാതെ ഭ്രാന്തമായി സന്തോഷിക്കാറുണ്ടത്രേ. ഭ്രമാത്മകമായ സന്തോഷങ്ങള്‍ തന്റേതുകൂടീയാണെന്നുറപ്പിച്ച്, ഉള്‍ക്കാട്ടിലെ ചെറിയ റോഡിനു നടുവില്‍ ജാക്കറ്റു വിരിച്ച് ബാഗും കെട്ടിപ്പിടിച്ചിരുന്ന് വൈശാഖന്‍ പാട്ടുപാടിക്കൊണ്ടിരുന്നു.
Picture yourself in a boat on a river,
With tangerine trees and marmalade skies.
Somebody calls you, you answer quite slowly,
A girl with kaleidoscope eyes....
ആരുമാരും അതു വഴി വരില്ലെന്നറിഞ്ഞിട്ടും, ആരുമാരും അതു കേള്‍ക്കില്ലെന്നറിഞ്ഞിട്ടും, ശരിയായെന്നു തനിക്കു ബോധ്യം വരുന്നതു വരേയ്ക്കും അതയാള്‍ മാറ്റിമാറ്റിപ്പാടിക്കൊണ്ടേയിരുന്നു. റോഡില്‍ നിന്നും തനിക്കു വലിച്ചു കയറ്റാന്‍ കഴിയുന്നതിലുമേറെ താഴെ വീണു കിടക്കുന്ന ബൈക്ക്, ഇരു പുറത്തേക്കും നടന്നെത്താന്‍ സാധിക്കാത്ത ദൂരങ്ങള്‍, ഉപയോഗശൂന്യമായ മൊബൈല്‍ഫോണ്‍, കുരുത്തക്കേടും, അതിലപ്പുറത്തെ അശ്രദ്ധയും കാരണം അപകടത്തിലായ ഒരുവനെ രക്ഷിക്കാന്‍ ഈ അവസ്ഥയില്‍ ആരെങ്കിലും വരുമെന്നു പ്രതീക്ഷിക്ക തന്നെ വയ്യ. അതുകൊണ്ട് ഇനിയും പാടുകതന്നെയെന്നോര്‍ത്ത് വൈശാഖന്‍ പാട്ടു പാടിക്കൊണ്ടിരുന്നു.
വധശിക്ഷ ഇളവു ചെയ്തു കിട്ടിയ വാര്‍ത്തയെ പോലെയാണ് ദൂരെ കേട്ടൊരു ജീപ്പിന്റെ ശബ്ദത്തെ അയാള്‍ സ്വീകരിച്ചത് . "അതില്‍ നിറയെ ആളുകളുണ്ടെങ്കില്‍, അവര്‍ ഇവിടെ വാഹനം നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിച്ചെങ്കില്‍, വണ്ടി പൊക്കിയെടുക്കുവാന്‍ സഹായിച്ചെങ്കില്‍, വണ്ടിക്ക് കേടൊന്നുമില്ലാതിരുന്നെങ്കില്‍, യാത്ര തുടരുവാന്‍ കഴിഞ്ഞെങ്കില്‍..." അതില്‍ കുറഞ്ഞെന്തെങ്കിലുമായി വൈശാഖന്‍ ആ ജീപ്പിന്റെ മുരള്‍ച്ചയെ കേട്ടിരുന്നുവെങ്കില്‍ അത് ഒരു ദിശയിലൊതുങ്ങാത്ത ഒരു നീതികേടാകുമായിരുന്നു. ജീവിതത്തോളം തന്നെ വിവിധങ്ങളായ ചിന്തകളും ആഗ്രഹങ്ങളും അയാള്‍ കല്‍പിച്ചു കൂട്ടി. വണ്ടി റോഡിലെത്തുന്നത്, അതോടിക്കുമ്പോള്‍ സ്റ്റാന്‍ഡ് തട്ടിയോ എന്ന് ഇടം കാല്‍കൊണ്ട് തപ്പി നോക്കുന്നത്, വഴിക്കു നിര്‍ത്തി ഫോട്ടോയെടുക്കുന്നത്, പൊള്ളാച്ചി വഴി പാലക്കാടു ചെന്ന് വീട്ടിലേക്കുള്ള വഴിയില്‍ പറളിയിലെ കുഞ്ഞു ചായക്കടയില്‍ നിന്നും വെങ്കായറോസ്റ്റു കഴിക്കുന്നത്, വീട്ടിലേക്കുചെന്നു കയറിയാല്‍, എവിടെപ്പോയെന്നുള്ള അമ്മയുടെ ചോദ്യത്തിന് പതിവുപോലെ മറ്റെന്തെങ്കിലും നുണയുത്തരം കൊടുക്കുന്നത്, തലനിറയെ കുളിര്‍ക്കെ എണ്ണതേച്ചു കുളിക്കുന്നത്, കെട്ടി വയ്ക്കാനുള്ള നീളമില്ലെങ്കിലും വളര്‍ന്നു തുടങ്ങിയ തലമുടി വെറുതെ കെട്ടിവച്ചു കണ്ണാടി നോക്കുന്നത്...
ജീപ്പ് അടുത്തെത്തിയിരുന്നു, ജാക്കറ്റും ബാഗും വലിച്ചെടുത്ത് റോഡില്‍ നിന്നു കൈ കാട്ടി. ജീപ്പു നിര്‍ത്തി. ആഗ്രഹിച്ച വണ്ണമുള്ള നാലഞ്ചു പേര്‍ ഇറങ്ങി. ജീപ്പുയാത്രക്കാര്‍, നല്ലവര്‍, പൊള്ളാച്ചി വരേയ്ക്കും പോകുന്ന പോലീസുകാര്‍, വണ്ടി കയറ്റി വച്ചു തന്നു. വീഴ്ചയില്‍ ചില്ലറ ചതവുകള്‍ പറ്റിയിട്ടുണ്ട്. അതു കണക്കാക്കാതെ നല്ലവരായ ആ പോലീസുകാരോട് നന്ദി പറഞ്ഞ്, വണ്ടിയെടുത്തു.
ജീവിതത്തിനും മരണത്തിനുമിടയ്ക്ക് ദോലനം ചെയ്തുകൊണ്ടിരിക്കുന്നൊരു ചിന്തയെന്നോണം വളരെ കൃത്യമായ രേഖകളില്‍ വണ്ടിയോടി. ഇടക്കിടെ ജീപ്പ് വൈശാഖനേയും, വൈശാഖന്‍ ജീപ്പിനേയും കടന്നു പൊയ്ക്കൊണ്ടിരുന്നു. ഓരോ കുറിയും സുരക്ഷയുടെയൊരു കൈവീശിക്കാണിക്കലിലും ഒരു ചിരിയിലും ആളും മനുഷ്യനുമില്ലാത്ത ആ ഉള്‍ക്കാട് ജീവിതത്തിന്റെ മനോഹരമായൊരു പാഠം പഠിപ്പിച്ചു. Help someone, Someone'll sure help you back, Someday. വരും വഴിക്ക് വണ്ടി സ്റ്റാര്‍ട്ടാക്കാനാകാതെ നിന്നൊരാളെ സഹായിച്ചതിന് ഇത്ര വേഗം, ഇത്രയും വലിയ പ്രതിഫലം പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷം.
വണ്ടി വീണ്ടുമോടി. തിരിഞ്ഞുനോക്കലുകള്‍ക്കു സമയം കൊടുക്കാതെ, വളരെക്കുറച്ചിടങ്ങളില്‍ മാത്രം നിര്‍ത്തി, ഇടക്കു ചിത്രങ്ങളെടുത്ത്..
മലക്കപ്പാറയില്‍, "ലൈസന്‍സിന്റെ ഒറിജിനല്‍ കയ്യില്‍ വയ്ക്കാതെ സംസ്ഥാനത്തിനു പുറത്തേക്ക് ഇത്തരമൊരു യാത്രയ്ക് പുറപ്പെടരുതായിരുന്നു" എന്നുപദേശിച്ച ഉദ്യോഗസ്ഥനോടുള്ള മറുപടി ഒരു ചിരിയില്‍ ഒതുക്കി. "ഇത്തരമൊരു യാത്രയ്ക്കേ ഞാന്‍ ഇറങ്ങിപ്പുറപ്പെടരുതായിരുന്നു" എന്നായിരുന്നു വൈശാഖന്റെ മനസ്സില്‍.
ത്രോട്ടില്‍ വീണ്ടും മുറുകി. വണ്ടി വീണ്ടുമോടിത്തുടങ്ങി. ലക്ഷ്യങ്ങളും മാര്‍ഗ്ഗരേഖകളും കൈമോശം വന്നവന്റെ യാത്രകള്‍ എങ്ങോട്ടെന്നില്ലാതെ കാലു വലിച്ചു വെച്ചു നടന്നു. ഓരോയിടത്തും നിന്നും, തിരിഞ്ഞു നോക്കിയും, വീണ്ടും നടന്നും. ഓരോ വഴിത്തിരിവിലും മരിച്ചു പോയും, വീണ്ടും ജനിച്ചും, കാണാതെ പോയും, അറ്റമില്ലാത്ത കാഴ്ചകളില്‍, കാമനകളില്‍, പരിലസിച്ചു.
നാല്‍പതു ഹെയര്‍പിന്‍ വളവുകള്‍ക്കപ്പുറം പൊള്ളാച്ചിയും ഇരുള്‍വീഴും മുന്‍പു തന്നെയൂട്ടാന്‍ പറളിയിലൊരു ചെറു ഹോട്ടലും, പറയുന്നതെല്ലാം നുണകളാണെന്നറിഞ്ഞുകൊണ്ടു തന്നെ അവ കേള്‍ക്കാന്‍ ഒരമ്മയും കാത്തിരിക്കുന്നു. നിരാശാജനകമാം വിധം പൂര്‍ണവും സഫലവുമായ ഒരു യാത്രയാണു തന്നെയിപ്പോള്‍ ഉള്‍ക്കൊള്ളുന്നതെന്ന തിരിച്ചറിവിനാല്‍ വൈശാഖന്‍ ഉന്മത്തനായി. ഏറെ നന്നായിട്ടൊന്നുമല്ലെങ്കിലും, അയാള്‍ പാട്ടുകള്‍ പാടി മനസ്സില്‍ ഉറക്കെയുറക്കെ നൃത്തം ചെയ്തു. നൃത്തം ചെയ്യാന്‍ കഴിയാത്തവരാലും സംഗീതം ശ്രവിക്കാത്തവരാലും അവന്‍ ഭ്രാന്തനെന്ന് വിളിക്കപ്പെട്ടു. അവന്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു. പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. സിരകളില്‍ രക്തത്തില്‍ ലയിച്ചു ചേര്‍ന്ന ഭ്രാന്തിനെ ഒഴുക്കി, നിത്യ മനോഹരങ്ങളായ വേഗതകളിലേക്ക് അവന്‍ വണ്ടിയോടിച്ചുകൊണ്ടേയിരുന്നു, പാട്ടുകള്‍ പാടിക്കൊണ്ടേയിരുന്നു...
Labels: കഥ
അങ്ങെനെയിനി വിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം, എങ്കിലും,ഒരു കത്ത് തുടങ്ങുമ്പോള്‍ പാലിക്കേണ്ടതുള്ള മര്യാദകളെ പ്രതി മാത്രം,
പ്രിയപ്പെട്ട എന്റെ പൂര്‍വ്വകാമുകിക്ക്,
ഒട്ടേറെയൊന്നും തണുപ്പില്ലാതിരുന്നൊരു ജനുവരിയിലെ ആദ്യ വ്യാഴത്തില്‍ നിന്ന്.
ഒന്‍പതു മാസവും ഇരുപത്തിനാലു ദിവസവും കഴിഞ്ഞിരിക്കുന്നു. മുഴുമിക്കാതെയും, വീണ്ടും തുടങ്ങാതെയും, എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ഒരു അര്‍ദ്ധ വിരാമത്തില്‍ ഞാനും നീയും നമ്മളെ ഉപേക്ഷിച്ചു പോന്നിട്ട്. നീ അവിടെ നിന്നും നടന്നു നീങ്ങിയെന്നറിയാം, പക്ഷേ, ഞാന്‍ അവിടെത്തന്നെ കാത്തു നില്ക്കുകയായിരുന്നു. ഒരു വ്യര്‍ത്ഥ രൂപകത്താല്‍ പോലും ആരും അടയാളപ്പെടുത്താതിരുന്ന വര്‍ണ്ണങ്ങളായിരുന്നു നമ്മള്‍ എന്ന് ആവര്‍ത്തിച്ചു പറഞ്ഞുറപ്പിച്ചിട്ടു കൂടി, നീ നടന്നു നീങ്ങിയിടത്തു തന്നെ ഞാന്‍ പറ്റിപ്പിടിച്ചു കിടന്നു; മഠയന്മാര്‍ക്ക് എന്താണു ചെയ്തുകൂടാത്തത് !!
ഒരു വെള്ളിയാഴ്ച വൈകുന്നേരം, പദ്മയില്‍ സിനിമ കാണാന്‍ ടിക്കറ്റിന് കാത്തു നില്‍ക്കുമ്പോഴാണ്എട്ടു ദിവസങ്ങള്‍ക്കപ്പുറം നമ്മള്‍ പിരിഞ്ഞ വിവരം നിന്റെ കൂട്ടുകാരി പറഞ്ഞ്ഞാനറിയുന്നത്. തിയ്യറ്ററിന്റെ ഒന്നാം നിലയില്‍ നിന്ന്, വെള്ളിയാഴ്ചത്തിരക്കിലൂടെ പകലില്‍ നിന്നും രാത്രിയിലേക്കോടുന്ന വണ്ടികളെയും നോക്കിക്കൊണ്ട് കാപ്പി മൊത്തിക്കുടിച്ച് ഫോണ്‍ ചെവിയില്‍ വച്ച് പ്രണയനഷ്ടത്തിന്റെ തികച്ചും വ്യത്യസ്ഥമായൊരു കാഴ്ച ഞാന്‍ കണ്ടു നിന്നു. സ്വയം നായകനാകുന്ന കഥകള്‍, വളരെ വിരസമാണെന്നിരിക്കിലും, ചില കഥകള്‍ നാം പറഞ്ഞു തീര്‍ക്കുക തന്നെ വേണം.
സിനിമ തുടങ്ങിയ ശേഷം നിന്റെ കൂട്ടുകാരി വീണ്ടും വിളിച്ചിരുന്നു, ഞാന്‍ അബദ്ധമൊന്നും കാണിച്ചിട്ടില്ലല്ലോ എന്നറിയാന്‍. ഇല്ലെന്നു പറഞ്ഞു ചിരിച്ചുകൊണ്ട് കോള്‍ ഡിസ്കണക്റ്റ് ചെയ്തു. വാഷ് റൂമില്‍ പോയി, ഒരു സിഗരറ്റു കത്തിച്ചു. കരയാന്‍ ശ്രമിച്ചു, - പരാജയപ്പെട്ടു, - തിരിച്ചു സീറ്റില്‍ വന്നിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരി സിനിമയില്‍ മുഴുകിയിരിപ്പായിരുന്നു, അവളുടെ കൈ പിടിച്ച് കുറച്ചുനേരം സ്ക്രീനിലേക്കു നോക്കിയിരുന്നു. പിന്നെ കണ്ണടച്ച്, ചാരിക്കിടന്നു കരഞ്ഞു. അന്ന്, അപ്പോള്‍, അവിടെവച്ചു തന്നെ, മരിച്ചുപോകണമെന്ന് വെറുതെ വെറുതെ മോഹിച്ചുകൊണ്ടിരുന്നു...
പാതിരാത്രിയോടടുത്ത്, ആ കൂട്ടുകാരിയെ ബസ്സു കേറ്റി വിട്ട ശേഷം, റൂമിലേക്കു തിരിച്ചു. പലപ്പൊഴും കണ്ണീരില്‍ തട്ടി വന്ന വെളിച്ചം കാഴ്ച മറച്ചു, അതു കൂട്ടാക്കാതെ തന്നെ തുടര്‍ന്നും വണ്ടിയോടിച്ചു. മുഴുവന്‍ ലോകത്തോടും വാശി തീര്‍ത്ത് ബോധം കെട്ടുറങ്ങിയ ആ രാത്രിയില്‍, എപ്പൊഴോ കണ്ടൊരു സ്വപ്നമാണ് നിന്നെക്കുറിച്ചുള്ള എന്റെ അവസാനത്തെ ഓര്‍മ്മ. (അതൊരിക്കലും മങ്ങാതിരിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.)
പിന്നെയിതുവരെ നമ്മള്‍ കണ്ടിട്ടില്ല. ഒന്നും മിണ്ടിയിട്ടുമില്ല. നീ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന്, നീ തികച്ചും പ്രാധാന്യമര്‍ഹിക്കാത്ത മറ്റൊരു പെണ്‍കുട്ടി മാത്രമാണെന്ന്, നീ ഏതൊരാണിനും പറ്റിയേക്കാവുന്ന വെറുമൊരബദ്ധം മാത്രമാണെന്ന്, തുടങ്ങി, വിശ്വസിക്കാന്‍ പ്രയാസമുള്ള പല നുണകളും സ്വയം ആവര്‍ത്തിച്ച് കുറേ രാത്രികളിലെങ്കിലും ഞാന്‍ ഉറങ്ങാതെ സ്വപ്നം കണ്ടിരുന്നു. ഇപ്പോള്‍ തോന്നുന്നു, ഒന്നും മിണ്ടാതെ, ഒന്നും ഒന്നും അറിഞ്ഞതായിപ്പോലും ഭാവിക്കാതെ മിണ്ടാതിരുന്നത് നന്നായെന്ന്, ആരെയും ആരെയും ബാധ്യതകള്‍ ഏല്‍പ്പിക്കാതെ, എന്നെങ്കിലുമൊരിക്കല്‍ സംഭവിച്ചേക്കാവുന്ന വിലക്ഷണമായൊരു സംഭാഷണം പോലും ഒഴിവാക്കിയതിന് ഞാന്‍ തീര്‍ച്ചയായും നിന്നെ അഭിനന്ദിക്കുന്നു. നീ തികച്ചും മിടുക്കിയാണ്. നിനക്കു നല്ലതു വരട്ടെ.
പിന്നെയങ്ങോട്ട് ഒന്‍പതു മാസങ്ങളില്‍, ഒരാള്‍ ജീവിതം എങ്ങനെയൊക്കെ ജീവിക്കുവാന്‍ പാടില്ല എന്നു പഠിക്കുകയായിരുന്നു ഞാന്‍. (അതുമുഴുവന്‍ പറയാന്‍ സമയമില്ല, പെട്ടന്നെടുത്തൊരു തീരുമാനമാണ് ഇങ്ങനെയൊരു കത്തെഴുതി വയ്കാമെന്നത്. പിന്നെ, നിനക്കറിയാത്തതല്ലല്ലോ, എന്റെ മടി..)
കുറേക്കാലത്തിനു ശേഷം, ഇന്നു വീണ്ടും നിന്നെക്കുറിച്ച് ഓര്‍ത്തു. ഒരിക്കല്‍ പോലും കേള്‍ക്കാതെ, ഓരോ കൂതറ സെന്റിമെന്റ്സിന്റെ പേരില്‍ മാത്രം ഫോണില്‍ കൊണ്ടു നടന്നിരുന്ന കുറേ പന്ന പാട്ടുകള്‍ ഇന്നു ഞാന്‍ മായ്ച്ചു കളഞ്ഞു. ഇനി അബദ്ധത്തില്‍ എങ്ങാനും അവ play ആയിപ്പോയാല്‍ പെട്ടന്നു പാന്റ് പോക്കറ്റില്‍ നിന്നും ഫോണ്‍ വലിച്ചെടുത്ത് next അടിക്കണ്ട, ചുറ്റുമുള്ളവരെല്ലാം എന്നെ നോക്കുന്നുവെന്നോര്‍ത്ത് തല കുനിച്ചിരിക്കേണ്ട, വെറുതെ വെറുതെ സങ്കടപ്പെടേണ്ട, അല്പസമയം കഴിഞ്ഞ്, ഒരു ദീര്‍ഖനിശ്വാസത്തിനെ പിന്‍തുടര്‍ന്ന് കണ്ണുകള്‍ തുടയ്ക്കേണ്ട, ദൂരെ ദൂരേക്ക് നോക്കി ഒറ്റയ്ക്കിരിക്കേണ്ട, ഒന്നും, ഒന്നും വേണ്ട...
ഇനിയൊരിക്കലും ഒരുമിച്ചു കേള്‍ക്കാനിടയില്ലാത്ത പാട്ടുകളും, ഒരുമിച്ചു കാണാനിടയില്ലാത്ത സ്വപ്നങ്ങളുമെല്ലാം, മാഞ്ഞു മാഞ്ഞു പോകുന്നതു തന്നെയാണു നല്ലതെന്നു തോന്നി.
ഓര്‍മ്മകളെയൊന്നും ഒരു shift+del അടിച്ചു കളയാന്‍ പറ്റില്ലെന്ന് അറിയാഞ്ഞിട്ടല്ല. പ്ലേറ്റുകളും കണ്ണാടിച്ചില്ലുകളുമല്ലേ നമ്മുടെ ഭ്രാന്തന്മാര്‍ എല്ലാ സിനിമകളിലും തല്ലിപ്പൊട്ടിച്ചിരുന്നത്...
ഇന്നേക്ക് ഇരുനൂറ്റിത്തൊണ്ണൂറ്റിയെട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ഗുഡ് ബൈ എന്നൊരവസാന വാക്കു പോലും പറയാതെ നമ്മള്‍ മിണ്ടാതിരിക്കുവാന്‍ തുടങ്ങിയിട്ട്. ഒരു വാക്കു പോലും മിണ്ടാതെ, ഒന്നു മുഖത്തു പോലും നോക്കാതെ, പരസ്പരം നിലനില്‍പിന്റെ അവസാന കണികപോലും അര്‍ത്ഥശൂന്യമായിപ്പോയെന്നു വിശ്വസിച്ച്തീര്‍ത്തും വ്യത്യസ്തമായ നമ്മുടെ ജീവിതങ്ങള്‍ സ്വയം ജീവിച്ചു തീര്‍ക്കുവാന്‍ തുടങ്ങിയിട്ട്.
സ്വയം എഴുതിച്ചേര്‍ക്കപ്പെട്ട വസ്തുതകളെ അവിശ്വസിക്കുന്നതിന്റെ അര്‍ത്ഥശൂന്യതയെ പ്രതി മാത്രം, ജലരേഖകള്‍ രേഖപ്പെടുത്തിയ മറ്റൊരു പ്രണയകഥ മാത്രമായിരുന്നു നമ്മുടേതെന്ന് ഇന്നു ഞാന്‍ മനസ്സിലാക്കുന്നു. വൈകിയ വേളയെങ്കിലും, ഞാനും നടന്നു നീങ്ങുന്നു. (അല്ലാതെ നൂറു കൊല്ലം നിന്റെ പേരും പറഞ്ഞ് താടി വളര്‍ത്തി കഞ്ചാവും വലിച്ചു നടക്കണോ? ഓ, പറ്റത്തില്ല പെണ്ണേ..:-/ )
ഇവിടെ നിന്ന് എഴുന്നേറ്റാല്‍, ചെവിയില്‍ ഹെഡ്ഫോണ്‍ കുത്തിവെച്ച്, എനിക്കുമാത്രം ഇഷ്ടമുള്ള പാട്ടുകള്‍ കേട്ട്, ഞാനെന്റെ കട്ടിലില്‍ ചെന്നു മലര്‍ന്നു കിടക്കും.
മേല്‍ക്കൂരയിലെ ഓടുകളിലേക്കു നോക്കി, പതുക്കെപ്പതുക്കെ, കൂടെപ്പാടും.
വളരെ സ്വസ്ഥനായി, സന്തോഷവാനായി കിടന്നുറങ്ങും.
ഈ എഴുത്ത് ആരെങ്കിലുമൊക്കെ നിനക്ക് എത്തിച്ചേക്കും. പക്ഷേ, ഇതു വായിച്ചാലുമില്ലെങ്കിലും, നീ ഇനി എന്റെ വീട്ടിലേക്കു വരണ്ട.
ഇതെഴുതി തുടങ്ങും മുന്‍പേ മുറിച്ചു വച്ച ഇടതു കൈത്തണ്ടയാണേ സത്യം, ഞാനും വരില്ല.
Labels: കഥ
ന്യായമായ കാരണങ്ങള്‍ രേഖപ്പെടുത്താതെ ആത്മഹത്യ ചെയ്തൊരാള്‍ പറയുന്നു
8 comments Posted by മത്താപ്പ് at 8:00 PMLabels: കവിത
തമ്മിലുള്ള കെട്ടുകൾ പൊട്ടിപ്പോയ ഒരു പ്രണയം, ഒരു പുതുമഴ, ഒരു ഞായറാഴ്ച.
22 comments Posted by മത്താപ്പ് at 2:00 AMരാവിലെ സീനേച്ചിയുടെ മെസേജ് കണ്ടു, “മത്താപ്പേ, സൈക്കിൾ റാലിക്ക് കാണൂല്ലേ?“.
രാവിലെത്തന്നെ ഏറിയ മടുപ്പും വീട്ടിലിരിക്കാനുള്ള മടിയും തൃശ്ശൂരെന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു.
മിഥുവിനും പ്രിനുവേട്ടനും, “എന്താ പരിപാടി?” എന്നും ചോദിച്ച് മെസേജയച്ച്, നേരെ വണ്ടിയും എടുത്ത് തൃശ്ശൂർക്ക്.
അക്കാദമിയുടെ മുന്നിൽ ചെന്നു, വണ്ടിയൊതുക്കി, മൊബൈലെടുത്തു നോക്കി.
മിഥുവിന്റെ മറുപടി വന്നിരുന്നു, അവൾ ഇന്ന് വീട്ടീന്ന് പുറത്തിറങ്ങണില്യാ എന്ന്.
പ്രിനുവേട്ടൻ വർക്കിൽ ആണെന്നും.
“ടൌണിലുണ്ടോ“ എന്നും ചോദിച്ച് സീനേച്ചിക്ക് ഒരു മെസേജ് കൂടി അയച്ചു,
മറുപടിക്ക് കാത്തിരുന്നു.
--
അതേ സമയം, സുന്ദരിയായ ഒരു പെൺകുട്ടി എന്നെ കടന്ന് അക്കാദമി വളപ്പിലേക്കു നടന്നു.
വെള്ളയിൽ ഇളം നീല പൂക്കളുള്ള ചുരിദാറിൽ അവൾ പലതും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
ആ മുഖം ഒന്നു
എന്റെ കാലുകൾക്ക് യോജിക്കാത്തവണ്ണം വേഗത്തിൽ നടന്നകന്നവളുടെ മുഖം, ഒരിക്കൽ, ഒരിക്കൽ
ഒരിക്കൽ കൂടി അവളുടെ മുഖം കണ്ടിട്ടെന്താണ്?
ഒന്നുമില്ല.
എങ്കിലും വെറുതെയൊന്നു കാണണം എന്നു മോഹിച്ച്, ഞാൻ നടന്നുകൊണ്ടിരുന്നു.
--
നടക്കുന്നതിനിടയിൽ ലൂയിസേട്ടനെ കണ്ടു (ലൂയിസ് പീറ്റർ - കവി) ഒരുമ്മ എറിഞ്ഞു കൊടുത്തു തിരിച്ചൊന്നു മേടിച്ചു, കീശയിലിട്ടു. സുന്ദരിയെ വിട്ട് അങ്ങേരുടെ അടുത്തേക്കു നടക്കുമ്പോൾ സീനേച്ചി തിരിച്ചു വിളിച്ചു, കൂടെ സൂരജ് ഉണ്ടെന്നു പറഞ്ഞു. സൂരജിനു ഫോൺ കൊടുത്തു. സംസാരിച്ചു.
സൂരജ് കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ സീനേച്ചിയെ കാണാനുള്ള ആശയം ഉപേക്ഷിച്ച്, സിനിമക്ക് കേറാമെന്ന് ഉറപ്പിച്ചിരുന്നു ഞാൻ. പ്രിഥ്വിരാജിന്റേം ശശികുമാറിന്റേം പുതിയ പടം, മാസ്റ്റേഴ്സ്.
--
ഒരു കൂട്ടുകാരി ഒരിക്കൽ പറഞ്ഞതാണ്.
“ചിലർ അങ്ങിനെയാണ്,
നമ്മളെയൊഴിവാക്കി,
നാം ഇഷ്ടപ്പെടുന്നവരുടെ മാത്രം ഇഷ്ടക്കാരാകും.
നമുക്കൊരിക്കലും ഇഷ്ടപ്പെടാൻ കഴിയാത്തവണ്ണം
നമ്മെയോ അവനവനെ തന്നെയോ
മാറ്റിക്കളയും.“
--
ബാൽക്കണി ടിക്കറ്റ് - 50 രൂപ നഷ്ടം എന്നത് തീർച്ചയായപ്പോൾ, പെട്ടന്ന് ഇപ്പോൾ രണ്ട് കോടി രൂപേം ഇന്നോവ കാറും ലോട്ടറി അടിച്ചാൽ അതുവച്ച് ഞാൻ എന്തൊക്കെ ചെയ്യുമെന്ന് ആലോചിച്ചുകൊണ്ടിരുന്നു. ഏതു വഴിക്ക് നോക്കിയാലും ആ സിനിമയേക്കാൾ ഭേദം സ്വയം മലർപ്പൊടിക്കാരനാകുന്ന തമാശയായിരുന്നു.
ഇന്റെർവെൽ ആയപ്പോൾ സീനേച്ചിക്ക് മെസേജയച്ചു, “പടം മൂഞ്ചി. ഇപ്പഴും ത്രിശ്ശൂരിണ്ടാ? 3 മണിക്കാ പോണേ?”.
മറുപടിക്കു ഫോൺ വിളിച്ചു, “ മത്താപ്പേ, ട്രെയിൻ വന്നു, ഞാൻ 1 മണി ടെ ട്രെയിനിനു തന്നെ പോവാ ട്ടോ, 2 ദിവസം കഴിഞ്ഞിട്ട് പിന്നേം വരും, അപ്പൊ കാണാം“ ന്ന്
പിന്നെയും സിനിമയുടെ ബാക്കി സഹിക്കാനായി എന്നെ വിട്ടുകൊടുത്ത തിയ്യറ്ററിനുള്ളിൽ കയറി.
പ്രിനുവേട്ടന് മെസേജയച്ച് ചോദിച്ചു, “എവിടാ ഷൂട്ട്?, എപ്പഴാ തീരാ?“ .
“വിലങ്ങൻ കുന്നിലാണ്, നീ ഇങ്ങട് പോരേ പോരുമ്പൊ സിഗരറ്റും കൊണ്ടൊന്നോളോ ട്ടാ” എന്ന് മറുപടി.
എന്നാപ്പിന്നെ ബാക്കി സിനിമ ശ്രദ്ധിച്ച് കണ്ട് അത്രയും പാപം കൂടി തീർക്കാം എന്ന് വെച്ച്, സ്ക്രീനിലേക്ക് ശ്രദ്ധിച്ചപ്പോഴാണ്, ഒരു കൂട്ടുകാരി ചാറ്റ് ചെയ്യാൻ വന്നത്. സിനിമയുടെ അടുത്ത പകുതി അവൾ കൊണ്ടുപോയി.
സിനിമ കഴിഞ്ഞിറങ്ങി, അക്കാദമിയിൽ മിശ്രവിവാഹിതരുടെ സമ്മേളനം.
കയറി നോക്കാമെന്നോർത്തു, വേണ്ടെന്നു വെച്ചു, വിലങ്ങൻ കുന്നിലേക്ക് വണ്ടിയെടുത്തു.
--
പൊളിഞ്ഞു കിടക്കുന്ന, വളവും തിരിവുകളും യഥേഷ്ടമുള്ള, വീതി കുറഞ്ഞ ടാർറോഡ്. ഓരോ കൊടും വളവിലും, എന്തുകൊണ്ടോ, വണ്ടിയുടെ വേഗത കൂട്ടുവാനാണ് തോന്നിയത്. :-/
ഓരോ നിമിഷവും, താഴെ, വളരെ വളരെ താഴെ, ചെന്നടിച്ചു വീണു ചിതറുന്ന എന്നെത്തന്നെ മനുഷ്യന്റെ സ്വപ്രകൃതമായ ആർത്തിയോടെ ഞാൻ കണ്ടുകൊണ്ടിരുന്നു.
ഓരോ തവണയും “അടുത്ത, ഏറ്റവുമടുത്ത അവസരത്തിൽ തന്നെ ഞാൻ.. “ എന്ന് അപൂർണമായൊരു വാചകം തന്നെത്താൻ പറഞ്ഞുകൊണ്ടിരുന്നു.
സ്വയം, തനിക്ക് വായ്ക്കരിയിടാതെ മരിച്ചു പോയ, ദഹിപ്പിക്കാൻ പ്രായമാകാത്ത മകന്റെ തലയ്ക്കലിരുന്ന്, ഇരുപതു വർഷങ്ങളിൽ നടന്നതൊക്കെയും എണ്ണിയെണ്ണി കരയുന്ന അമ്മയെ ഓർത്തുകൊണ്ടിരുന്നു.
--
വിലങ്ങൻ കുന്നിനു മുകളിലെ ലൊക്കേഷനിൽ ഋഷിയുടെ ഷോർട്ട്ഫിലിം ഷൂട്ടിങ്ങ് തകൃതിയായി നടക്കുന്നു. ഇന്നത്തോടെ ഷൂട്ട് തീർക്കണം. ആകെയുള്ള നാല്പതു ഷോട്ടിൽ, ഇന്നലെയും ഇന്ന് ഉച്ച വരേയും ആയി എടുത്തത് ആകെ പന്ത്രണ്ട് ഷോട്ടുകൾ.
പകുതിക്ക് ചെന്നതുകൊണ്ട്, അതുവരേയും ആളില്ലാതിരുന്നൊരു പണി കയ്യിൽ വച്ച് തന്നു. വർക്കിങ്ങ് ആൻഡ് ലൊക്കേഷൻ സ്റ്റിത്സ് കാപ്ചർ ചെയ്യൽ. ആസ്വദിച്ച് ചെയ്യുന്നൊരു പണി.
വൈകീട്ട് എട്ടിന് പാക്കപ്പ് ആവുന്നത് വരേക്കും ഏകദേശം 200 സ്റ്റിത്സ്. പ്രിനുവേട്ടനും സുമേഷും ശ്രീരാഗും രോഹനും സ്വാതിയും ഋഷിയും ഒക്കെയായി അർമാദിച്ച ഒരു ഷൂട്ട്, ആസ്വദിച്ച കുറേ മണിക്കൂറുകൾ...
--
കഴിഞ്ഞിറങ്ങിയപ്പോൾ മഴ തൂളുന്നുണ്ടായിരുന്നു.
“വണ്ടി നീയെട്ക്കണ്ട, ഞാനെടുക്കാടാ” - പ്രിനുവേട്ടൻ വണ്ടി എടുത്തു.
മഴ കൂടി.
അമല ആശുപത്രിക്കടുത്ത് എത്തിയപ്പോഴേക്കും തുള്ളിക്കൊരു കുടം മഴ.
ഒരു വേനൽക്കാലത്ത് ജനൽ തുറന്നിട്ടാൽ കാണുന്ന പാടത്തെ മഴ കണ്ടു കണ്ട്,
ഉമ്മകളുടെ മഴകൊണ്ടെന്ന നനച്ചിരുന്ന ഒരുവളെ മറക്കാതെ,
വീണ്ടും വീണ്ടും ഗാഢമായോർമ്മിച്ച്,
വഴിയരികിൽ, ആ മഴ കണ്ടിരുന്നു.
ഒന്നര മണിക്കൂറിനു ശേഷം,യാത്ര തുടർന്നപ്പോൾ പ്രിനുവേട്ടനോട് പറഞ്ഞു, “പ്രിന്വേട്ടോ, ഇന്ന് ചെന്നിട്ട് ഞാൻ എന്തെങ്കിലും എഴുതും. എന്താന്നറിയില്ല, നല്ല മൂഡ്. ഒരു കൊല്ലം മുൻപെ, ഇതേപോലെ ഒരു യാത്രയുണ്ടായിരുന്നു. മഴയെ എന്നേക്കാളേറെ ഇഷ്ടപ്പെട്ടിരുന്ന ഒരുവളോടൊപ്പം. എനിക്ക് അതിനെ പറ്റി എഴുതണം.“
“അത്പ്പെന്താടാ നെനക്ക് ഇന്നത്തെ നമ്മടെ യാത്രേ പറ്റീട്ട് എഴുതിക്കോടേ? ഇദ്ദ് പോരേ എഴ്താൻ??”
മറുപടി പറഞ്ഞില്ല.
മനസ്സിൽ ഇതായിരുന്നു.
“ഇന്നെനിക്ക് എഴുതാൻ തോന്നുന്നത് പ്രണയത്തെ പറ്റിയാണ് അഥവാ, ഇന്നും എനിക്കെഴുതുവാൻ തോന്നുന്നത് പ്രണയത്തെ പറ്റി മാത്രമാണ്.”
നനഞ്ഞു കുതിർന്ന റോഡിൽ, മഞ്ഞവെളിച്ചത്തിൽ, വണ്ടി പിന്നെയുമോടി.
ഇരുവരും അവരവരുടേതു മാത്രമായ സ്വപ്നങ്ങളിൽ അഭിരമിച്ചു.
ശേഷം,
ഒറ്റയ്ക്ക്,
തോർന്ന മഴക്കാറ്റിലൂടെ, വീട്ടിലേക്ക്.
ഹെൽമെറ്റ് കയ്യിൽ തൂക്കി, മുടി പാറിപ്പറപ്പിച്ച്, ഉറക്കെ പാട്ടുപാടി...
രാത്രി.
.
.
.
.
.
.
നിന്നോടു പറയണമെന്ന് കേട്ട് കേട്ട്
ഒരു കാതിലടച്ചു വച്ചതും,
നീ പറഞ്ഞു കേൾക്കാൻ കൊതിച്ച്
ഒരു കനവകലത്തിൽ രാവു കണ്ടിരുന്നതും,
ചുവപ്പു - മഞ്ഞ കിളികളായി
പറന്ന് പറന്ന് പോയപ്പോൾ
(പറന്ന് പോയിട്ടൊന്നൂണ്ടാവില്ല്യ, സങ്കടം കൊണ്ട് തോന്നണതാവും!
ചെലപ്പൊ ഒക്കേം മറന്ന് പോയിട്ടാവും ഉണ്ടാവ്വാ..)
ഇടക്കെപ്പൊഴോ
കല്ലെറിഞ്ഞു വീണൊരു,
പക്ഷിപ്പെണ്ണിന്റെ കരച്ചിലിൽ,
എനിക്കു നിന്നെയും നിനക്കെന്നെയും
കേൾക്കാതായി.
(ആരും ഒരു ശബ്ദോം ണ്ടാക്കണില്ല്യാ ന്ന് തോന്നണേലും നല്ലത്.
ശബ്ദണ്ടായിട്ടും കേക്കണില്ല്യാ ന്ന് തോന്നണതന്ന്യല്ലേ?...)
കേൾക്കാതെ കേൾക്കാതെ,
ഇനിയും,
ഇവിടെ, നിന്റെ തൊട്ടടുത്ത്,
ഞാൻ നിനക്കു പുറം തിരിഞ്ഞിരിക്കാം.
നീ തിരിഞ്ഞു നോക്കരുത്.
ഞാനും നോക്കില്ല...
Labels: കവിത
.
.
.
.
.
സന്ധ്യകളിലും, മഴത്തുള്ളികളിലും,
മറ്റനേകം കെട്ടുമാറാപ്പുകളിലും കുടുങ്ങിക്കിടന്ന
എന്റെ പ്രണയമേ,
നട്ടുച്ചയ്ക്ക്,
എന്റെ കിടപ്പുമുറിയുടെ വാതിലിനിടയിലൂടെ വന്ന്,
ഒളിച്ചു നോക്കുന്നതെന്തിന്?
ഇനിയുമൊരിക്കൽ കൂടി,
ചൂടുപുതച്ച കെട്ടിപ്പിടുത്തങ്ങളിൽ നിന്നും,
എന്നെ മാത്രമടർത്തിയെടുത്ത്,
ഒരിക്കലുമവസാനിക്കാത്ത വൃത്തങ്ങളിൽ
അലഞ്ഞുനടക്കുവാനാണോ?
അല്ല...
നീയോ ഞാനോ അല്ലാത്ത
നര വീണ ചപല വിഭ്രാന്തികളിൽ നിന്നും
മുന്നോട്ടായുമ്പോൾ,
പിന്നോട്ട്, പിന്നോട്ടെന്ന്
ഉറക്കെയുറക്കെപ്പറഞ്ഞുകൊണ്ട്,
കാലുകൾ പിടിച്ചുവയ്ക്കുന്ന
സുന്ദരിയായൊരു വേശ്യയുണ്ടായിരുന്നു.
കടം പറഞ്ഞു പോന്ന നിന്നെ പ്രാവി പ്രാവി,
അവൾ വേച്ചു ചത്തു.
അതൊന്നറിയിക്കാൻ വന്നതാണ്...
Labels: കവിത
.
.
.
.
.
ശിവരഞ്ജിനി ജനാര്‍ദ്ദനന്‍ ജനല്‍ തുറന്നു, കര്‍ട്ടനുകള്‍ നീക്കി, ആകാശത്തേക്ക് നോക്കി നിന്നു.
വെള്ള വലിച്ച ചുമരുകളിൽ, ആണികളിൽ തറഞ്ഞ ചിത്രങ്ങൾ, മൂടി നിന്ന എട്ടുകാലി വലകളിലേക്ക് സ്വപ്നങ്ങൾ പൊഴിച്ചു. ചുമരിടുക്കുകളിലെ ചെറിയ ദ്വാരങ്ങൾക്കപ്പുറം തടവിലാക്കപ്പെട്ട ഉറുമ്പിൻ കൂട്ടിൽ നിന്നും, കഥ കുടുങ്ങിക്കിടന്നൊരു പഞ്ചസാരത്തരിയും കൊണ്ട്, ഒരുറുമ്പ് നായകനെ തേടി നടന്നുതുടങ്ങി.
പതിനാറായിരത്തി മുന്നൂറ്റിയേഴാം നമ്പർ, എറണാകുളം കണ്ണൂർ തീവണ്ടിയിൽ കയറി വിശാഖ് യാത്ര തുടങ്ങി.
പൊടിമഴ ചാറിക്കൊണ്ടിരുന്നു. തുറന്നു വച്ച ജനാലയ്ക്കരികിൽ, ഒതുങ്ങാൻ കൂട്ടാക്കാത്ത നനുത്ത അളകങ്ങൾ മാടിയൊതുക്കി, മഴയേക്കാൾ ഭംഗിയുള്ള ചിരികൾ സമ്മാനിക്കുന്നൊരു പെണ്ണിനോടെന്ന പോലെ, കാറ്റിനെ നോക്കിച്ചിരിച്ചും, കണ്ണുരുട്ടിക്കാണിച്ചും, വിശാഖ് രാമനാഥൻ ആ യാത്ര ആസ്വദിക്കുന്നുവെന്നു വരുത്തിതീർത്തുകൊണ്ട്, ഉറക്കം തുടങ്ങി.
പകൽ നടന്നു, നേരം സന്ധ്യയായി. ഓടിയും കിതച്ചും, തീവണ്ടി ഷൊറണൂർ സ്റ്റേഷനിലെത്തി.
പകൽ ചമച്ച ഒരു ഉറക്കത്തിൽ നിന്നും വിശാഖ് ഞെട്ടിയെഴുന്നേറ്റത്, വെളുപ്പിൽ, തുടക്കവും ഒടുക്കവുമറിയാതെ കിടന്ന വശ്യമായ കറുത്ത വരകളുടെ നടുത്തളത്തിലേയ്ക്കായിരുന്നു.
എതിരെ, ഒഴിഞ്ഞു കിടന്ന സീറ്റിൽ, പുറത്തെ ഇരുട്ടിലേയ്ക്ക് പാതിയലിഞ്ഞെന്ന മട്ടിൽ,മഴ കൂട്ടാക്കാതെ ജനൽകമ്പികളിൽ മുഖം ചേർത്ത്, ഇമ ചിമ്മാതെ മഴ കണ്ടിരുന്ന മനോഹരിയായ യുവതി വിശാഖ് രാമനാഥന്റെ പതിവു വാരാന്ത്യ തീവണ്ടി യാത്രകളിലൊന്നിനെ മനോഹരമായൊരു ചിത്രമായി അടയാളപ്പെടുത്തി.
വിടർന്ന കണ്ണുകൾക്കും, നീണ്ട നാസികയ്ക്കും, സാധാരണയിലേറെ നേർത്ത ചുണ്ടുകൾക്കുമപ്പുറം, അസ്വാഭാവികമായ മറ്റെന്തോ ഒന്ന്, അവരെത്തന്നെ കണ്ടുകൊണ്ടിരിക്കുവാൻ അയാളോട് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. മനോഹരങ്ങളായ സ്വപ്നങ്ങൾ കാണുവാൻ വേണ്ടി മാത്രം കണ്ണടച്ച് കിടക്കുന്ന നിലാവിടങ്ങളിൽ, കൺപീലികൾക്കു ചുറ്റും പൂവിടാറുള്ള മനോജ്ഞതയിലേക്ക് അയാൾ മിഴി നിവർത്തി.
ഇടി വെട്ടി, മഴ തുടങ്ങി. തീവണ്ടി മുറിയുടെ ജനലടച്ച്, തിരിഞ്ഞിരുന്ന് ഇമകൾ പൂട്ടിയവൾ ഒരു കഥയെ ഗർഭം ധരിച്ചു.
തീവണ്ടി വീണ്ടും കിതച്ചോടി. വീടും വാരാന്ത്യവും പിന്നിൽ കടന്നുപോയി.
ഇടനേരത്ത്, ചായക്കോപ്പകളിൽ കഥ പറയാൻ വരാറുള്ള നായകന്റെ വാങ്മയചിത്രം, തിരുത്തലിന്റെ മായ്പ്പുകൊണ്ട്, മായ്ച്ചു മായ്ച്ചില്ലാതെയായി.
എഴുതിത്തീരാതെ മറ്റൊരു കഥ കൂടി, മടങ്ങിയൊതുങ്ങി മേശവലിപ്പില്‍ മറഞ്ഞു.
Labels: കഥ
.
.
.
.
.
.
വളരെ അപൂർവമായി മാത്രം സുഹൃത്തുക്കളെ സമ്പാദിക്കുന്നതാണു ശീലം.
മറ്റൊന്നും കൊണ്ടല്ല, കപട സൌഹൃദങ്ങളെ ഭയമാണ്.
ഓഗസ്റ്റിലെ ആദ്യ ഞായറിലേയ്ക്ക് ഇനി മിനിറ്റുകൾ മാത്രം.
ജീവിതത്തിലൊരിക്കലും, എനിയ്ക്ക് വെറുക്കാൻ കഴിയാത്ത, എത്രയും പ്രിയപ്പെട്ട,
എന്റെ അഞ്ച് പേർ; അനി, കിച്ചു,ജിതി,വിശ്വം,ശ്രീ; ചെറു കുറിപ്പുകൾ.
ഒരിക്കലും, എഴുതിവയ്പ്പുകളും, തുടച്ചുമിനുക്കലുകളും ആവശ്യപ്പെടാത്ത ബന്ധങ്ങളാണ് അവയെല്ലാം, എന്നിരുന്നാലും, എഴുതാൻ വേണ്ടിയെങ്കിലും പലതുമോർക്കുന്നത്, സന്തോഷം നൽകുന്നു....
========================================================================
അനി(രുദ്ധൻ)
സ്ഥലം:എട്ടാം ക്ലാസ്സ് സി, വട്ടേനാട് ഹൈസ്കൂൾ, കൂറ്റനാട്.
ഉച്ച-ഭക്ഷണ സമയം.
ചെറിയ കുട്ടികൾക്കിടയിൽ നിന്നും മാറി, ഒരു വലിയ കുട്ടി ഒറ്റയ്ക്കിരിക്കുന്നു.
മുഖത്ത് അസ്വസ്ഥത.
അടുത്ത് ചെന്നിരുന്നപ്പോൾ സന്തോഷം.
പങ്കു വെച്ച് കഴിച്ച സൌഹൃദം ചോറ്റുപാത്രത്തിൽ നിന്നിറങ്ങി, അവസാനത്തെ ഉരുള പോലെ, മനസ്സിൽ.
ഒരിക്കലും പിരിയില്ലെന്നുറപ്പിച്ച കൂട്ടുകാരൻ.
അനി:
സ്ഥലം, കൈരളി തിയ്യേറ്റർ, ത്രിശ്ശൂർ.
സാഗർ alias ജാക്കി, ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ.
അവസാന നിമിഷം ലഭിച്ച രണ്ട് ബാൽക്കണി ടിക്കറ്റുകളിൽ സിനിമ തുടങ്ങി.
നോട്ടുപുസ്തകത്തിന്റെ താളുകൾ, കീറിമുറിഞ്ഞ് വായുവിൽ പറന്ന്, ഇഷ്ട നായകന് അഭിവാദ്യമർപ്പിച്ച് സ്വത്വം തേടി.
“ഏതു ***രു മോനാടാ തലയിൽ പേപ്പറെറിയുന്നേ?”
ഒരു കൈ മുന്നിൽ നിന്നും വന്നു, കോളറിൽ പിടുത്തമിട്ടു.
അടുത്ത നിമിഷം കേട്ടത് കയ്യുടെ ഉടമയുടെ കരച്ചിലും, എന്റെ തൊട്ടപ്പുറത്ത് നിന്നും ഒരാക്രോശവുമായിരുന്നു.
“ ഫാ, #%$@$രു മോനേ, ഓന്റെ മേലാ തൊട്ടാ കയ്യാ ഞാനാ വെട്ടും”
സിനിമയുടെ ബാക്കിയും ഞങ്ങൾ സുഖമായിരുന്നു കണ്ടു.
സ്ക്രീനിൽ നിന്നും ഇടയ്ക്കിടയ്ക്ക് പാളി നോക്കി, കഴുത്ത് തേടി വന്ന കൈ സ്വസ്ഥമായിരുന്ന് സിനിമ ആസ്വദിക്കുന്നു.
കടലാസുകൾ വീണ്ടും ആശംസകളർപ്പിച്ചു പറന്നു.
========================================================================
ജിതി:
സ്ഥലം : അതേ എട്ടാം ക്ലാസ്സ് സി.
കാൽക്കൊല്ലപ്പരീക്ഷ കഴിഞ്ഞു,
ചുരുണ്ടമുടിയുള്ള സുന്ദരിക്കുട്ടിയെ കൂട്ട് കിട്ടിയാൽ കൊള്ളാമെന്നൊരു മോഹം പതുക്കെ പതുക്കെ വലുതായി.
നീളം കൂടുതലുള്ള ഉച്ചയും കൊണ്ട് വന്നൊരു വെള്ളിയാഴ്ച, ഞങ്ങൾ കൂട്ടുകാരായി!
എണ്ണമെടുത്ത് ഗ്രൂപ്പു തിരിച്ചിരുന്ന ടീച്ചർമാർക്ക് സ്തുതി, എന്റെയൊപ്പം എണ്ണിയും, എണ്ണം തെറ്റിച്ചും, ഒരേ ഗ്രൂപ്പിലിരുന്ന് വർത്താനം പറഞ്ഞ്, അങ്ങനെ, അങ്ങനെ....
മൂന്നു വർഷങ്ങളിൽ, ഒരുമിച്ചിരുന്ന് വരച്ചും എഴുതിയും തീർത്ത കഥകളിലും ചിത്രങ്ങളിലും, ഒരിക്കൽ പോലും, “നിന്നെ ഞാൻ കെട്ടിക്കോട്ടേ“ എന്ന് ചോദിക്കാൻ തോന്നാത്തൊരിഷ്ടം അലിഞ്ഞു കിടന്നു.
ജിതി:
“ഇനി അവളെ ശല്യം ചെയ്യരുത്.”
മൂന്നു വർഷം ആഘോഷിച്ച സൌഹൃദത്തിന് നാലു വാക്കിൽ അവളുടെ അമ്മ മരണഗീതം പാടി.
തുടർന്ന് വന്നൊരു മെസേജ് ഇങ്ങനെ വായിച്ചു.
sorry da,
pblms home.
I'll call you back...
dnt feel bad, pls..
അതിനു ശേഷം,
ജീവനില്ലാത്ത രണ്ടോ മൂന്നോ ഫോൺ വിളികൾ.
ദേഷ്യവും സങ്കടവും ഒക്കെ വന്നും പോയുമിരുന്ന, നാലു വർഷങ്ങൾ.
ഇന്നലെ ഉച്ചയ്ക്ക്, അറിയാത്തൊരു നമ്പറിൽ നിന്ന് ഒരു കോൾ.
“ഡാ, ഞാൻ ജിതിയാ”
കണ്ണുകൾ ഇറുക്കിയടച്ച്, ഫോൺ കൂടുതൽ കൂടുതൽ ചെവിയിലേക്കമർത്തിയ നിമിഷങ്ങളിൽ,
എനിക്കുറപ്പായിരുന്നു, ലോകത്തിലേയ്ക്കും വച്ച്, ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഞാനാണെന്ന്.
========================================================================
കിച്ചു:
സ്ഥലം: വീണ്ടും, അതേ എട്ട് സീ.
സമയം എട്ടര, ക്ലാസ്സ് തുടങ്ങുന്നതേ ഉള്ളൂ.
“ഡാ, അവളെ എനിക്കിഷ്ടായി.”
വെളുത്തൊരു കുട്ടി മുഖത്തിൽ, ചിരിയ്ക്കൊപ്പം തെളിഞ്ഞ് കണ്ട വാക്കുകൾ.
ഞാനും അനിയും മുഖത്തോടു മുഖം നോക്കും, അല്ലാതെന്തു ചെയ്യാൻ.
“അവൾ” ഇതറിയുന്നതോടു കൂടി അന്ത്യകർമ്മങ്ങൾ നടത്തേണ്ട മറ്റൊരു പ്രണയകഥയെ കൂടി ഞങ്ങൾ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു.
കിച്ചു:
“&**ന്റെ മോനേ ഓളോട് മിണ്ടരുതെന്ന് പറഞ്ഞാ മിണ്ടരുത്.”
സ്കൂളിനടുത്ത്, പണി തീരാതെ കിടന്ന വീടിന്റെ ചുമരുകളിൽ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ട്, ഒരുവളുടെ അമ്മാവൻ പറഞ്ഞ വാക്കുകൾക്ക് മൂന്ന് ഒൻപതാം ക്ലാസ്സുകാർക്ക് അന്ന് മറുപടിയില്ലായിരുന്നു.
ഇനിയൊരിക്കൽ, അദ്ദേഹത്തെ കണ്ടാൽ നന്ദി പറയാം, ആ സംഭവത്തിന്,
ജീവിതത്തേക്കാൾ വിലയുള്ള സൌഹൃദം കരമൊഴിവായി ഞങ്ങൾക്ക് വച്ച് നീട്ടിയതിന്.
========================================================================
വിശ്വം:
സ്ഥലം:THSS വട്ടംകുളം, ഏടപ്പാൾ
പതിനൊന്നാം ക്ലാസ്സ്.
രണ്ട് എസ് എം എസ് സന്ദേശങ്ങൾ.
“if I tel sum1
tht u r my frnd,
wil tht be ok?"
-വിശ്വനാഥ് എം എസ്.
“yeah dude,
I thk thats fine.
but, why?"
-ദിലീപ് നായർ
ദിലീപ് നായരും വിശ്വനാഥ് എം എസ് ഉം തമ്മിൽ നടന്ന അവസാന സംഭാഷണമായിരുന്നു അത്.
അതിനു ശേഷം വിശ്വവും ദിലീപും കൂട്ടുകാരായി മാറി.
വിശ്വം:
വിശ്വം: “അളിയാ, നിനക്ക് വർഷയെ അറിയില്ലേ?”
ഞാൻ:“ഏതാടാ, കല്ലൂരത്തെയാ?”
“ഉം, അതന്നെ, എനിക്കവളെ ഇഷ്ടാ.നാലഞ്ച് കൊല്ലായി. ഇനിയെങ്കിലും എനിക്കിത് പറയണം.”
“ഡാ, നല്ല തണ്ടും തടീള്ള രണ്ട് അമ്മാവന്മാരും ഒരു അച്ഛനും ഉണ്ട് ട്ടാ അവൾക്ക്, ഒന്നുംകൂടി ഒന്ന് ആലോചിച്ചോളൊ”
“ആലോചിക്ക്വൊക്കെ ചെയ്തെടാ, എന്തായാലും പറയണം, നാളേ തന്നെ”
അഞ്ച് വർഷം, ആകാശം കാണിക്കാതെ, ഒളിച്ച് വച്ച പ്രണയം,
തുറന്നു വിട്ട മാത്രയിൽ, കളിയാക്കി ചിരിച്ചുകൊണ്ടോടിപ്പോയി.
ഒന്നര വർഷങ്ങൾക്കിപ്പുറം,
വെള്ളിയാങ്കല്ലിൽ, ഭാരതപ്പുഴയിലെ പഞ്ചാരമണലിൽ,ഇളവെയിൽ കൊണ്ട്, ഒരു ശനിയാഴ്ച വൈകുന്നേരത്തിന്റെ ആലസ്യം ആസ്വദിക്കുന്ന നേരം, വർഷ, വർഷ,വർഷ എന്നു മണലിൽ എഴുതി, അതിനുമുകളിൽ കിടന്ന്, അവൻ മായയുടെ കഥ പറഞ്ഞു ;)
========================================================================
ശ്രീ:
സ്കൂൾ ഓഫ് എൻജിനീയറിങ്ങ്.
ശ്രീ:“What comes into your mind, when you see my name flashing on your mobile screen?"
ഞാൻ: "hmmm...
many things, your puffy nose, earrings, that cute smile, and sure, that funny voice too!"
-"പോടാ @%^$#$@...........“
ശ്രീ:
ഡീ ഇതെന്താ ഇപ്പൊ?
നീ വീട്ടില്‍ ഒറ്റക്കിരിക്ക്യാ?
ഉം
അതെ.
അമ്മ സ്കൂളില്‍ പോയി, PTA മീറ്റിംഗ്
ചേട്ടന്‍ ടൌണില്‍ പോയി,
അച്ഛന്‍ അതാ, പുറത്തിരുന്നു എന്തോ ആലോചിക്കുന്നു.
എന്താഡീ ആലോചിക്കണേ?
നിന്റെ കല്യാണം ആണോ?
ആണെന്ന് തോന്നുന്നു :) ;)
എങ്കില്‍ പെട്ടന്ന് ചെന്ന് പറ,
കോഴ്സ് കഴിഞ്ഞിട്ട് ആണെങ്കില്‍ മാത്രേ ഞാന്‍ സമ്മതിക്കൂ എന്ന്.
അയ്യടാ,
ഇപ്പൊ തന്നെ ചെന്ന് പറഞ്ഞേക്കാം. :P
ഉം,
എന്തായാലും പറയുവല്ലേ,
ഒരു 100 പവന്‍ സ്വര്‍ണം, ഒരു BMW കാര്‍,
ഒരു രണ്ടേക്കര്‍ തെങ്ങിന്‍ പുരയിടം,
ഒക്കെ പെട്ടന്ന് റെഡി ആക്കി വെക്കാനും പറഞ്ഞേക്ക്.
നമ്മടെ കോഴ്സ് കഴിയാന്‍ ഇനി രണ്ടു വര്‍ഷേ ഉള്ളു :)
ഓ....
അത്രേം മത്യാ? :P
തരാട്ടാ...
അല്ല,
ഇതൊക്കെ ഉണ്ടെങ്കില്‍ എനിക്കിപ്പോ നിന്റെ കൂടെ വരണോ? :P
വേറെ നല്ല പയ്യന്മാരെ കിട്ടില്ലേ?
അല്ല, ഇനി അറ്റ കൈക്ക് ഒറ്റക്കങ്ങു ജീവിച്ചാല്‍ പോരെ?
ഒന്ന് പോടാര്‍ക്ക...
ഞാന്‍ പൂവ്വാ..... x-(
നിയ്ക്ക് വേറെ പണീണ്ട്...
ഏറ്റവും കൂടുതൽ വട്ടം തല്ലു കൂടിയിട്ടുള്ള, എന്റെ ഏറ്റവും പുതിയ കൂട്ടുകാരി.
========================================================================
Labels: അനുഭവം
.
.
.
.
പണ്ടു പണ്ടുകളില്‍ നിന്ന്
ദൂരെ ദൂരേക്ക്,
മുയലിനെ തോല്പിച്ച ആമയേയും,
പാമ്പിനെ തോല്പിച്ച തവളയേയും കാണാന്‍,
ഒരു കഥ വിരുന്നു വന്നു.
അപരിചിതങ്ങളായ അര്‍ത്ഥങ്ങളെ നിര്‍മിക്കുന്ന യന്ത്രത്തിലേക്ക്
കയ്യിലുള്ള വാക്കുകളെല്ലാം തട്ടിക്കുടഞ്ഞിട്ടു.
നാല് കാലുള്ള തലകളുടെ നാക്കിനു കീഴെ,
ചമ്രം പടിഞ്ഞിരുന്നു.
വടി മറന്നു വെക്കാന്‍ യോഗ്യന്‍
കണ്ണു കാണാത്തവന്‍ തന്നെ.
വിചിത്രമായ പേര് തോളില്‍ തൂക്കി,
മുടി വെട്ടാതെ, താടി വടിക്കാതെ,
കഥ പിന്നോട്ട് നടന്നു.
ജയിക്കുന്നവന്റെ ശരികള്‍,
തോല്‍ക്കുന്നവന്റെ കഞ്ഞിക്കു മണ്ണ് വാരി വന്നു.
തെറ്റുകളുടെ കഥയില്‍
ചോദ്യങ്ങള്‍ ഇല്ലായിരുന്നു....
കാട് വാണ ജ്യേഷ്ടനും,
കുരിശില്‍ തറഞ്ഞ ദൈവവും,
പണ്ടു പണ്ടുകളില്‍ നിന്നും
കഥകള്‍ കടമെടുത്ത്,
സുഖമായി ജീവിച്ചു....
Labels: കവിത
മറ്റൊരു ട്രെയിന്‍ യാത്ര ഇവിടെ തുടങ്ങുന്നു.
ട്രെയിന്‍ വരാന്‍ വൈകുന്ന ഓരോ നിമിഷത്തിനും പൊന്നിന്റെ വിലയാണത്രെ.നിന്നുമിരുന്നും ജനക്കൂട്ടം അക്ഷമ ആഘോഷിച്ചു.
ഫോണില്‍ അച്ഛനാണ്.
"മോളേ, നീ അവിടെ നിന്നു പുറപ്പെട്ടോ?"
"ഉം, ഇറങ്ങി, എന്തെ?"
തികച്ചും അപ്രധാനമായ ഒന്ന്.
Labels: കഥ
.
.
.
.
.
വെടിയുണ്ടകളെ ഗര്‍ഭം ധരിച്ചു നില്‍ക്കുന്ന ആ അരമതിലില്‍ കണ്ണുടക്കി നില്‍ക്കുമ്പോഴും, ജാഹ്നവി വൈദ്യനാഥന്റെ കണ്ണുകളിലെ തിളക്കം മാഞ്ഞിരുന്നില്ല. ഒറ്റ നോട്ടത്തില്‍ പിടിതരാതെ, അവള്‍ വാരിപ്പൂശിയ ഭാവങ്ങള്‍ സാരിയുടെ കോന്തല വലിച്ചു, മുഖം മറച്ചു.
ജാഹ്നവി വൈദ്യനാഥന്‍ ഒരു വീട്ടമ്മയാണ്.
വലിയ ബിരുദങ്ങള്‍ മഞ്ഞ ലോഹത്തോടൊപ്പം ഭര്‍തൃഗൃഹത്തിലെ അലമാരയില്‍ വച്ചു പൂട്ടി,
രാവിലെ മുതല്‍ രാത്രി വരെ ഭര്‍ത്താവിനും കുഞ്ഞിനും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന,
സംതൃപ്തയായ ഒരു വീട്ടമ്മ.
വൈദ്യനാഥന്‍ രാമകൃഷ്ണന്‍ സന്തോഷവാനായിരുന്നു. ഭാര്യയും മകളുമടങ്ങുന്ന അയാളുടെ കുടുംബവും.
ഭര്‍ത്താവിന്റെ പതിവുകള്‍ക്കൊപ്പിച്ച്, സമയവും സമയദോഷവും മുറിച്ചു പങ്കു വച്ചിരുന്ന ഭാര്യ, മകള്‍...
തോളില്‍ കറുത്ത തുകല്‍ ബാഗ്, പൊതിച്ചോറ്, മടക്കി വച്ച ഹിന്ദു പത്രം. ചുവപ്പും പച്ചയും പേനകള്‍...
ചാറ്റല്‍മഴയുള്ളൊരു ദിവസം, സുപ്രഭാതം കേട്ട്, അരിപ്പോടിക്കോലം കവച്ചു വക്കാതെ കടന്ന്,
സ്വന്തം പതിവുകളില്‍ തൂങ്ങിയാടി സ്റ്റേറ്റ് ബാങ്കില്‍ ജോലിക്ക് പോയി ആ പട്ടര്.
ഉച്ചവെയിലില്‍ തണുപ്പ് വിട്ടു നില്‍ക്കുന്നു.
നഴ്സറിയില്‍ നിന്നും തന്റെ മൂന്ന് വയസ്സുകാരി ഇപ്പോള്‍ വീട്ടിലെത്തിയിരിക്കും.
പറയാതെ പോന്നതിലുള്ള സങ്കടം കൂട്ടിയെടുത്തു മൂക്കത്ത് വച്ചത് അയാള്‍ക്ക് ഇവിടെ നിന്ന് കാണാം.
വൈദ്യനാഥന്‍ രാമകൃഷ്ണന്‍ നിസ്സഹായനായിരുന്നു.
അമ്മ എന്നെഴുതാനറിയാത്ത കുഞ്ഞിനോട് അമ്മ മരിച്ചുവെന്ന് എങ്ങനെ പറയും?
കിഴക്കും പടിഞ്ഞാറും, കള്ളങ്ങള്‍ ഇരുട്ടി വെളുക്കാന്‍ തുടങ്ങി.
ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വച്ച കള്ളങ്ങള്‍ തട്ടിയിട്ട്, ഒരു ദിവസം കുഞ്ഞു ജാഹ്നവി ചോദിച്ചു.
"അപ്പാ, അമ്മ എരന്ത് പോയിട്ടാള്‍ ഇല്ലിയാ?"
അരമതിലില്‍ വീണു ചിതറിയ കണ്ണുനീര്‍ത്തുള്ളികള്‍ വൈദ്യനാഥന്‍ രാമകൃഷ്ണന്റെതായിരുന്നു...
പിന്നെയും ഒരുപാട് കാലം, വെയിലും മഴയും അരമതിലിനോട് കിന്നാരം പറഞ്ഞു.
ജാഹ്നവി വൈദ്യനാഥന്‍ ഒരെട്ടുകാലി വലയിലെന്ന പോലെ, വട്ടത്തിലും നീളത്തിലുമുള്ള ചരടുകളില്‍ കുരുങ്ങിക്കിടന്നു.
തൊട്ടും തൊടാതെയും ഒട്ടിപ്പിടിച്ച ഇഴകളില്‍ ശുഷ്കമായ ബന്ധുബലം ഇര തേടി.
മകള്‍, അമ്മ, ഭാര്യ....
ഇളവെയിലില്‍, പൊളിഞ്ഞു തുടങ്ങിയ അരമതില്‍ ചാരി, ജാഹ്നവി വൈദ്യനാഥന്‍ ചിരിച്ചുകൊണ്ടിരുന്നു.
വൈദ്യനാഥന്‍ രാമകൃഷ്ണന്റെ മരണ വാര്‍ത്തയെ അവള്‍ അങ്ങനെയാണേറ്റുവാങ്ങിയത്.
"അമ്മ മരിച്ചപ്പോള്‍ അച്ഛന് കള്ളം പറയാന്‍ ഞാന്‍ ഉണ്ടായിരുന്നു,
ഇപ്പോള്‍ കള്ളം പറയാനും, മറച്ചു വച്ചു സന്തോഷിപ്പിക്കാനും പേരിനു പോലും എനിക്ക് ആരും ഇല്ലല്ലോ!!!"
കളഭം പൂശി, നര കയറിയ തല തടവി നടന്നു പോയ, വൈദ്യനാഥന്‍ രാമകൃഷ്ണന്‍ എന്ന പട്ടരുടെ പേരെഴുതിയ ചരടുകള്‍ അവള്‍ക്കിനി മുറിച്ചു കളയാം.
ജാഹ്നവി വൈദ്യനാഥന്‍ തിരിച്ചു നടന്നു.
വൈദ്യനാഥന്‍ രാമകൃഷ്ണന്‍ ഒരു കുടത്തിനുള്ളിലെ ചാരത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു.
അച്ഛനോടൊപ്പം മരിച്ചത് മകള്‍ മാത്രമായിരുന്നു, അമ്മയും ഭാര്യയും പിറകില്‍ ഊഴം കാത്തു നില്‍ക്കുന്നു.
"ജാഹ്നവീ, എന്ന സായംകാലത്തിലെ കനാ കണ്ട് നിക്കറായ്?"
"അമ്മാ..... പശിക്കുത്....."
നേരമായി. ജാഹ്നവി വൈദ്യനാഥന് ഇനിയും എട്ടുകാലി വലകളില്‍ കുരുങ്ങിക്കിടക്കാം.
ചുമതലകളുടെ പശ ഒട്ടി നില്‍ക്കുന്നത് വരേയ്ക്കും രമിക്കാം, ശേഷം മരിക്കാം.....
Labels: കഥ
.
.
.
.
.
.
നരച്ച ഉറക്കത്തിലെ നിറങ്ങള്‍,
വൈധവ്യം വെള്ളത്തുണിയില്‍ മറന്നു വച്ചു പോയ സ്വപ്‌നങ്ങള്‍ പോലെ,മങ്ങിക്കിടന്നു.
ഇടയ്ക്കു വച്ചൊരു പോസ്റ്റുമാന്റെ വിളി കൊണ്ട് നനഞ്ഞ,
പകുതിയില്‍ഏറെ പിഞ്ഞിക്കീറിയ ഉറക്കത്തെ മടക്കി വച്ച്
അവള്‍ അമ്മയെ വിളിച്ചു.
"അമ്മേ, ഞാനങ്ങട് വരണൂ. ഇപ്പൊ പൊറപ്പെടും"
"അത്യോ? കുട്ടി വരൂ,
അമ്മ ഇവിടെ തന്നെ ഉണ്ടാവും...."
തിടുക്കത്തിലുള്ള ഒതുക്കലിനും പെറുക്കലിനും,രണ്ടു മൂന്നു ഫോണ്‍ വിളികള്‍ക്കും ശേഷം,
മഞ്ജുനാഥിന്റെ വിചിത്രമായ പേരുള്ള ആ ഓട്ടോറിക്ഷയില്‍ കയറി, ബസ് സ്റ്റാന്‍ഡില്‍ എത്തി.
ബസ്സില്‍ കയറാന്‍ കാത്ത് നില്‍ക്കുകയായിരുന്നു ഉറക്കം. പുതപ്പും തലയിണയും പറഞ്ഞ മുത്തശ്ശിക്കഥകള്‍ കേള്‍പ്പിക്കാതെ,
പിന്നോട്ടോടുന്ന മരങ്ങള്‍ കാണിക്കാതെ, ഉറക്കത്തിന്റെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങി.
പിന്നില്‍ മറയുന്നത് നിര്‍ത്താതെ ഒച്ചവെച്ചോടുന്ന സ്വപ്നങ്ങളുടെ നഗരം.
ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും,രാത്രികളില്‍ എണ്ണിയാലൊടുങ്ങാത്ത അത്രയും സ്വപ്‌നങ്ങള്‍ വീട്ടില്‍ കയറി വരാറുണ്ട്.
നാട്ടില്‍, അമ്മയുടെ തറവാട്ടില്‍ നിന്ന് ആണ്ടില്‍ വിരുന്നു വരാറുള്ള തടിച്ച അമ്മായിമാരെപ്പോലെ,
വെളുത്ത കിടക്കവിരികളിലും, ഉമ്മറത്തെ സോഫയിലുമൊക്കെ പറ്റിപ്പിടിച്ച്,
തേക്കുമരത്തില്‍ നിന്ന് തൂങ്ങി വരുന്ന പുഴുക്കളെയും, എട്ടുകാലികളെയും, കറുത്ത പൂച്ചകളെയും പോലെ,
അവളെ പേടിപ്പിക്കാന്‍....
സ്വപ്‌നങ്ങള്‍ ഒരു വീടിന്റെ ദൂരത്തില്‍ പായ വിരിച്ചിരുന്നു.
ഉറക്കം പുതച്ചു കിടന്ന കമ്പിളി മടക്കി വെച്ചു വീട്ടിലേക്കു നടന്നു.
നട്ടുച്ച, വെയില്‍ തലയില്‍ കുത്തിക്കൊള്ളുന്നു...
സ്വന്തം വീട്ടിലേക്കു വിരുന്നു വന്നപ്പോള്‍ സ്വീകരിക്കാന്‍ തുറന്നു കിടന്ന മുന്‍വാതില്‍ മാത്രം.
പുതിയ ജനല്‍ കര്‍ട്ടനുകള്‍, അടുക്കിപ്പെറുക്കി വെച്ച ടീപ്പോയ്,
രണ്ടു വര്‍ഷങ്ങള്‍കൊണ്ട് വീട് അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
പുതിയ കാഴ്ചകളുടെ വീട് രസിപ്പിച്ചു തുടങ്ങിയപ്പോളാണ്, കമ്പിളിപ്പുതപ്പിനുള്ളില്‍ മറന്നു വെച്ച ഉറക്കം വീണ്ടും തല നീട്ടിയത്.
ടീവിക്ക് മുന്‍പിലിട്ട സോഫയില്‍ ചുരുണ്ട് കൂടുകയെന്നത്,ഉച്ചയുറക്കത്തിന്റെ ചെറിയ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു.
കുഞ്ഞിക്കാലുകളുടെ കളികള്‍ കഴിയുമ്പോള്‍, ചെമ്പന്‍ മണ്ണ് പുരണ്ട സോഫയില്‍, തലയ്ക്കു കൈ കൊടുത്തിരിക്കാനെ പാവം അമ്മയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ.
സോഫ കവറുകള്‍ കണ്ണുരുട്ടിയപ്പോഴായിരിക്കുണം, ചാടിക്കയറാന്‍ വരുന്ന കുസൃതിയെ, സൌമ്യമായി തിരിച്ചു നടത്താനുള്ള സൂത്രം അമ്മയതിനെ പഠിപ്പിച്ചത്.
വീര്‍പ്പിച്ച മുഖം നോക്കി, ചുണ്ട് കോട്ടി ചിരിച്ചു തള്ളിക്കൊണ്ട് സോഫ തല തിരിച്ചു.
"ഈ അമ്മ ഇതെവിടെയാണ് ചെന്ന് ഒളിച്ചിരിക്കുന്നത് , വന്നിട്ടിത് വരെ കണ്ടില്ലല്ലോ..."
കോണിപ്പടികളെ താഴേക്കു തള്ളി; മുകളിലത്തെ നിലയിലെ മുറിയിലെത്തി.
ആദ്യം കണ്ണില്‍ പെട്ടത് ഇളം നിറത്തിലുള്ള പുതിയ കിടക്കവിരിയാണ്.
"നാശം പിടിക്കാന്‍, ഇതാരാ ഇവിടെ വിരിച്ചത്?"
ഞാന്‍ ഇളം നിറത്തിലുള്ള കിടക്കവിരികളെ വെറുക്കുന്നു, അവ സ്വപ്നങ്ങളെ വിളിച്ചു വരുത്തുമത്രേ....
മരിച്ചു പോയവരൊക്കെ മൂന്നു കാലുള്ള പൂച്ചകളുടെ രൂപത്തില്‍ വരുമത്രേ....
തെക്കേ പറമ്പില്‍, കവുങ്ങ് വക്കാതെ ഇട്ടിരിക്കുന്ന സ്ഥലത്ത് അച്ഛന്‍ ഉണ്ടെന്നു പറഞ്ഞത് അമ്മയാണ്.
സ്വപ്നം കാണാതിരിക്കാന്‍ നാമം ജപിക്കാന്‍ പറഞ്ഞ അമ്മ.
രാത്രികളില്‍ മൂന്നു കാലുള്ള പൂച്ചകള്‍ നിത്യ സന്ദര്‍ശകര്‍ ആയപ്പോള്‍,
അമ്മയുടെ അടക്കിപ്പിടിച്ച കരച്ചിലുകള്‍ കേട്ടിരുന്നു; മഴവില്ലുകള്‍ മാഞ്ഞ മകളുടെ സ്വപ്നങ്ങളെ, അവര്‍ പേടിച്ചിരുന്നു...
കട്ടിലിനടിയില്‍ നിന്നും ഒരു മ്യാവൂ ശബ്ദം കേട്ടത് പോലെ.
"അതിനു ഞാന്‍ ഉറങ്ങുകയല്ലല്ലോ..."
പൂച്ചയുടെ കാലെണ്ണി നോക്കാന്‍ നിന്നില്ല, ഒറ്റ ഓട്ടമായിരുന്നു, താഴേക്ക്.
കോണിപ്പടികള്‍ ഓടിയിറങ്ങി വന്നപ്പോഴാണ് സോഫയില്‍ ഇരിക്കുന്ന അമ്മയെ കണ്ടത്.
അമ്മയുടെ മടിയില്‍ ഇരിക്കുന്ന കറുത്ത പൂച്ചയെയും....
"എന്താ കുട്ടീ, എന്ത് പറ്റി?"
അമ്മയുടെ ശബ്ദം നേര്‍ത്തിരുന്നു.
തന്റെ സ്വപ്നങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോയ വക്കു പൊട്ടിയ മഴവില്ലുകളെക്കാള്‍ വികൃതമായിരുന്നു അത്.
തെക്കേ പറമ്പിലെ കിണറ്റിന്റെ പൊത്തില്‍ നിന്നും കൂവുന്ന കൂമന്റെ ശബ്ദം പോലെ അത് അലയടിച്ചു.
"സ്വപ്നങ്ങളില്‍ വരുന്ന പൂച്ചകള്‍ ഒരു കാല്‍ എവിടെയാണ് മറന്നു വെച്ചത്?"
അതായിരുന്നു അവള്‍ക്കറിയേണ്ടിയിരുന്നത്.
നിലവിളികളില്‍ നിന്ന്, ഉറക്കം കാര്‍ന്നു തിന്നുന്ന സ്വപ്നങ്ങളിലേയ്ക്ക് അവള്‍ ഞെട്ടിയെഴുന്നേറ്റു.
സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു, സേലം എത്തിയിട്ടില്ല.
വഴിക്കെവിടെയോ വച്ച് സ്വയം കളഞ്ഞ് പോയെന്നു തോന്നി അവള്‍ക്ക്.
അമ്മ,
പൂച്ച,
കിടക്കവിരികള്‍....
സ്വപ്‌നങ്ങള്‍.....
കളഞ്ഞ് പോയതിന്റെ കണക്കെടുക്കാതെ, അവള്‍ പിന്നെയും നാമം ജപിച്ചു, കണ്ണടച്ചു കിടന്നു.
കൂമന്റെ കൂവലുകള്‍ നിലച്ചില്ല,
സ്വപ്നങ്ങളുടെ ആനത്താരയില്‍ തന്നെ അവള്‍ കിടന്നുറങ്ങി....
Labels: കഥ, വെറുതെ.....
.
.
.
.
.
.
തിരക്ക് പിടിച്ചൊരു പകലിന്റെ താഴെ വിരിച്ചു കിടക്കുമ്പോള്‍
വരാന്‍ വൈകുന്ന ഉറക്കത്തിന്റെ ഒഴിവുകഴിവായിരുന്നു പ്രണയം.
തട്ടമിട്ട തലയില്‍ തലോടിപ്പറഞ്ഞ,
നിന്നെ കെട്ടാന്‍ ഞാന്‍ കൊറേ കഷ്ട്ടപ്പെടെണ്ടി വരുമല്ലോ എന്ന വെറുംവാക്കിനു മറുപടിയായി,
പറത്തി വിട്ട തട്ടത്തെ നോക്കി
അത് വിവാഹ മംഗളാശംസകള്‍ നേര്‍ന്നുവെന്ന് പറഞ്ഞവള്‍
മടി പിടിച്ച ഉറക്കങ്ങളില്‍ എനിക്ക് കൂട്ടിരിക്കാന്‍ വന്നവളായിരുന്നു.....
നമുക്കൊരു വീട് വേണം, അവള്‍ പറഞ്ഞു.
അതെ, വലിയ ജാലകങ്ങളുള്ള ഒന്ന്,
എനിക്ക് നിന്റെ മടിയില്‍ തല വച്ച് ആകാശം നോക്കി കിടക്കണം, അവന്‍ കൂട്ടിച്ചേര്‍ത്തു.
നമുക്കിടയിലുള്ള വാതിലുകള്‍ ഒരിക്കലും അടയ്ക്കാത്തൊരു വീട്......
കാറ്റും, വെയിലും, നീയും, ഞാനും....
അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു......
ചുവപ്പിലും കറുപ്പിലും കലണ്ടര്‍ പറഞ്ഞ കഥകള്‍ കേട്ട്,
കുഞ്ഞിക്കാലുകള്‍ നടക്കാന്‍ പഠിച്ചു...
ഒച്ചയിട്ടു പായുന്ന ചുവന്ന ബസ്സുകളില്‍ നിന്നിറങ്ങി നടക്കുമ്പോഴും,
ഒപ്പം നടന്നവള്‍ക്ക് തലയില്‍ തട്ടമില്ലായിരുന്നു.
അവളുടെ കണ്ണുകളിലെ തിളക്കത്തിന്റെയും,
പൊട്ടിച്ചിരികളുടെയും കണക്കു ചോദിക്കാനും ആരുമില്ലായിരുന്നു.....
പത്രത്താളില്‍ പദപ്രശ്നങ്ങള്‍ തിരഞ്ഞവള്‍ പല വാര്‍ത്തകളും കണ്ടില്ലെന്നു നടിച്ചു.
തലങ്ങും വിലങ്ങുമെഴുതിയ വാക്കുകളിലായിരുന്നു അവളുടെ ചരിത്രമെഴുത്ത്.
പര്‍ദ്ദ ഉരിഞ്ഞു കളഞ്ഞ്,
ചരിത്രം കുഴിച്ചെടുക്കാന്‍ മണ്‍വെട്ടിയും കൊണ്ടൊരു കാഫറിന്റെ കൂടെ ഇറങ്ങിത്തിരിച്ചപ്പോള്‍ തന്നെ,
ആരൊക്കെയോ അവളുടെ പദപ്രശ്നത്തിന്റെ കളങ്ങളില്‍ പടവെട്ട് കളിച്ചു തുടങ്ങിയിരുന്നത്രെ....
ജീവിതത്തിലെ ഒഴിഞ്ഞു കിടന്ന കളങ്ങളില്‍ ചോരപ്പാടുകള്‍ വീഴ്ത്തിയിരുന്നത്.
പദപ്രശ്നത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു.
കനത്ത അറവാതിലുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന,
തൊപ്പി വച്ച ചോദ്യങ്ങള്‍....
ആ ചുവന്ന കളങ്ങളിലേക്ക് തുറക്കാന്‍ കൂട്ടാക്കാതെ നിന്ന വാതിലുകള്‍,
രാവില്‍ നിന്ന് ഒരക്കത്തെ ഒഴിച്ച് വിട്ടെങ്കിലും,
ചിതലുകള്‍ വരാന്‍ കാത്ത്, പുതച്ചു കിടക്കുമ്പോള്‍ അയാള്‍ സ്വയം ആശ്വസിച്ചു,
"വാതിലുകളില്ലാത്ത ലോകം" തന്റെ സ്വപ്നമായിരുന്നില്ലല്ലോ....
എങ്കിലും,
എന്നെങ്കിലും, പണ്ടവള്‍ പറത്തി വിട്ട തട്ടം കണ്ടു കിട്ടിയാല്‍,
ഒരു നുണ പറയാം,
എല്ലാ വാതിലുകളും, ഞാന്‍ തുറന്നിട്ടിരിക്കുന്നുവെന്ന്.....
ജീവിതം ചുവന്ന ബസ്സുകളില്‍ കയറി തിരക്കിട്ട് പായാന്‍ തുടങ്ങിയ ദിവസങ്ങളിലൊന്നിലാണയാള്‍
വഴിയില്‍ വീണു കിടന്ന കരിയിലകള്‍ക്ക് മുകളിലൂടെ നടന്നു വന്നത്.
ചിതലുകളുടെ സൌഖ്യമന്വേഷിക്കാന്‍.....
ജീവിതത്തിന്റെ പത്രത്താളില്‍ വലത്തേക്കും താഴെക്കുമുള്ള കളങ്ങള്‍ ഒഴിഞ്ഞു കിടന്നു.
മകളുടെ തട്ടമിടാത്ത തലയെ മറച്ചു പിടിച്ചുകൊണ്ടയാള്‍ തിരിച്ചു നടക്കുമ്പോഴും,
ചുവന്ന ബസ്സുകള്‍ തിരക്കിട്ട് പാഞ്ഞു.....
Labels: കഥ, വെറുതെ.....
കനത്ത വാതിലും ജനല്‍ക്കമ്പികളുമില്ലെങ്കിലും
അവള്‍ സ്വസ്ഥമായുറങ്ങി...
വിശപ്പ് മാറ്റാന്‍
വയര്‍ ഇരുട്ടില്‍ തപ്പുന്നതിനു മുന്‍പ് തന്നെ,
കൈമോശം വന്നിരുന്നു, വിലപ്പെട്ടതെല്ലാം...
വിപ്ലവം പൊട്ടിയൊലിച്ച രാത്രികളില്‍,
വെളുത്ത രേതസ്സിനെയും കറുത്ത മനസ്സിനെയുമേറ്റ്
ശരീരം വയ്യെന്ന് പറയുമ്പോഴും,
മൂടാതെ കിടന്ന നാളെയുടെ അഴുക്കു ചാലുകളില്‍,
അവള്‍ കണ്ടത്,
വക്കു പൊട്ടിയതെങ്കിലും തിളക്കുന്നൊരു കഞ്ഞിക്കലമായിരുന്നു.....
പാടത്തിനക്കരെ റോഡില്‍ ഒരു ജാഥ.
പൊരിവെയിലത്ത് ഒഴുകുന്ന ജനസേവനം.
ഖദറിന്റെയുള്ളില്‍ നടക്കുമ്പോഴും മറക്കാതെ തിരിഞ്ഞു നോക്കിയിരുന്നു ചിലര്‍.
തലേന്ന് സോഷ്യലിസം പഠിക്കാന്‍, തലയില്‍ മുണ്ടിട്ടു പോയ വഴിയിലേക്ക്....
അവള്‍ ഒരു ചെടിയായിരുന്നു.
കാലം തെറ്റിപ്പൂത്തൊരു പൂച്ചെടി!!!
നഷ്ടബോധത്തിന്റെ ഉച്ചകളില്‍,
മറന്നു പോയ വസന്തം തേടിപ്പോയവള്‍...
തേടി വന്ന മുഖങ്ങള്‍ക്കെല്ലാം
നിറങ്ങള്‍ രണ്ടായിരുന്നു.
രാത്രി, പകല്‍....
ഇരുട്ട് തിന്നുന്നവള്‍ക്ക് മെഴുകുതിരി വാങ്ങി വന്നവര്‍...
ആട്ടിന്‍തോലിനു പകരം മുല്ലപ്പൂ കൊണ്ട് ഉത്തരീയം തീര്‍ക്കുന്നവര്‍...
മറന്നു പോയ പകല്‍നേരങ്ങളായിരുന്നു അവളുടേത്.
കഴിഞ്ഞു പോയ രാവുകളെ മറക്കാന്‍ മറന്ന പകലുകള്‍.
വസന്തത്തിന്റെ പുലരികളില്‍
കറുത്ത ബീജങ്ങള്‍ മറയിട്ട വെളുത്ത പകലുകളില്‍,
ഇരുട്ടെത്താന്‍ മാത്രം മറന്നില്ല.
വേലിയ്കല്‍ നിന്ന തേവിടിശ്ശിപ്പൂ ചിരിക്കുന്നു,
വസന്തത്തിനും ഒരു പ്രലോഭനം...
ഇരുളിന്റെ വേലിപ്പത്തലില്‍ നമുക്കിണ ചേരാം.
റബ്ബര്‍ കൊണ്ട് മൂടാത്തൊരു രാവാഘോഷിക്കാം.
പുതിയ ഓര്‍മ്മകള്‍ പിണങ്ങി നില്‍ക്കും വരെ സ്നേഹം പങ്കു വെക്കാം...
വാടിയ മുല്ലപ്പൂക്കള്‍ക്ക് ഇന്നലെയുടെ, അഴുക്കുചാലുകളുടെ മണമാണ്.
വസന്തത്തിന്റെ വെപ്പാട്ടിമാര്‍.
തേവിടിശ്ശിപ്പൂക്കളുടെ ഋതു ഇവിടെ തുടങ്ങുന്നു.
അവളുടെ വസന്തങ്ങള്‍ ഇവിടെ പായവിരിക്കുന്നു...
വക്കു പൊട്ടി കരി പിടിച്ച ജീവിതത്തില്‍
കുറച്ചരിമണി വേവിക്കാന്‍.....
Labels: sad, story, കഥ, വെറുതെ.....
മനം മടുപ്പിക്കുന്ന ആശുപത്രി മുറിയുടെ അതെ ഗന്ധം.
കണ്ണുനീരും കറുത്തു പോയ മോഹങ്ങളും പെയ്തു പോയ ഇരുണ്ട, നീണ്ടൊരിടനാഴി.
ആ നിറം മങ്ങിയ ചുവരുകള്‍ക്കിടയില്‍,
നിന്നും ഇരുന്നും,
അവളൊഴിച്ച് എല്ലാവരും കാത്തിരുന്നത് ഒരേ ഒരു വാക്കു മാത്രമായിരുന്നു.
“മരിച്ചു...”
മങ്ങിയ ജനല്‍ച്ചില്ലുകള്‍, നരച്ച കര്‍ട്ടന്‍,
തൊട്ടപ്പുറത്ത് തിരിഞ്ഞു കിടന്നുറങ്ങുന്ന കാലഹരണപ്പെട്ട ഭാര്യ.
ഒരു കട്ടിലും പുതപ്പും അനുവദിയ്കുന്നത്രയും അകന്നു കഴിയുന്ന രണ്ടു ജീവിതങ്ങള്‍....
ഒളിഞ്ഞു നോക്കുന്നവര്‍ കണ്ടതതുമാത്രമായിരുന്നു.
എല്ലാം കഴിഞ്ഞു, എങ്കിലും
അവളുടെ മുഖത്തുള്ള നിശബ്ധതക്ക് ഇരുട്ടിന്റെ ഗന്ധമാണിപ്പോഴും.....
കുറെ ബില്ലുകളും, കൂട്ടത്തില്‍ വെള്ളത്തുണിയില്‍ ഭംഗിയായി പൊതിഞ്ഞ ഒരു സമ്മാനപ്പൊതിയും.
നാഥനുണ്ടായ നാളുകളുടെ വിവാഹ സമ്മാനം....
ജനാലയ്കപ്പുറം,
റോഡില്‍ നിറയെ വാഹനങ്ങള്‍,
വല്ലാത്ത ശബ്ദം.
അവയോടുള്ള വെറുപ്പും അയാളെഴുതിയത് അവളുടെ കണക്കിലായിരുന്നു.
ഓര്‍ക്കാന്‍ കഴിയുന്ന എല്ലാ കാരണങ്ങളുടെയും വെറുപ്പുസഞ്ചി അയാളവളെ ഏല്‍പ്പിച്ചിരുന്നു...
ഒന്നിച്ചിരുന്നു കത്തിച്ചു തീ കായാന്‍....
"ഒരു കണക്കില്‍ പറഞ്ഞാല്‍ നന്നായി....
അധികം കിടക്കാതെ അങ്ങ് പോയല്ലോ"
"അല്ലെങ്കിലും അവര്‍ തമ്മില്‍ അത്ര ചേര്‍ചയില്‍ ഒന്നുമായിരുന്നില്ല"
മറ്റെന്തും പോലെ തന്നെ, നാട്ടുകാര്‍ ഇതും ഏറ്റെടുത്തിരിക്കുന്നു.
അതെ, ഒക്കെ ശരിയാണ്....
നിങ്ങള്‍ക്കിതും മറ്റൊരു തമാശ മാത്രം....
കുറച്ചു നേരം കഴിഞ്ഞു ചിരിച്ചു തുപ്പിക്കളയാനുള്ള വക....
അവള്‍ക്കോ?
മരണത്തിനിപ്പോള്‍ രംഗബോധം കൈവന്നിരിക്കുന്നു.
ഒരു നല്ല കോമാളിയുടെ വേഷം അത് നന്നായാടി തീര്‍ത്തിരിക്കുന്നു...
പാവം, അതറിഞ്ഞിരിക്കില്ല,
കംബിളിപ്പുതപ്പിന്റെ ഇഴകളെക്കാള്‍ അടുത്താണ് അവരുടെ മനസ്സുകള്‍ ഉറങ്ങിയതെന്ന്,
രാത്രിയുടെ അപ്പത്തില്‍ വെറുപ്പ് ഭാണ്ടത്തിന്റെ ചൂടിനൊപ്പം സ്നേഹത്തിന്റെ തേന്‍ പുരണ്ടിരുന്നെന്ന്.....
പെയ്യുകയാണ് ഓര്‍മ്മയുടെ തുള്ളികള്‍
കറുത്ത മനസ്സിന്റെ ദാഹം ചുവന്ന മണ്ണിലേക്കെടുക്കുംപോള്‍.
നനഞ്ഞും അലിഞ്ഞും, കരഞ്ഞും ......
മറക്കുകയാണ് മഴയുടെ സംഗീതത്തെ; നിന്നെയും
ഉറക്കം വരാതെ,
മഴയുടെ താരാട്ട് കേട്ടു കിടന്ന രാത്രികള്‍.
വേനലില്‍,
നിന്റെ മഴക്കാറുകളെ സ്വപ്നം കണ്ടുറങ്ങിയ രാത്രികള്‍.
മഴ പെയ്യുകയായിരുന്നു;
മാനത്തും,
മറഞ്ഞു പോകാത്തൊരു ചിത്രം പോലെ
മനസ്സിലും.....
ഒരു സ്വപ്നമായിരുന്നു നീ.
ദൂരെ താഴ്വരകളില്‍,
മഞ്ഞിന്റെ പുതപ്പണിഞ്ഞു പെയ്യുന്ന മഴ പോലെ.....
അറിഞ്ഞിരുന്നില്ല ഒരു വേനലില്‍,
ഇറ വെള്ളം പോയത് പോലെ,
നീയും ഒലിച്ചു പോകുമെന്ന്.....
മനസ്സിന്റെ ആകാശത്തു മോഹങ്ങളുടെ
മഴക്കാറുകളെ നല്‍കി,
ഒടുവില്‍
ഓര്‍മിക്കാന്‍ ഇത്തിരി തണുപ്പും
പ്രതീക്ഷക്ക് ഒരു പുതിയ വേനലും നേര്‍ന്നു കൊണ്ട്
പെയ്യാതെ ദൂരെ മറയുമ്പോള്‍.......
ഇപ്പോള്‍, അറിയുന്നു; നീ മഴയായിരുന്നു.
ഒരുപാടു ദൂരെനിന്നു വന്ന്‍ ,
ഒരിത്തിരി നേരം കൊണ്ട്,
ഒരു കടലാകുന്ന മഴ .
മറക്കാന്‍ ശ്രമിച്ചിട്ടും,
എന്റെ മനസ്സിനെ നനച്ചുകൊണ്ടിരിക്കുന്ന മഴ .
Labels: sad, കവിത, വെറുതെ.....