ഒന്ന് - ഭൂമി
നമ്മൾ ഇനി എന്തു ചെയ്യും? അവൻ ചോദിച്ചു.
നമ്മൾ ഇനി ഒന്നും ചെയ്യില്ല; നമ്മൾ ഇനി ഇല്ല, അവൾ പറഞ്ഞു. പ്രണയത്തിന്റെ ഗന്ധം അവളിൽ നിന്നും ഒരു രാവ് ഉരിച്ചിട്ട മുഷിഞ്ഞ  ഉടുപുടവകൾ പോലെ ഒഴുകിയകന്നു. ഒരു നദീതീരത്തു വച്ചാണ് വൈശാഖൻ ഭൂമിയുമായി പ്രണയത്തിലാകുന്നത്. ആ നദി അവരെക്കടന്നു പോയെന്നവൾ പറഞ്ഞു. ഒരു ജലപ്രവാഹം പോലെ, പുണർന്നു കിടന്ന അവരിരുവരെയും താണ്ടി ഒരു പ്രണയം ഒഴുകിയകന്നുപോയി. പരിചയപ്പെട്ട നാൾ മുതൽ ഇതുവരെയും പിൻതുടർന്ന ആ തീഷ്ണ ഗന്ധത്തിൽ നിന്നും, അവൾ സ്വയം പുറത്തേക്കൊഴുകിയിരുന്നു


രണ്ട് -നദി
ഒരു നഗരമധ്യത്തിൽ മൃഗതൃഷ്ണ വരച്ചിട്ടൊരു ചിത്രമായിരുന്നു പുറമേക്ക് ശാന്തമെങ്കിലും, ഉള്ളിൽ ചുഴികൾ ഒളിപ്പിച്ചുവച്ച ആ പെണ്‍കുട്ടി. വൈശാഖന് ഒരിക്കലും തിരിച്ചറിയാൻ കഴിയാതിരുന്നൊരു ഗന്ധം; ഒരിക്കലും അറിയാൻ കഴിയാതിരുന്നൊരു പ്രണയം. മഴപ്പോരുകളിൽ ഒരിക്കലും ഉണങ്ങാനിടയില്ലാത്തവിധം അവൾ വൈശാഖന്റെ വസ്ത്രങ്ങളെ നനച്ചു കളഞ്ഞു. വരൾച്ചയുടെ നാളുകളിൽ ജലം അദൃശ്യമായി. പോകെപ്പോകെ, ഭൂമി ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെട്ടുകൊണ്ടിരുന്നു.
വെയിൽ കൊണ്ട് വിണ്ടു കീറിയൊരു വയൽപ്പാടിൽ ഇനിയൊരിക്കലും ജലമൊഴുകാത്ത വണ്ണം ഒരു രാത്രി വൈശാഖനെ മണ്ണെടുത്തു. അത് മഴയിൽ കുതിർന്ന മണ്ണിന്റെ; ഭൂമിയുടെ തന്നെ ഗന്ധമായിരുന്നു.

മൂന്ന് - മുകിൽ
മുകിൽ ഒരിക്കലും ആ ഗന്ധം പേറിയില്ല. അത് പ്രണയമല്ലായിരുന്നു.
കുടിച്ചു തീർത്ത മദ്യക്കുപ്പികളിൽ മിന്നാമിനുങ്ങുകളെ വരച്ചിട്ട്, പെയ്തു, പെയ്തുവെന്ന് കണ്ടിരിക്കേ മഴപ്പാറ്റകൾ മാത്രമെന്ന് ചൊല്ലി, ഒരു വിളക്കിന്നരികിൽ ചിറകു കരിഞ്ഞ് കിടന്ന കിടപ്പുകളിൽ മുകിൽ ഏറെ ദൂരെയായിരുന്നു. അത് മഴക്കാലമല്ലായിരുന്നു.

നാല്
മൂക്ക് പണയം വെച്ചിരിക്കുന്നു.

Older Posts